ടാറ്റ ഇന്‍ഡിക്ക, ഇന്‍ഡിഗോ ഇനിയില്ല

ടാറ്റ ഇന്‍ഡിക്ക, ഇന്‍ഡിഗോ ഇനിയില്ല

ആദ്യമായി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ കാറാണ് ടാറ്റ ഇന്‍ഡിക്ക

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളുടെ ഉല്‍പ്പാദനം ടാറ്റ മോട്ടോഴ്‌സ് അവസാനിപ്പിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇന്‍ഡിക്ക ഹാച്ച്ബാക്കിന്റെയും ഇന്‍ഡിഗോ സെഡാന്റെയും ഒരു യൂണിറ്റ് പോലും ടാറ്റ മോട്ടോഴ്‌സ് നിര്‍മ്മിച്ചിട്ടില്ല. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ടാറ്റ മോട്ടോഴ്‌സ് വക്താവ് ഇതിന് സ്ഥിരീകരണം നല്‍കി. ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളുടെ വില്‍പ്പന കുറഞ്ഞതോടെ ഇന്നോ നാളെയോ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ‘ഇംപാക്റ്റ്’ ഡിസൈനിലുള്ള കാറുകളിലാണ് ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ വിജയം കണ്ടെത്തുന്നത്.

2017-18 സാമ്പത്തിക വര്‍ഷം 1,686 യൂണിറ്റ് ഇന്‍ഡിക്ക, 556 യൂണിറ്റ് ഇന്‍ഡിഗോ സിഎസ് മാത്രമാണ് ടാറ്റ മോട്ടോഴ്‌സ് നിര്‍മ്മിച്ചത്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഉല്‍പ്പാദനം പൂര്‍ണമായി നിര്‍ത്തിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. ‘ഇംപാക്റ്റ്’ ഡിസൈന്‍ ഭാഷ അനുവര്‍ത്തിച്ചുതുടങ്ങിയതോടെ ഇന്‍ഡിക്ക, ഇന്‍ഡിഗോ ഇസിഎസ് കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

1998 ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ ഇന്‍ഡിക്ക ഹാച്ച്ബാക്ക് ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. ആദ്യമായി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ കാറാണ് ടാറ്റ ഇന്‍ഡിക്ക. ഈ കാറിനെ മുന്നില്‍കണ്ടാണ് ചെറു കാറുകള്‍ ഉപയോഗിച്ചിരുന്നവര്‍ തങ്ങളുടെ കാര്‍ ഹാച്ച്ബാക്കായി അപ്‌ഗ്രേഡ് ചെയ്തത്. പുറത്തിറക്കിയശേഷം ടാറ്റയുടെ വാഹന നിരയില്‍ മുന്നിലായിരുന്നു ഇന്‍ഡിക്കയുടെ സ്ഥാനം. ടാറ്റ ഇന്‍ഡിക്കയുടെ ചില മാര്‍ക്കറ്റിംഗ് കാംപെയ്‌നുകളും ശ്രദ്ധിക്കപ്പെട്ടു. വിശാലമായ ഇന്റീരിയറിനൊപ്പം താങ്ങാവുന്ന വില ഇന്‍ഡിക്കയുടെ മേന്‍മയായിരുന്നു.

അസംബ്ലി ലൈനില്‍നിന്ന് പുറത്തിറങ്ങി ആദ്യ ആഴ്ച്ചയ്ക്കുള്ളില്‍ 1.15 ലക്ഷം ബുക്കിംഗാണ് ടാറ്റ ഇന്‍ഡിക്ക ഹാച്ച്ബാക്ക് കരസ്ഥമാക്കിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ സെഗ്‌മെന്റ് ലീഡറായി ടാറ്റ ഇന്‍ഡിക്ക വളര്‍ന്നു. ഈ ഗംഭീര വിജയത്തിന്റെ പാത പിന്തുടര്‍ന്ന് 2008 ല്‍ രണ്ടാം തലമുറയായി ഓള്‍-ന്യൂ ഇന്‍ഡിക്ക ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി. ഇന്‍ഡിക്ക വിസ്റ്റ എന്നായിരുന്നു പേര്. 2011 ല്‍ ഇന്‍ഡിക്ക വിസ്റ്റ സെഡാന്റെ ഇലക്ട്രിക് വേര്‍ഷന്‍ ടാറ്റ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഉല്‍പ്പാദനം നടത്തിയില്ല.

അടുത്തത് ടാറ്റ നാനോയുടെ ഊഴമാണ്. കഴിഞ്ഞ മാസം 45 യൂണിറ്റ് മാത്രമാണ് നിര്‍മ്മിച്ചത്. എന്നാല്‍ നാനോ കാര്‍ ഇലക്ട്രിക് അവതാരമെടുക്കും

ഇന്ത്യക്കാരുടെ സ്‌നേഹവും ആദരവും ആവോളം പിടിച്ചുപറ്റിയ കാറായിരുന്നു ടാറ്റ ഇന്‍ഡിക്ക. ഇന്‍ഡിക്കയെതുടര്‍ന്ന് 2002 ലാണ് ടാറ്റ ഇന്‍ഡിഗോ പുറത്തിറക്കിയത്. പാസഞ്ചര്‍ വാഹന വിപണിയില്‍ ഇന്‍ഡിഗോയെ കാത്തിരുന്നതും ഗംഭീര വരവേല്‍പ്പായിരുന്നു. ഇന്‍ഡിഗോയുടെ കേംപാക്റ്റ് ഡിസൈന്‍, വിശാലമായ ഇന്റീരിയര്‍ എന്നിവ പ്രകീര്‍ത്തിക്കപ്പെട്ടു. ടാറ്റ ഇന്‍ഡിക്ക, ഇന്‍ഡിഗോ എന്നിവ കഴിഞ്ഞാല്‍ അടുത്തത് ടാറ്റ നാനോയുടെ ഊഴമാണ്. കഴിഞ്ഞ മാസം നാനോയുടെ 45 യൂണിറ്റ് മാത്രമാണ് നിര്‍മ്മിച്ചത്. എന്നാല്‍ നാനോ കാര്‍ ഇലക്ട്രിക് അവതാരമെടുക്കും. നിലവിലെ ഇന്‍ഡിക്ക, ഇന്‍ഡിഗോ ഉടമകള്‍ക്ക് സര്‍വീസ് സപ്പോര്‍ട്ട് നല്‍കുന്നത് ടാറ്റ മോട്ടോഴ്‌സ് തുടരും.

Comments

comments

Categories: Auto