യൂറോപ്യന്‍ പാര്‍ലമെന്റിലെ ‘വിചാരണ’: ചോദ്യങ്ങളില്‍നിന്നും സുക്കര്‍ബെര്‍ഗ് ഒഴിഞ്ഞു മാറിയെന്ന് റിപ്പോര്‍ട്ട്

യൂറോപ്യന്‍ പാര്‍ലമെന്റിലെ ‘വിചാരണ’: ചോദ്യങ്ങളില്‍നിന്നും സുക്കര്‍ബെര്‍ഗ് ഒഴിഞ്ഞു മാറിയെന്ന് റിപ്പോര്‍ട്ട്

ബ്രെസല്‍സ്: ഡാറ്റ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നു യൂറോപ്യന്‍ പാര്‍ലമെന്റില്‍ ‘വിചാരണ’ നേരിടാനെത്തിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് പാര്‍ലമെന്റംഗങ്ങളുടെ ചോദ്യങ്ങളില്‍നിന്നും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതായി വിമര്‍ശനം.
ഓരോ പാര്‍ലമെന്റംഗത്തിന്റെയും ചോദ്യത്തിന് ഉത്തരം നല്‍കേണ്ട വിധമായിരുന്നു വിചാരണ നടപടികള്‍ സജ്ജീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍, സുക്കര്‍ബെര്‍ഗിനു ബോധിച്ച രീതിയില്‍ മറുപടി പറയാന്‍ സാധിക്കും വിധമുള്ളതായിരുന്നു ചോദ്യങ്ങളെന്നു യുകെ പാര്‍ലമെന്റ് ഡിജിറ്റല്‍ കള്‍ച്ചര്‍ മീഡിയ ആന്‍ഡ് സ്‌പോര്‍ട്ട് കമ്മിറ്റി അധ്യക്ഷന്‍ ഡാമിയന്‍ കോളിന്‍സ് പറഞ്ഞു.
കഴിഞ്ഞ മാസം യുഎസ് കോണ്‍ഗ്രസില്‍ സുക്കര്‍ബെര്‍ഗ് ‘വിചാരണ’ നേരിട്ടിരുന്നു. അന്ന് ചോദ്യം ചോദിച്ച രീതി വളരെ വ്യത്യസ്തമായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ചോദ്യങ്ങളും ഉത്തരങ്ങളും ചോദിച്ചും നല്‍കി കൊണ്ടും, വളരെ വിശദമായിട്ടാണു സുക്കര്‍ബെര്‍ഗിന്റെ ‘വിചാരണ’ നടന്നത്. പക്ഷേ, യൂറോപ്യന്‍ പാര്‍ലമെന്റില്‍ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. അവിടെ ഓരോ എംപിയും വെവ്വേറെ ചോദ്യങ്ങള്‍ ചോദിച്ചു. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ സുക്കര്‍ബെര്‍ഗ് കാത്തിരിക്കുകയും ചെയ്തു. നേരിട്ട അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സുക്കര്‍ബെര്‍ഗ് 22 മിനിറ്റാണ് എടുത്തത്. ഇഷ്ടപ്പെട്ട, ബോധിച്ച ചോദ്യങ്ങള്‍ക്കു മാത്രമാണ് അദ്ദേഹം മറുപടി പറഞ്ഞതും.
ഫേസ്ബുക്ക് കുത്തകയാണോ, വാട്‌സ് ആപ്പ് വിഭാഗത്തില്‍നിന്നുള്ള ഡാറ്റ എങ്ങനെ ഉപയോഗിക്കാനാണു തീരുമാനിച്ചിരിക്കുന്നത് ? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സുക്കര്‍ബെര്‍ഗ് മറുപടി നല്‍കിയില്ല. ഡിജിറ്റല്‍ രാക്ഷസരൂപിയെ(digital monster) സൃഷ്ടിച്ച പ്രതിഭാശാലിയെന്ന് ഓര്‍മിക്കപ്പടാനാണോ താങ്കള്‍ ആഗ്രഹിക്കുന്നതെന്നു യൂറോപ്യന്‍ പാര്‍ലമെന്റംഗമായ ഗയ് വെര്‍ഹോഫ്സ്റ്റാഡ്, സുക്കര്‍ബെര്‍ഗിനോട് ചോദിച്ചു. അതിനും സുക്കര്‍ബെര്‍ഗ് മറുപടിയൊന്നും നല്‍കിയില്ല.

Comments

comments

Categories: Tech
Tags: zuckerberg