കാടിന്റെ മക്കള്‍ ഓണ്‍ലൈന്‍ കെണിയില്‍

കാടിന്റെ മക്കള്‍ ഓണ്‍ലൈന്‍ കെണിയില്‍

വന്യമൃഗങ്ങള്‍ അപകടഭീഷണിയില്‍

 

 

  • അനധികൃത വില്‍പ്പന വന്യജീവികളുടെ വംശനാശത്തിന് കാരണമാകുന്നു

വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന യൂറോപ്പില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പുള്ളിപ്പുലി, ഒറാംഗുട്ടാനുകള്‍, ധ്രുവകരടികള്‍, പാമ്പുകള്‍, പക്ഷികള്‍ എന്നിവയെയാണ് അനധികൃതമായി വില്‍ക്കുന്നത്. വളര്‍ത്താന്‍ വേണ്ടി വില്‍ക്കുകയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പല്ല്, തുകല്‍, തൂവല്‍ എന്നിവയ്ക്കു വേണ്ടിയാണ് ഇവയെ വാങ്ങുന്നതെന്ന നിഗമനത്തിലാണ് വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍. മൃഗക്ഷേമത്തിനുള്ള രാജ്യാന്തര നിധി (ഐഎഫ്എഡബ്ല്യു) എന്ന സംഘടന നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ കണ്ടെത്തിയത്.

ബ്രിട്ടണ്‍, ജര്‍മനി, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളിലെ 100 കേന്ദ്രങ്ങളാണ് ഇതിനായി വിപണി തുറന്നിട്ടിരിക്കുന്നത്. ഇവര്‍ നല്‍കിയ അയ്യായിരത്തോളം പരസ്യങ്ങളുടെ ചുവടു പടിച്ചു നടത്തിയ അന്വേഷണത്തില്‍ 12,000 ഇനങ്ങളിലുള്ള മൃഗജന്യ ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇവയ്‌ക്കെല്ലാത്തിനുമായി നാലു മില്യണ്‍ ഡോളര്‍ മൂല്യം വരുമെന്നും ഐഎഫ്എഡബ്ല്യു പറയുന്നു. വംശനാശഭീഷണി നേരിടുന്നതിനാല്‍ സംരക്ഷിത പട്ടികയില്‍പ്പെടുന്ന ജീവിവര്‍ഗങ്ങളില്‍പ്പെട്ടവയാണ് ഇവയോരോന്നും. ആഗോളതലത്തില്‍ ഇവയുടെ വേട്ടയാടലും വില്‍പ്പനയും നിയമംമൂലം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിരിക്കുകയാണ്.

വന്യജീവികളുടെ ഓണ്‍ലൈന്‍വില്‍പ്പന ഇല്ലാതാക്കാന്‍ വന്യജീവി സംരക്ഷണ സംഘങ്ങള്‍ഇ- ബേ, ഗംട്രീ, പ്രിലവ്ഡ് തുടങ്ങിയ പ്രമുഖ വില്‍പ്പന വെബ്‌സൈറ്റുകളുമായി യോജിച്ചു പ്രവര്‍ത്തിച്ചു വരുകയാണ്. 2014-ലെ ഐഎഫ്എഡബ്ല്യു റിപ്പോര്‍ട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെച്ചപ്പെട്ട ഫലങ്ങളാണ് സര്‍വേ നല്‍കുന്നത്. മാര്‍ച്ച് 21-ന് ഗൂഗിള്‍, ഇ- ബേ, എറ്റ്‌സി, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ടെക് ഭീമന്മാര്‍ വന്യജീവി കള്ളക്കടത്തിനെതിരേയുള്ള ഓണ്‍ലൈന്‍ ആഗോള കൂട്ടായ്മയില്‍ പങ്കാളികളായി. 2020 ആകുമ്പോഴേക്കും ഇവയുടെ കള്ളക്കടത്ത് 80 ശതമാനം കുറയ്ക്കാന്‍ കമ്പനികള്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്.

വന്യജീവികളുടെ വ്യാപാരത്തിലേക്കുള്ള വഴികള്‍ തടസപ്പെടുത്താനും അങ്ങനെ അനധികൃതവ്യാപാരം തന്നെ തകര്‍ക്കാനും നടപടികള്‍ സ്വീകരിക്കുന്നുവെന്നത് സുപ്രധാനമാണെന്ന് ഐഎഫ്എഡബ്ല്യുവിന്റെ ടാനിയ മക്ക്രിയ സ്റ്റീല്‍ പറയുന്നു. പക്ഷേ, ഇപ്പോഴും വ്യാപാരം വലിയ തോതില്‍ നടക്കുന്നുവെന്നതാണു വാസ്തവം. പരസ്യങ്ങളില്‍ 20 ശതമാനവും ദന്തങ്ങള്‍ വാഗ്ദാനം ചെയ്യുന്നവയായിരുന്നു. ബ്രിട്ടണിലും ഫ്രാന്‍സിലും ഇവയുടെ കടത്ത് കുറഞ്ഞപ്പോള്‍ ജര്‍മനിയില്‍ കൂടുകയുണ്ടായി. കള്ളക്കടത്തിനു മറയിടാന്‍ ഇവിടത്തെ വ്യാപാരികള്‍ പുതിയ കോഡുകള്‍ വികസിപ്പിച്ചെടുത്തു. ബ്രിട്ടണ്‍ വന്യജീവികളുടെ ആനക്കൊമ്പ് വില്‍പ്പന കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും ഈ വിഷയത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കനത്ത സമ്മര്‍ദ്ദം നേരിടുന്നു.

പാമ്പുകളും മറ്റ് ഇഴജന്തുക്കളുമാണ് വന്യജീവി കള്ളക്കടത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിഭാഗം. 37 ശതമാനമാണ് ഇവയുടെ പങ്ക്. കടലാമള്‍ക്കും നക്ഷത്ര ആമകള്‍ക്കുമാണ് ഏറ്റവും ആവശ്യക്കാരുള്ളത്. വംശനാശം സംഭവിച്ച പക്ഷികളാണ് അടുത്തത്. 31 ശതമാനമാണ് ഇവയുടെ കള്ളക്കടത്ത്. ഇതില്‍ ഏറിയ കൂറും തത്തകളാണെങ്കിലും മൂങ്ങകളും ഇരപിടിയന്‍ പക്ഷികളും ഏതാണ്ട് ഒപ്പമുണ്ട്. 500 മൂങ്ങകളെയും 350 റാഞ്ചിപ്പക്ഷികളെയും നല്‍കാമെന്ന് ഓണ്‍ലൈന്‍ വിപണിയില്‍ നിന്നു വാഗ്ദാനമുണ്ടായിരുന്നതായി ഐഎഫ്എഡബ്ല്യു വ്യക്തമാക്കുന്നു.

വലുപ്പമുള്ള വന്യജീവികളില്‍ പലതും റഷ്യയില്‍ നിന്നാണു വരുന്നത്. കരടികളുടെയും കടുവകളുടെയും തോലും തേറ്റയും അഭിമാനചിഹ്നങ്ങളായി കണക്കാക്കുന്ന സമൂഹങ്ങള്‍ ലോകത്ത് ഉള്ളതിനാലാണ് ഇവയ്ക്ക് പ്രിയമേറുന്നത്. പുള്ളിപ്പുലി, ചെമ്പുലി, ചീറ്റപ്പുലി എന്നിവ ഇവിടെ വില്‍പ്പനയ്ക്കു വരുന്നു. ഒറാംഗുട്ടാന്‍, മഡഗാസ്‌കര്‍ കാട്ടുകുരങ്ങ്, വാലില്ലാക്കുരങ്ങ് തുടങ്ങി 130 ഓളം വിഭാഗങ്ങളില്‍പ്പെട്ട ആള്‍ക്കുരങ്ങുകളും റഷ്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാണ്. ഇതില്‍ ഏഴോളം കുരങ്ങുകള്‍ ബ്രിട്ടണിലും ഒരിനം കരടി ജര്‍മനിയിലും കാണപ്പെടുന്നവയാണ്. സിംഹം, കടുവ, പുള്ളിപ്പുലി, ധ്രുവക്കരടി എന്നിവയുടെ തുകലുകള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ വലിയ വില്‍പ്പന കിട്ടുന്നുണ്ട്.

വംശനാശം സംഭവിക്കുന്ന ജീവികളില്‍ ചിലതിനെ നിയമപരമായി കൈമാറ്റം ചെയ്യാന്‍ അനുമതിയുണ്ട്. മെരുക്കിയെടുത്ത് കൂട്ടിലിട്ട് വളര്‍ത്താന്‍ സാധിക്കുന്നവയെയാണ് ഇങ്ങനെ വില്‍ക്കാനും വാങ്ങാനുമാകുക. എന്നാല്‍ ഇത്തരം മൃഗങ്ങള്‍ ഏതാണെന്നതു വ്യക്തമാക്കുന്ന രേഖകളോ നമ്പറോ പല കമ്പനികളുടെയും പക്കലില്ല. പലപ്പോഴും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു മറയാക്കാനാണ് ഈ നിയമം ഉപയോഗിക്കുന്നതെന്ന് ടാനിയ വ്യക്തമാക്കുന്നു. ഐഎഫ്എഡബ്ല്യു നടത്തിയ അന്വേഷണത്തില്‍ 327 ഇടപാടുകള്‍ തികച്ചും നിയമവിരുദ്ധമെന്നു കണ്ടെത്തി. വിവരം ഈ രാജ്യങ്ങളിലെ വന്യജീവി അധികൃതരെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഓണ്‍ലൈനിലെ വന്യജീവി വ്യാപാരം ഇന്ന് ഏറ്റവും വലിയ ബിസിനസായി പരിണമിച്ചിരിക്കുകയാണെന്ന് ടാനിയ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളെ കൊന്ന് അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്നത് കാണുന്നത് വേദനാജനകമായ അനുഭവമാണ്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി അനധികൃത ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രങ്ങളില്‍ പോകാനുള്ള ഇടവന്നിട്ടുണ്ട്. അവരുടെ ഓഫിസുകളുടെ തറയിലും ചുവരിലും മച്ചിലും കാണുന്ന പുലിത്തോലുകളും കരടിരോമങ്ങളും നമ്മുടെ മനസിന്റെ സ്വസ്ഥത നശിപ്പിക്കുന്നതാണ്. മിണ്ടാപ്രാണികളുടെ മുഖം സദാ വേട്ടയാടുന്നുവെന്നും അവര്‍ പറയുന്നു.

വംശനാശഭീഷണി നേരിടുന്ന മറ്റൊരു വിഭാഗമായ ലിറ്റില്‍ ടൈഗര്‍ ക്യാറ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ചിലിയിലെ ഈ കാട്ടുപൂച്ചകളുടെ സ്വാഭാവിക അഭയസ്ഥാനങ്ങള്‍ വനനശീകരണത്തോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. സാധാരണ പൂച്ചയുടെ പകുതി വലുപ്പം മാത്രമുള്ളവയാണ് ഗിനകള്‍. തെക്കേ അമേരിക്കയിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. അതില്‍ത്തന്നെ മധ്യ, തെക്കന്‍ ചിലിയിലും അര്‍ജന്റീനയുടെ ഏതാനും ഭാഗങ്ങളിലുമാണ് ഇവ കൂടുതലുള്ളത്. പ്രകൃതിസംരക്ഷണത്തിനുള്ള രാജ്യാന്തര സംഘടനയുടെ (ഐയുസിഎന്‍) കണക്കനുസരിച്ച് ആകെ 10,000 ഗിനകളേ ഇന്നു ലോകത്ത് അവശേഷിക്കുന്നുള്ളൂ. മഴനിഴല്‍ക്കാടുകളാണ് അവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങള്‍. കാണാന്‍ കൗതുകമുള്ള ഇവയെ പിടികൂടി സ്റ്റഫ് ചെയ്ത് വെക്കുന്നതാണ് വന്യജീവികള്ളക്കടത്തുകാരുടെ മറ്റൊരു രീതി.

വടക്കന്‍ നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, റഷ്യ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ലാപ്‌ലാന്‍ഡ്. ധ്രുവക്കലമാന്‍, തവിട്ടു കരടി, പരുന്തുകള്‍, കൊമ്പന്‍ മലമാന്‍ എന്നിങ്ങനെ അപൂര്‍വജനുസില്‍പ്പെട്ട ജീവിവര്‍ഗത്തിന്റെ ആവാസസ്ഥാനം കൂടിയാണിത്. ഉത്തരധ്രുവത്തിനു 30 മൈല്‍ മാറിയുള്ള അടിവാരമാണ് ഹറഡ്‌സ്. ഇവിടെ കരടികള്‍ രാത്രികാലങ്ങളിലാണ് സജീവമാകുന്നത്. എന്നാല്‍ മേയ്- ഓഗസ്റ്റ് സമയത്ത് ഇവയെ പകലും കാണാനാകും. നട്ടുച്ചയ്ക്കു പോലും ഇവ വെളിമ്പ്രദേശത്തെത്തുന്നു. ഇവിടെയുള്ള പൈന്‍ വനത്തില്‍ ആറ് ആളുകള്‍ക്ക് വരെ ഒളിച്ചിരുന്നു കരടിയെ നിരീക്ഷിക്കാന്‍ പറ്റും.

മനുഷ്യവാസം ശരിക്കു ചെന്നെത്തിയിട്ടില്ലാത്ത, തികഞ്ഞ ഒരു വനസ്ഥലിയാണിത്. അതിനാല്‍ത്തന്നെ അനിശ്ചിതത്വം ഈ പ്രദേശത്തിന്റെ സഹജഭാവമാണ്. വന്യത ഏറ്റവും ഭീകരതയോടും നിഗൂഢതയോടും മുറ്റിനില്‍ക്കുന്ന ഇവിടെ അപൂര്‍വമൃഗങ്ങളെ തേടി വരുന്നവരാണ് സന്ദര്‍ശകര്‍. ഇവിടം ഇപ്പോള്‍ വേട്ടക്കാരുടെ മേച്ചില്‍പ്പുറമായി മാറിയിരിക്കുകയാണ്. കരടികളെ കൊന്ന് തുകലും പല്ലും നഖങ്ങളും സ്റ്റഫ് ചെയ്യാന്‍ തലയും ശേഖരിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം കടുവകള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ നിന്നുള്ള കടുവാതോലിന്റെ കള്ളക്കടത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നുവെന്നാണ് രേഖകള്‍ പറയുന്നത്.

ബ്രിട്ടണ്‍, ജര്‍മനി, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളിലെ 100 കേന്ദ്രങ്ങളാണ് വന്യമൃഗ കള്ളക്കടത്തിനായി വിപണി തുറന്നിട്ടിരിക്കുന്നത്. അയ്യായിരത്തോളം പരസ്യങ്ങളുടെ ചുവടു പടിച്ചു നടത്തിയ അന്വേഷണത്തില്‍ 12,000 ഇനങ്ങളിലുള്ള മൃഗജന്യ ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇവയ്‌ക്കെല്ലാത്തിനുമായി നാലു മില്യണ്‍ ഡോളര്‍ മൂല്യം വരുമെന്നും ഐഎഫ്എഡബ്ല്യു പറയുന്നു

രാജ്യത്തെ കടുവാസംരക്ഷണ പദ്ധതികള്‍ വന്‍വിജയമായതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. ആന്ധ്രപ്രദേശ്, ഒഡിഷ, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതികള്‍ വന്‍വിജയമായത്. കടുവാസങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ദേശീയ കടുവാസംരക്ഷണ അതോറിറ്റി (എന്‍ടിസിഎ) വ്യക്തമാക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ പദ്ധതികളും വനംവകുപ്പ് നല്‍കുന്ന ജോലികളും ആദിവാസികള്‍ക്ക് പദ്ധതിയുമായി സഹകരിക്കുന്നതിന് പ്രോല്‍സാഹനമാണ്. കടുവകളെക്കുറിച്ച് വിവരം നല്‍കാനും അവയുടെ സംരക്ഷകരാകാനും ഇത് അവരെ പ്രേരിപ്പിക്കുന്നു. തങ്ങളുടെ ഉപജീവന മാര്‍ഗമായാണ് അവര്‍ ഇതിനെ കാണുന്നത്. ഇന്ന് ഛത്തിസ്ഗഡില്‍ 45 കടുവകളുണ്ട്. 2010-ലെ കടുവകളുടെ എണ്ണം 24ഉം 2016-ല്‍ 26ഉം ആയിരുന്ന സ്ഥാനത്താണിത്.

കൂടുതല്‍ കടുവകളെ കണ്ടെത്തിയെന്നു പലയിടത്തു നിന്നും റിപ്പോര്‍ട്ടുകള്‍ കിട്ടുന്നുണ്ട്. സിംലിപാലില്‍ 28 കടുവകളെ കണ്ടെത്തി. പത്തോളം കുട്ടിക്കടുവകളെയും സമീപപ്രദേശങ്ങളില്‍ കണ്ടെത്തിയെന്ന് ആദിവാസികളും ഗ്രാമവാസികളും അറിയിച്ചിട്ടുണ്ട്. സിംലിപാലിലും സാത്ത്‌കോസിയയിലുമുള്ള നിരവധി ജനങ്ങള്‍ കടുവസംരക്ഷണ പദ്ധതിയില്‍ ജോലി ചെയ്യുന്നുണ്ട്. വിവരദാതാക്കളും ഗൈഡുകളും വനസംരക്ഷകരുമായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. സിംലിപാലില്‍ സസ്യഭുക്കുകളുടെ എണ്ണം വര്‍ധിച്ചത് പരോക്ഷമായി കടുവകളുടെ അതിജീവനവും പ്രജനനവും കൂട്ടിയിരിക്കുന്നു.

വംശനാശം സംഭവിക്കുന്ന ജീവികളില്‍ ചിലതിനെ നിയമപരമായി കൈമാറ്റം ചെയ്യാന്‍ അനുമതിയുണ്ട്. മെരുക്കിയെടുത്ത് കൂട്ടിലിട്ട് വളര്‍ത്താന്‍ സാധിക്കുന്നവയെയാണ് ഇങ്ങനെ വില്‍ക്കാനും വാങ്ങാനുമാകുക. എന്നാല്‍ ഇത്തരം മൃഗങ്ങള്‍ ഏതാണെന്നതു വ്യക്തമാക്കുന്ന രേഖകളോ നമ്പറോ പല കമ്പനികളുടെയും പക്കലില്ല. പലപ്പോഴും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു മറയാക്കാനാണ് ഈ നിയമം ഉപയോഗിക്കുന്നത്

ആനകളുടെ എണ്ണത്തിലും സമാന സ്ഥിതിവിശേഷമാണുള്ളത്. ഏഷ്യയിലെ ആനകളുടെ 60 ശതമാനവും ഇന്ത്യയിലാണ്. 24,000- 32,000 ആനകളാണ് ഇവിടെയുള്ളത്. ആനകളുടെ അധിവാസമേഖലകളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം ആനത്താരകള്‍ ഇല്ലാതാകാനും അവയുടെ വിഹാരകേന്ദ്രങ്ങള്‍ ചെറിയ ഇടങ്ങളിലേക്കു ചുരുങ്ങാനും കാരണമാകുന്നു. ഇത് അവയെ നാട്ടിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നു. ആനത്താരകളിലൂടെ മാത്രം കടന്നു പോകാന്‍ താല്‍പ്പര്യപ്പെടുന്ന ജീവികളാണ് ആനകള്‍.

വിവേകശാലികളായ മൃഗങ്ങളായതിനാലാണ് അവയെ ഇണക്കിയെടുക്കാനാകുന്നത്. ആനത്താരകളുടെ പ്രാധാന്യത്തെക്കുറിച്ചും അവയെ സുരക്ഷിതമായി കടന്നു പോകാന്‍ അനുവദിക്കാനും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും പരിശീലനവും നല്‍കുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. മനുഷ്യനും വന്യജീവികളുമായുള്ള സംഘര്‍ഷം മൃഗസംരക്ഷണത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട വെല്ലുവിളിയാണെന്ന് ഇതു സംബന്ധിച്ച രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടനയുടെ കര്‍മ്മസേന (ഐയുസിഎന്‍) ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ കടുവകളുടെ സംരക്ഷണത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടതോടെ ഇവയുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. ലോകത്തെ കടുവകളുടെ മൂന്നില്‍ രണ്ടും ഇന്ത്യയിലാണുള്ളത്. അഞ്ചുവര്‍ഷത്തിനിടെ ഇവയുടെ എണ്ണം 1,700-ല്‍ നിന്ന് 2,200 എന്ന സംഖ്യയിലേക്കുയര്‍ന്നു. സംരക്ഷിത വനമേഖലകളും കടുവാ സങ്കേതങ്ങളും സ്ഥാപിക്കപ്പെടുകയും നായാട്ടുവിരുദ്ധ നിയമങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തതിന്റെ നേട്ടമാണിത്. വന്യജീവി സംരക്ഷണ നടപടികള്‍ അവയുടെ വംശവര്‍ധനവില്‍ നിര്‍ണായക പങ്കു വഹിച്ചിരിക്കുന്നു. ഇനി അവയ്ക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്.

 

 

Comments

comments

Categories: FK Special
Tags: wildlife