ടോപ് 5 ഓട്ടോമാറ്റിക് ഹാച്ച്ബാക്ക്

ടോപ് 5 ഓട്ടോമാറ്റിക് ഹാച്ച്ബാക്ക്

ആറ് ലക്ഷം രൂപയില്‍ താഴെ വില വരുന്ന അഞ്ച് മികച്ച ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് കാറുകള്‍

ന്ത്യന്‍ വിപണിയില്‍ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന കാറുകളുടെ എണ്ണമെടുക്കുന്നത് ശ്രമകരമായിരിക്കും. സാധാരണക്കാരനെ ലക്ഷ്യമാക്കി എന്‍ട്രി ലെവല്‍ കുഞ്ഞന്‍ കാറുകള്‍ മുതല്‍ കോടിക്കണക്കിന് രൂപ വില വരുന്ന അത്യാഡംബര കാറുകള്‍ വരെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് പരിചിതമാണ്. പിറകില്‍ ഡോര്‍ നല്‍കിയ ഹാച്ച്ബാക്കുകളുടെ വില്‍പ്പന ഇന്ത്യയില്‍ എല്ലായ്‌പ്പോഴും തകൃതിയാണ്. മാന്വല്‍ ട്രാന്‍സ്മിഷനേക്കാള്‍ കൂടുതല്‍ എളുപ്പം ഡ്രൈവിംഗ് സാധ്യമാകുന്ന ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) കാറുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ് കൂടുതല്‍. ഇന്ത്യയില്‍ മിക്ക വാഹന നിര്‍മ്മാതാക്കളും അവരുടെ ചെറു കാറുകളില്‍ എഎംടി നല്‍കിക്കൊണ്ടിരിക്കുന്ന സമയമാണിത്. ആറ് ലക്ഷം രൂപയില്‍ താഴെ വില വരുന്ന അഞ്ച് മികച്ച ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് കാറുകള്‍ ഏതൊക്കെയെന്ന് അറിയാം.

1. ടാറ്റ ടിയാഗോ

സ്വതവേ ഇഷ്ടപ്പെട്ട ഹാച്ച്ബാക്കുകളിലൊന്നായ ടാറ്റ ടിയാഗോയില്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) നല്‍കിയതോടെ കാറിന്റെ ജനപ്രീതി കുതിച്ചുകയറുന്നതാണ് കണ്ടത്. എതിരാളികളിലേതുപോലെ മാന്വല്‍ മോഡ്, ക്രീപ് ഫംഗ്ഷന്‍ എന്നിവ ടിയാഗോ എഎംടിയില്‍ സ്റ്റാന്‍ഡേഡാണ്. കൂടുതല്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നതിന് ‘സ്‌പോര്‍ട്’ മോഡ് സഹായിക്കും. ടാറ്റയുടെ എഎംടി സിസ്റ്റം അത്ര സമര്‍ത്ഥമല്ലെങ്കിലും ടിയാഗോയുടെ കാബിന്‍ സ്‌പേസ്, വലിയ കാര്‍ എന്ന തോന്നല്‍, മുടക്കുന്ന പണത്തിന് അനുസരിച്ച് ലഭിക്കുന്ന മൂല്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് തെരയുന്നവര്‍ക്ക് മികച്ച പാക്കേജാണ് ടാറ്റ ടിയാഗോ എഎംടി. ടിയാഗോ എഎംടിയുടെ റെവോട്രോണ്‍ എക്‌സ്ടിഎ വേരിയന്റിന് 4.99 ലക്ഷം രൂപയും റെവോട്രോണ്‍ എക്‌സ്ഇസഡ്എ വേരിയന്റിന് 5.59 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

2. മാരുതി സുസുകി സെലേറിയോ

ഓട്ടോമാറ്റിക് കാറുകള്‍ ജനകീയമാക്കുന്നതില്‍ എഎംടി ഗിയര്‍ബോക്‌സുമായി വന്ന മാരുതി സുസുകി സെലേറിയോ വലിയ പങ്കാണ് വഹിച്ചത്. പുറത്തിറക്കി വര്‍ഷങ്ങള്‍ക്കുശേഷവും തിളക്കം തീരെ കുറഞ്ഞിട്ടില്ലാത്ത ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതി സുസുകി സെലേറിയോ. താരതമ്യേന സ്മൂത്ത് ഷിഫ്റ്റിംഗ് നടത്താന്‍ കഴിയുന്നതാണ് സെലേറിയോയിലെ എഎംടി ഗിയര്‍ബോക്‌സ്. ക്രീപ് ഫംഗ്ഷന്‍ കൂടി നല്‍കിയിരിക്കുന്നു. സെലേറിയോയുടെ കാബിനിലെ സ്ഥലസൗകര്യം മികച്ചതാണ്. മാരുതി സുസുകി സെലേറിയോ വിഎക്‌സ്‌ഐ എഎംടി വേരിയന്റിന് 4.96 ലക്ഷം രൂപയും വിഎക്‌സ്‌ഐ എഎംടി (ഒ) വേരിയന്റിന് 5.11 ലക്ഷം രൂപയും ഇസഡ്എക്‌സ്‌ഐ എഎംടി വേരിയന്റിന് 5.21 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

3. മാരുതി സുസുകി വാഗണ്‍ആര്‍

ഉയര്‍ന്ന സീറ്റിംഗ് പൊസിഷന്‍, കോംപാക്റ്റ് അളവുകള്‍, അനായാസ കണ്‍ട്രോളുകള്‍ എന്നിവ മാരുതി സുസുകി വാഗണ്‍ആറിനെ ഡ്രൈവ് ചെയ്യാന്‍ എളുപ്പമുള്ള കാറാക്കി മാറ്റുന്നു. വാഗണ്‍ആറില്‍ നല്‍കിയ ഒന്നാന്തരം എഎംടി നഗരവീഥികളില്‍ ഡ്രൈവിംഗ് സുഗമമാക്കുന്നു. ഇന്ധനക്ഷമതയിലും മാരുതി സുസുകി വാഗണ്‍ആര്‍ മോശക്കാരനല്ല. കാബിന്‍ സ്‌പേസ് മികച്ചതാണ്. നാല് വേരിയന്റുകളില്‍ വാഗണ്‍ആര്‍ എഎംടി ലഭിക്കും. വിഎക്‌സ്‌ഐ എഎംടി വേരിയന്റിന് 4.88 ലക്ഷം രൂപയും വിഎക്‌സ്‌ഐ പ്ലസ് എഎംടി വേരിയന്റിന് 5.16 ലക്ഷം രൂപയും വിഎക്‌സ്‌ഐ എഎംടി (ഒ) വേരിയന്റിന് 5.21 ലക്ഷം രൂപയും വിഎക്‌സ്‌ഐ പ്ലസ് എഎംടി (ഒ) വേരിയന്റിന് 5.35 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

4. ഡാറ്റ്‌സണ്‍ റെഡിഗോ

വളരെ കുറഞ്ഞ ബജറ്റില്‍ ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് വാങ്ങണമെന്നുണ്ടോ ? എങ്കില്‍ ഡാറ്റ്‌സണ്‍ റെഡിഗോ എഎംടി നിങ്ങളെ കാത്തിരിക്കുന്നു. കൂടുതല്‍ കരുത്തുറ്റ 1.0 ലിറ്റര്‍ റെഡിഗോ അടിസ്ഥാനമാക്കി വിപണിയിലെത്തിയ റെഡിഗോ എഎംടിയില്‍, വിലയേറിയ ഓട്ടോമാറ്റിക് കാറുകളിലേതുപോലെ ക്രീപ് മോഡ്, മാന്വല്‍ മോഡ് എന്നിവ ലഭിക്കും. നല്‍കുന്ന പണത്തിന് അനുസരിച്ചുള്ള പെര്‍ഫോമന്‍സാണ് എന്‍ജിനും ഗിയര്‍ബോക്‌സും കാഴ്ച്ചവെയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ബേസിക് ഓട്ടോമാറ്റിക് ഹാച്ച്ബാക്കാണ് ഡാറ്റ്‌സണ്‍ റെഡിഗോ എഎംടി എന്ന് പറയാം. ടി (ഒ) വേരിയന്റിന് 3.96 ലക്ഷം രൂപയും എസ് വേരിയന്റിന് 4.06 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

5. റെനോ ക്വിഡ്

റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡിഗോ എഎംടികള്‍ ഒരേ പവര്‍ട്രെയ്‌നാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ക്രീപ് മോഡും മാന്വല്‍ ഷിഫ്റ്റുകളും റെനോ ക്വിഡ് എഎംടി ഓഫര്‍ ചെയ്യുന്നില്ല. കാബിന്‍ സ്‌പേസ്, ടച്ച്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഡയലുകള്‍ എന്നിവ റെനോ ക്വിഡിന്റെ ആകര്‍ഷക ഘടകങ്ങളാണ്. മൂന്ന് വേരിയന്റുകളില്‍ റെനോ ക്വിഡ് എഎംടി ലഭിക്കും. ആര്‍എക്‌സ്എല്‍ 1.0 എഎംടി വേരിയന്റിന് 3.88 ലക്ഷം രൂപയും ആര്‍എക്‌സ്ടി 1.0 എഎംടി (ഒ) വേരിയന്റിന് 4.35 ലക്ഷം രൂപയും ക്ലൈംബര്‍ എഎംടി വേരിയന്റിന് 4.63 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto