കോര്‍പ്പറേറ്റ് കമ്പനികള്‍ 83,000 കോടി രൂപയോളം കുടിശിക തിരിച്ചടച്ചെന്ന് കോര്‍പ്പറേറ്റ് മന്ത്രാലയം

കോര്‍പ്പറേറ്റ്  കമ്പനികള്‍ 83,000 കോടി രൂപയോളം കുടിശിക തിരിച്ചടച്ചെന്ന് കോര്‍പ്പറേറ്റ് മന്ത്രാലയം

 

നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലാണ് പാപ്പരത്ത നിയമത്തിന് കീഴില്‍ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ പാപ്പരത്ത നിയമത്തിനു കീഴില്‍ പ്രമോട്ടര്‍മാര്‍ക്ക് കമ്പനികള്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ വായ്പാ വീഴ്ച വരുത്തിയ പല കമ്പനികളും കുടിശിക തിരിച്ചടച്ചതായി റിപ്പോര്‍ട്ട്. 2100 ലധികം കമ്പനികള്‍ പാപ്പരത്ത നിയമത്തിന് കീഴില്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പണം തിരിച്ചടച്ചെന്ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. ഏകദേശം 83,000 കോടി രൂപയോളമാണ് കമ്പനികള്‍ തിരിച്ചടച്ചത്.
കഴിഞ്ഞ വര്‍ഷമാണ് പാപ്പരത്ത നിയമ ഭേദഗതിക്ക് മന്ത്രിസഭ അനുമതി നല്‍കിയത്. ലേലത്തിന് വേണ്ടി നിഷ്‌ക്രിയാസ്തികളായി തരംതിരിച്ചതിന് ശേഷവും പ്രമോട്ടര്‍മാര്‍ കമ്പനി നിയന്ത്രണം ഏറ്റെടുക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഭേദഗതി പാപ്പരത്ത നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്നിരുന്നു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലാണ് പാപ്പരത്ത നിയമത്തിന് കീഴില്‍ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. തിരിച്ചടയ്ക്കാനുള്ള തവണകളോ പലിശയോ 90 ദിവസത്തിനു മുകളില്‍ കുടിശികയായാല്‍ ആ വായ്പയെ നിഷ്‌ക്രിയാസ്തി (എന്‍പിഎ)യായി കണക്കാക്കാക്കും. കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് മേഖലയില്‍ നടപ്പിലാക്കിയ ഏറ്റവും വലിയ പരിഷ്‌കരണമായാണ് പാപ്പരത്ത നിയമത്തെ കാണുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയെന്നു കണ്ടെത്തുന്ന കമ്പനി ഉടമകള്‍ക്ക്, ബാങ്കുകള്‍ ആ കമ്പനി ലേലം ചെയ്യുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഒട്ടേറെ പ്രമുഖ ബിസിനസുകള്‍ക്ക് ഇത് തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാട്ടി ഈ ഭേദഗതിക്കെതിരെ കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം കുടിശികകള്‍ തീര്‍ക്കുകയാണെങ്കില്‍ പ്രമോട്ടര്‍മാര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.
വായ്പാ വീഴ്ച വരുത്തിയവര്‍ക്ക് മേല്‍ അവ തിരിച്ചടയ്ക്കാനുള്ള സമ്മര്‍ദം ചെലുത്താന്‍ സാധിച്ചത് യഥാര്‍ത്ഥ വിജയമാണെന്നും പാപ്പരത്ത നിയമം മൂലം വായ്പാ സംസ്‌കാരം തന്നെ മാറിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Business & Economy