റെയ്ല്‍ നീര്‍ വിപുലീകരണം; 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ഇന്ത്യന്‍ റെയ്ല്‍വേ

റെയ്ല്‍ നീര്‍ വിപുലീകരണം;  1000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ഇന്ത്യന്‍ റെയ്ല്‍വേ

 

ഒരു വര്‍ഷത്തിനുള്ളില്‍ റെയ്ല്‍ നീരില്‍ നിന്നുള്ള വരുമാനം 500 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വേയുടെ സ്വന്തം കുടിവെള്ള ബ്രാന്‍ഡായ ‘റെയ്ല്‍ നീരി’ന്റെ വിപുലീകരണത്തിനായി ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ റെയ്ല്‍വേ പദ്ധതിയിടുന്നു. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥാപിച്ചുകൊണ്ട് ബ്രാന്‍ഡിന്റെ ശേഷി ഇരട്ടിയിലധികം വര്‍ധിപ്പിക്കാനാണ് ഇന്ത്യന്‍ റെയ്ല്‍വേ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ റെയ്ല്‍വേയുടെ അനുബന്ധ സ്ഥാപനമായ ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനു (ഐആര്‍സിടിസി) കീഴിലാണ് റെയ്ല്‍ നീര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം സജ്ജമാക്കാന്‍ ശേഷിയുള്ള ഏഴ് പ്ലാന്റുകളാണ് റെയ്ല്‍ നീരിനു കീഴില്‍ ഇപ്പോഴുള്ളത്. ആയിരം കോടി രൂപയുടെ നിക്ഷേപത്തിലൂടെ രാജ്യത്തുടനീളം 11 റെയ്ല്‍ നീര്‍ യൂണിറ്റുകള്‍ കൂടി സ്ഥാപിക്കാനാണ് റെയ്ല്‍വേയുടെ നീക്കം. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുക.
11 യൂണിറ്റുകള്‍ കൂടി തുറക്കുന്നതോടെ നിലവിലുള്ള ആവശ്യകതയുടെ (പ്രതിദിനം 16 ലക്ഷം ലിറ്റര്‍) ഏകദേശം 85 ശതമാനവും നിറവേറ്റാന്‍ ബ്രാന്‍ഡിന് സാധിക്കുമെന്ന് കേന്ദ്ര റെയ്ല്‍ മന്ത്രാലയത്തില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്ത്യന്‍ റെയ്ല്‍വേ കേന്ദ്രീകരിച്ച് 600 കോടി കുപ്പിവെള്ളത്തിന്റെ വാര്‍ഷിക ആവശ്യകതയാണുള്ളത്. കുപ്പിവെള്ളത്തിന്റെ ആവശ്യകത പ്രതിവര്‍ഷം പത്ത് ശതമാനത്തിലധികം വര്‍ധിക്കുന്നുണ്ടെന്നും റെയ്ല്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
കോട്ട, വിശാഖപട്ടണം, ഭുവനേശ്വര്‍, റാഞ്ചി, നാന്‍ഗല്‍, വിജയവാഡ, ഗുവാഹത്തി, ഭോപ്പാള്‍, അഹ്മദാബാദ്, ജബല്‍പ്പൂര്‍, ഭുസവല്‍ എന്നിവിടങ്ങളിലാണ് പുതുതായി റെയ്ല്‍ നീര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഇതിനായുള്ള ടെന്‍ഡര്‍ ഈ വര്‍ഷം അവസാനത്തോടെ നല്‍കും. പദ്ധതി നടപ്പാക്കുന്നതിനായി സ്വന്തം നിലയിലോ സംസ്ഥാന സര്‍ക്കാരുകളുമായുള്ള ധാരണാപത്രം വഴിയോ ആയിരിക്കും ഭൂമി നല്‍കുക. ഉയര്‍ന്ന ലാഭം നേടാന്‍ ശേഷിയുള്ള ബ്രാന്‍ഡ് ആണ് റെയ്ല്‍ നീര്‍. എന്നാല്‍ ബ്രാന്‍ഡിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ബ്രാന്‍ഡിന്റെ സാധ്യതകള്‍ ഐആര്‍സിടിസി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റെയ്ല്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ 7,000 റെയ്ല്‍വേ സ്‌റ്റേഷനുകളിലും ആയിരത്തിലധികം ട്രെയ്‌നുകളിലും റെയ്ല്‍ നീര്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്. റെയ്ല്‍ നീര്‍ ലഭ്യമല്ലെങ്കില്‍ മാത്രമെ മറ്റ് ബ്രാന്‍ഡുകളിലുള്ള കുപ്പിവെള്ളം വില്‍ക്കാവു എന്നാണ് റെയ്ല്‍വേ കച്ചവടക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. 2017-2018 സാമ്പത്തിക വര്‍ഷം ഐആര്‍സിടിസിയുടെ മൊത്തം വരുമാനത്തില്‍ ഏകദേശം 170 കോടി രൂപയാണ് (11%) റെയ്ല്‍ നീര്‍ സംഭാവന ചെയ്തിട്ടുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ റെയ്ല്‍ നീരില്‍ നിന്നുള്ള വരുമാനം 500 കോടി രൂപയിലെത്തുമെന്നാണ് ഇന്ത്യന്‍ റെയല്‍വേ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Railneer, railway