കിയ എസ്പി കണ്‍സെപ്റ്റിന് ട്രേസര്‍ എന്ന പേര് നല്‍കിയേക്കും

കിയ എസ്പി കണ്‍സെപ്റ്റിന് ട്രേസര്‍ എന്ന പേര് നല്‍കിയേക്കും

എസ്‌യുവിയുടെ പ്രൊഡക്ഷന്‍ മോഡലിന് ട്രേസര്‍ എന്ന് നാമകരണം ചെയ്യാന്‍ സാധ്യത

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന വാഹനമാണ് എസ്പി കണ്‍സെപ്റ്റ് എസ്‌യുവി. എസ്പി കണ്‍സെപ്റ്റ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അണിനിരത്തി ഈ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കിയ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. എസ്പി കണ്‍സെപ്റ്റ് എസ്‌യുവിയുടെ പ്രൊഡക്ഷന്‍ മോഡലിന് ട്രേസര്‍ എന്ന് നാമകരണം ചെയ്യാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. എസ്‌യുവി അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

എസ്പി കണ്‍സെപ്റ്റ് എസ്‌യുവിക്ക് പേര് നിര്‍ദ്ദേശിക്കുന്നതിനായി ഇന്ത്യക്കാര്‍ക്കിടയില്‍ വെബ് പോള്‍ തുടങ്ങിയിരിക്കുകയാണ് കിയ മോട്ടോഴ്‌സ്. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ട്രേസര്‍ നെയിംപ്ലേറ്റാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ട്രേസര്‍ എന്ന പേര് കൂടാതെ ടസ്‌കര്‍, എസ്പി-ഇസഡ്, ട്രെയ്ല്‍സ്റ്റെര്‍ എന്നീ പേരുകളും ഓപ്ഷനുകളായി കിയ മോട്ടോഴ്‌സ് നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച്, ആകെ വോട്ടുകളില്‍ 63 ശതമാനം ട്രേസര്‍ എന്ന പേരിന് ലഭിച്ചു. ടസ്‌കറിന് 23 ശതമാനവും എസ്പി-ഇസഡ് എന്ന പേരിന് 10 ശതമാനവും ട്രെയ്ല്‍സ്റ്റെറിന് 3.6 ശതമാനവുമാണ് ലഭിച്ച വോട്ട്.

കിയ മോട്ടോഴ്‌സ് ഇന്ത്യക്കാര്‍ക്കിടയില്‍ ആരംഭിച്ച വെബ് സര്‍വ്വെയില്‍ ഇതുവരെ 63 ശതമാനം പേരാണ് ട്രേസര്‍ എന്ന പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്

കിയ മോട്ടോഴ്‌സിന്റെ ആന്ധ്ര പ്ലാന്റില്‍ 2019 പകുതിയോടെ എസ്‌യുവിയുടെ ഉല്‍പ്പാദനം ആരംഭിക്കും. 1.1 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ വാഹനമാണ് എസ്പി കണ്‍സെപ്റ്റ് എസ്‌യുവി. 2019 രണ്ടാം പകുതിയില്‍ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് നാല് മോഡലുകള്‍ കൂടി കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ പുറത്തിറക്കും. ഹ്യുണ്ടായ് കാര്‍ലിനോ കോംപാക്റ്റ് എസ്‌യുവിയുടെ മെക്കാനിക്കല്‍ അണ്ടര്‍പിന്നിംഗ്‌സുമായി നാല് മീറ്ററില്‍ കുറവ് നീളം വരുന്ന സബ്‌കോംപാക്റ്റ് എസ്‌യുവി ആയിരിക്കും ഇവയിലൊന്ന്. സ്റ്റോണിക് ക്രോസ്ഓവര്‍, ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി എന്നീ വാഹനങ്ങളും ഇന്ത്യന്‍ വിപണിയിലേക്കായി കിയ പരിഗണിക്കുന്നു.

Comments

comments

Categories: Auto