ക്ലാസിക് 500 പെഗസസ് എഡിഷനുമായി റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക് 500 പെഗസസ് എഡിഷനുമായി റോയല്‍ എന്‍ഫീല്‍ഡ്

ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ 250 എണ്ണം ഇന്ത്യയില്‍ വില്‍ക്കും. സര്‍വീസ് ബ്രൗണ്‍, ഒലിവ് ഡ്രാബ് ഗ്രീന്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍

ലണ്ടന്‍ : ക്ലാസിക് 500 പെഗസസ് എന്ന ലിമിറ്റഡ് എഡിഷന്‍ മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന ഫ്‌ളൈയിംഗ് ഫ്‌ളീ എന്ന മോട്ടോര്‍സൈക്കിളാണ് പുതിയ മോഡലിന് പ്രചോദനമായത്. ആര്‍ഇ/ഡബ്ല്യുഡി 125 മോട്ടോര്‍സൈക്കിളാണ് ഫ്‌ളൈയിംഗ് ഫ്‌ളീ എന്ന് അറിയപ്പെട്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ വെസ്റ്റ്‌വുഡിലെ ഭൂഗര്‍ഭ ഫാക്ടറിയിലായിരുന്നു ഫ്‌ളൈയിംഗ് ഫ്‌ളീയുടെ ഉല്‍പ്പാദനം.

പുതിയ ക്ലാസിക് 500 പെഗസസ് മോഡലിന്റെ ആയിരം യൂണിറ്റ് മാത്രമായിരിക്കും ആഗോളതലത്തില്‍ ലഭിക്കുന്നത്. ഇവയില്‍ 190 എണ്ണം ബ്രിട്ടണില്‍ ലഭ്യമാകും. 4,999 ജിബിപിയാണ് (ഗ്രേറ്റ് ബ്രിട്ടീഷ് പൗണ്ട്) വില. ഏകദേശം 4.5 ലക്ഷം ഇന്ത്യന്‍ രൂപ. ജൂലൈ മുതല്‍ ഓണ്‍ലൈന്‍ മുഖേന ബുക്കിംഗ് നടത്താം. എന്നാല്‍ ഇന്ത്യയില്‍ എത്ര രൂപ വില നിശ്ചയിക്കുമെന്ന് വ്യക്തമല്ല. ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ 250 എണ്ണം ഇന്ത്യയില്‍ വില്‍ക്കും.

രണ്ടാം ലോക മഹായുദ്ധകാലത്തെ ഫ്‌ളൈയിംഗ് ഫ്‌ളീയിലേതുപോലെ രണ്ട് നിറങ്ങളില്‍ ക്ലാസിക് 500 പെഗസസ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. സര്‍വീസ് ബ്രൗണ്‍, ഒലിവ് ഡ്രാബ് ഗ്രീന്‍ എന്നിവയാണ് ഈ നിറങ്ങള്‍. ഒലിവ് ഗ്രീന്‍ ഷേഡില്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കാന്‍ അനുവദിക്കുമെന്ന് ഉറപ്പില്ല. സൈനിക വാഹനങ്ങളാണ് ഈ നിറം ഉപയോഗിക്കുന്നത്.

ആയിരം ക്ലാസിക് 500 പെഗസസ് മോട്ടോര്‍സൈക്കിളുകളുടെയും ഇന്ധന ടാങ്കില്‍ സവിശേഷമായ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തും. രണ്ടാം ലോക മഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ച 250 ാം ഡിവിഷന്‍ എയര്‍ബോണ്‍ ലൈറ്റ് കമ്പനിയോടുള്ള ആദരസൂചകമായാണ് ഇത്. ഒറിജിനല്‍ ഫ്‌ളൈയിംഗ് ഫ്‌ളീ മോട്ടോര്‍സൈക്കിളുകളിലൊന്ന് ബര്‍മിംഗ്ഹാമിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ യുകെ ടെക്‌നോളജി സെന്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക ശേഖരത്തിന്റെ ഭാഗമാണ് ഈ മോട്ടോര്‍സൈക്കിള്‍.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ഉപയോഗിക്കുന്ന അതേ 499 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ക്ലാസിക് 500 പെഗസസ് ലിമിറ്റഡ് എഡിഷന്‍ മോഡലിന് കരുത്തേകുന്നത്. 5,250 ആര്‍പിഎമ്മില്‍ 27.2 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 41.3 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ക്ലാസിക് 500 ഉപയോഗിക്കുന്ന അതേ ഷാസി, ബ്രേക്കുകള്‍, ടയറുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. 194 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്.

രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന ഫ്‌ളൈയിംഗ് ഫ്‌ളീ എന്ന മോട്ടോര്‍സൈക്കിളാണ് പ്രചോദനമായത്

രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചതുപോലെ മിലിറ്ററി സ്‌റ്റൈലിലുള്ള കാന്‍വാസ് പാനിയറുകള്‍, പെഗസസ് ലോഗോ, ബ്രൗണ്‍ ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പുകള്‍, എയര്‍ ഫില്‍റ്ററിനെ ചുറ്റി ബ്രാസ് ബക്കിളുകളുള്ള ലെതര്‍ സ്ട്രാപ്പ് എന്നിവ ഓരോ ക്ലാസിക് 500 പെഗസസ് മോട്ടോര്‍സൈക്കിളിലും കാണാം. കറുപ്പ് നിറമുള്ള സൈലന്‍സറുകള്‍, റിമ്മുകള്‍, കിക്ക്‌സ്റ്റാര്‍ട്ട് ലിവര്‍, പെഡലുകള്‍, ഹെഡ്‌ലൈറ്റ് ബേസെല്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ പിരീഡ് ലുക്ക് പൂര്‍ത്തിയാക്കുന്നു.

Comments

comments

Categories: Auto