മികച്ച പ്രകടനം; ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ അറ്റാദായത്തില്‍ 189 ശതമാനം വര്‍ധന

മികച്ച പ്രകടനം; ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ അറ്റാദായത്തില്‍ 189 ശതമാനം വര്‍ധന

 

അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 189 ശതമാനം വര്‍ധിച്ച് 281.68 കോടി രൂപയിലെത്തി

കൊച്ചി/ദുബായ്: പ്രമുഖ പ്രവാസി സംരംഭകന്‍ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 189 ശതമാനം വര്‍ധിച്ച് 281.68 കോടി രൂപയിലെത്തി. 2017 സാമ്പത്തിക വര്‍ഷം 97.53 കോടി രൂപയുടെ അറ്റാദായമായിരുന്നു കൈവരിച്ചിരുന്നത്.

നിക്ഷേപവും ധനസഹായവും ഒഴിച്ചുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 5,962.95 കോടി രൂപയെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവോടെ 6,759.66 കോടി രൂപയിലെത്തിയതായും 2018 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

1987 ല്‍ ദുബായില്‍ ഒരു ക്ലിനിക്കുമായി തുടക്കം കുറിച്ച ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഇന്നു ലോകത്തെ ഒന്‍പതു രാജ്യങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ച ബിസിനസ് ശൃംഖലയായി വളര്‍ന്നുകഴിഞ്ഞു

പ്രതി ഓഹരി വരുമാനം 2.19 രൂപയില്‍ നിന്ന് 162 ശതമാനം വര്‍ധിച്ച് 5.74 രൂപയിലും എത്തിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഇന്ത്യയിലെ വളര്‍ന്നു വരുന്ന ആരോഗ്യ സേവന സംരംഭങ്ങളില്‍ മുന്‍നിരയിലുണ്ട്. 30 വര്‍ഷമായി സമഗ്ര ആരോഗ്യ സേവന രംഗത്തുള്ള കമ്പനിക്ക് ഒന്‍പതു രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

19 ആശുപത്രികള്‍, 101 ക്ലിനിക്കുകള്‍, 200 ഫാര്‍മസികള്‍ എന്നിവയിലൂടെയാണ് ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ നല്‍കി വരുന്നത്. ആഗോള വ്യാപകമായി 17,335 ജീവനക്കാരും കമ്പനിക്കുണ്ട്.

1987 ല്‍ ദുബായില്‍ ഒരു ക്ലിനിക്കുമായി തുടക്കം കുറിച്ച ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഇന്നു ലോകത്തെ ഒന്‍പതു രാജ്യങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണെന്ന്് ഇതേക്കുറിച്ചു പ്രതികരിക്കവെ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി.

ഗുണമേന്മമയുള്ള ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ താങ്ങാനാവുന്ന ചെലവില്‍ ലഭ്യമാക്കുക എന്ന തങ്ങളുടെ ലക്ഷ്യമാണ് മൂന്നു പതിറ്റാണ്ടായി മുന്നിലുള്ളത്. 2018 ഫെബ്രുവരിയില്‍ ലിസ്റ്റ് ചെയ്ത ശേഷമുള്ള ആദ്യ പ്രവര്‍ത്തന ഫലം അവതരിപ്പിക്കാന്‍ ഏറെ ആഹ്ലാദമുണ്ട്. ഈ വര്‍ഷത്തേക്കായി 13 ശതമാനം വളര്‍ച്ചയാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ കൈവരിച്ചിട്ടുള്ളത്. ഇതിനു പുറമെ 2018 സാമ്പത്തിക വര്‍ഷം അറ്റാദായത്തില്‍ 189 ശതമാനം വളര്‍ച്ചയും കൈവരിക്കാനായിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.

രോഗികളുടെ സംരക്ഷണത്തില്‍ മികച്ച നിലവാരം സൂക്ഷിച്ചു കൊണ്ട് ലാഭകരമായ ബിസിനസ് വളര്‍ച്ച മുന്നോട്ടുകൊണ്ടു പോകുവാനുള്ള തങ്ങളുടെ മുന്‍ഗണനകളാണ് ഇതിലൂടെ തെളിയുന്നതെന്നും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Categories: Branding