കര്‍ണാടകയിലും നിപ വൈറസ് ബാധയെന്ന് സംശയം; രോഗ ലക്ഷണങ്ങളോടെ രണ്ട് പേര്‍ ആശുപത്രിയില്‍

കര്‍ണാടകയിലും നിപ വൈറസ് ബാധയെന്ന് സംശയം; രോഗ ലക്ഷണങ്ങളോടെ രണ്ട് പേര്‍ ആശുപത്രിയില്‍

 

ബംഗലൂരു: കേരളത്തെ നിപ വൈറസ് ബാധ ഭീതിയിലാഴ്ത്തുമ്പോള്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയിലും രോഗബാധയുള്ളതായി സംശയം. രോഗ ലക്ഷണങ്ങളോടെ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി റോയ്‌റ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മംഗലൂരുവിലാണ് നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പനി മൂലം ആശുപത്രിയിലെത്തിയത്.

രോഗബാധയുള്ളവര്‍ കേരളത്തില്‍ എത്തിയിരുന്നു. ഇരുപതു വയസ്സുള്ള ഒരു സ്ത്രീയിലും 75 വയസ്സുള്ള പുരുഷനുമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇവര്‍ രോഗബാധയുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പിട്ടിരിക്കാമെന്നും അതിനു ശേഷമാണ് പനിബാധിച്ചതെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ബി.വി രാജേഷ് പറയുന്നു.

ഇവരുടെ രക്തസാംപിളുകള്‍ മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വ്യാഴാഴ്ച പരിശോധനാ ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ നിപയാണെന്ന് സ്ഥിരീകരിക്കാനാകൂവെന്നും ജനങ്ങള്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ രോഗികളെ പരിചരിച്ച നഴ്‌സ് ലിനി ഉള്‍പ്പടെ 10 പേരാണ് നിപ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ചികിത്സയിലിരിക്കുന്ന 12 പേര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട് ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

Comments

comments