ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 10% ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങി ആമസോണ്‍

ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 10% ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങി ആമസോണ്‍

500 മുതല്‍ 600 മില്യണ്‍ ഡോളര്‍ വരെ ആമസോണ്‍ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ റിട്ടെയ്‌ലറായ ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ പത്ത് ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആമസോണിന്റെ നീക്കം. കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ റീട്ടെയ്‌ലുമായി ആമസോണ്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്ന് ഫാക്റ്റര്‍ഡെയ്‌ലി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

ആഗോള തലത്തില്‍ കമ്പനിയുടെ മുഖ്യ എതിരാളിയായ വാള്‍മാര്‍ട്ട്, ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ പ്രധാന എതിരാളിയായ ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്ത് കടുത്ത മത്സരത്തിന് തയാറെടുക്കുന്നതിനിടെയാണ് രാജ്യത്തെ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ആമസോണ്‍ നോക്കുന്നത്. വാള്‍മാര്‍ട്ട്-ഫഌപ്കാര്‍ട്ട് ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഇ-കൊമേഴ്‌സ് രംഗത്ത് ശക്തമായ മത്സരമാണ് ആമസോണ്‍ ഇന്ത്യ അഭിമുഖീകരിക്കേണ്ടി വരിക.

ഏകദേശം ആറ് ബില്യണ്‍ ഡോളറിനടുത്താണ് (40,872 കോടി രൂപ) ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ മൂല്യം. ബിഗ്ബസാര്‍, ഈസി ഡേ എന്നിവയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍. ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ പത്ത് ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് 500 മുതല്‍ 600 മില്യണ്‍ ഡോളര്‍ വരെ ആമസോണ്‍ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ വിഭാഗത്തില്‍ നേരത്തെ ഷോപ്പേഴ്‌സ് സ്‌റ്റോപ്പിലും (26.35 മില്യണ്‍ ഡോളര്‍) ആമസോണ്‍ നിക്ഷേപം നടത്തിയിരുന്നു. ആമസോണ്‍ മാത്രമല്ല ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഓഹരി വാങ്ങാന്‍ നോക്കുന്നത്. ജാക്മായുടെ ആലിബാബ ഗ്രൂപ്പും വാള്‍മാര്‍ട്ടും ഇക്കാര്യത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസബംന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി 202 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച നേടുമെന്നാണ് ഗവേഷണ സ്ഥാപനമായ സിറ്റി റിസര്‍ച്ചിന്റെ വിലയിരുത്തല്‍. 35 ശതമാനം വിപണി വിഹിതവുമായി ഈ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ആമസോണിന് സാധിക്കുമെന്നും സിറ്റി റിസര്‍ച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 16 ബില്യണ്‍ ഡോളറാണ് ആമസോണ്‍ ഇന്ത്യയുടെ മൂല്യം.

Comments

comments

Categories: Business & Economy
Tags: Amazon, shares