ശിവമോഗയില്‍ നിന്നൊരു പൈപ്പ് മനുഷ്യന്‍

ശിവമോഗയില്‍ നിന്നൊരു പൈപ്പ് മനുഷ്യന്‍

ശിവമോഗയിലെ സ്വച്ഛ് ഭാരത് മിഷന്‍ കോര്‍ഡിനേറ്റര്‍ കൂടിയായ മഹാദേവസ്വാമി കാണിച്ചു തരുന്നത് ശുചിത്വത്തിന്റെ മാര്‍ഗമാണ്. അതും വീടുകളില്‍ നിന്നും തുടങ്ങി വെയ്‌ക്കേണ്ട ശുചിത്വം. കഠിനാധ്വാനമോ വലിയ തോതിലുള്ള പണച്ചെലവുകളോ ഇല്ലാതെ ഓരോ വ്യക്തിക്കും വീട്ടില്‍ തന്നെ, പിവിസി പൈപ്പിനുള്ളില്‍ അടുക്കള മാലിന്യം മികച്ച വളമാക്കി മാറ്റാനാകുമെന്നും അദ്ദേഹം കാണിച്ചുതരുന്നു

അടുക്കള മാലിന്യം റോഡിലേക്ക് വലിച്ചെറിയാതെ എങ്ങനെ ഫലപ്രദമായ രീതിയില്‍ വളമാക്കി മാറ്റാമെന്നു കാണിച്ചു തരികയാണ് കര്‍ണാടകയിലെ ശിവമോഗ സ്വദേശി ടി എസ് മഹാദേവസ്വാമി. പിവിസി പൈപ്പില്‍ വളം നിര്‍മിക്കുന്ന വേറിട്ട രീതി പ്രദേശത്താകമാനം സജീവമാകുന്നതിലൂടെ, ഈ വര്‍ഷത്തെ സ്വച്ഛ് സര്‍വേക്ഷണ്‍ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിരിക്കുകയാണ്.

പരിസ്ഥിതി വൃത്തിയായും ശുചിയായും സൂക്ഷിക്കുന്നതിലെ പ്രധാന സംഗതിയാണ് ദ്രവ രൂപത്തിലുള്ള മാലിന്യങ്ങളുടെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജ്ജനം. ഈ വിഭാഗത്തിലുള്ള മാലിന്യങ്ങള്‍ വലിച്ചെറിയാതെ ഇരുന്നാല്‍ പരിസ്ഥിതി മലിനീകരണം പാതിയോളം കുറയുമെന്നാണ് 64 കാരനായ മഹാദേവസ്വാമിയുടെ അഭിപ്രായം. പൈപ്പ് വഴിയുള്ള തന്റെ വേറിട്ട കംപോസ്റ്റിംഗ് രീതി അദ്ദേഹം പരീക്ഷിച്ച് വിജയിച്ചതും ഈ ആശയം മുന്‍നിര്‍ത്തിയാണ്. മേഖലയിലെ ഏറ്റവും ലളിതമായ കംപോസ്റ്റിംഗ് രീതിക്കാണ് ഇതുവഴി തുടക്കമിട്ടിരിക്കുന്നത്. പണം മുടക്കി കൃഷിക്കായി വളം വാങ്ങാതെ ചെലവ് കുറഞ്ഞ രീതിയില്‍ വീട്ടില്‍ തന്നെ വളം തയാറാക്കാമെന്നും അദ്ദേഹം പറയുന്നു.

ഒരു കിലോഗ്രാം മാലിന്യത്തില്‍ നിന്നും 100 ഗ്രാം വളം

പേപ്പര്‍ മില്ലിലെ ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് മഹാദേവസ്വാമി ചെലവ് കുറഞ്ഞ രീതിയിലെ വള നിര്‍മാണത്തിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. വീട്ടില്‍ തന്നെ ഇതിനുള്ള അസംസ്‌കൃത വസ്തുക്കളും കൂടി കണ്ടെത്തിയതോടെ മഹാദേവസ്വാമിയുടെ പൈപ്പ് കംപോസ്റ്റ് ടെക്‌നോളജിക്ക് സാധ്യത ഏറുകയും ചെയ്തു.

പിവിസി പൈപ്പില്‍ വളം നിര്‍മിക്കുന്ന മഹാദേവസ്വാമിയുടെ വേറിട്ട രീതി വളരെ ലളിതമാണ്. വലിയ തോതിലുള്ള മുടക്കു മുതലും ഇതിനാവശ്യമില്ല എന്നതാണ് പ്രധാന സവിശേഷത. പിവിസി പൈപ്പ്, ശര്‍ക്കര, ചാണകം, വെള്ളം, അടുക്കള മാലിന്യം ഇത്രയുമായാല്‍ വളം നിര്‍മാണം ഈസിയാകും

ആളുകള്‍ക്ക് മാലിന്യം എന്നു കേട്ടാല്‍ വലിയ വെറുപ്പാണ്. എന്നാല്‍ അതു ശരിയായ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യാനോ വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനമാക്കാതിരിക്കാനോ അവര്‍ ശ്രദ്ധിക്കാറുമില്ല. സ്വന്തം വീട്ടില്‍ നിന്നും മാലിന്യം ഏതു രീതിയിലും പുറത്താക്കണമെന്നു മാത്രമാണ് ഇവരുടെ ചിന്ത. ആളുകളുടെ ഈ സ്വഭാവത്തിന് ഒരു മാറ്റമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മഹാദേവസ്വാമി വളം നിര്‍മാണത്തിന് തുടക്കമിട്ടത്. ചെറിയ അധ്വാനത്തിലൂടെ വീടുകളില്‍ ദിനംപ്രതി സൃഷ്ടിക്കപ്പെടുന്ന അടുക്കള മാലിന്യത്തെ മികച്ച വളമാക്കി മാറ്റാനുള്ള വിദ്യയാണ് ഇതോടെ പ്രാവര്‍ത്തികമായത്. ”ഒരു കിലോഗ്രാം അടുക്കള മാലിന്യത്തിലൂടെ കുറഞ്ഞത് 100 ഗ്രാം വളം നിര്‍മിക്കാനാകും. ഇതിനാവശ്യമായി അസംസ്‌കൃത വസ്തുക്കള്‍ക്ക് ഏകദേശം 600-700 രൂപ മാത്രമേ ചെലവ് വരൂ”, മഹാദേവസ്വാമി പറയുന്നു.

പൈപ്പ് കംപോസ്റ്റിംഗ് വിദ്യ

പിവിസി പൈപ്പില്‍ വളം നിര്‍മിക്കുന്ന മഹാദേവസ്വാമിയുടെ വേറിട്ട രീതി വളരെ ലളിതമാണ്. വലിയ തോതിലുള്ള മുടക്കു മുതലും ഇതിനാവശ്യമില്ല എന്നതാണ് പ്രധാന സവിശേഷത. പിവിസി പൈപ്പ്, ശര്‍ക്കര, ചാണകം, വെള്ളം, അടുക്കളയില്‍ നിന്നും ദ്രവ രൂപത്തിലുള്ള മാലിന്യം ഇത്രയുമായാല്‍ വളം നിര്‍മാണം ഈസിയാണെന്നും മഹാദേവസ്വാമി പറയുന്നു.

ആറ് അടി നീളവും ആറിഞ്ച് വ്യാസവുമുള്ള പിവിസി പൈപ്പാണ് ഇതിനു വേണ്ടിവരിക. ഇതില്‍ ഒന്നരയടി മണ്ണിലേക്ക് ഇറക്കി വെയ്ക്കാം. ശരാശരി ഉയരമുള്ള ഒരു വ്യക്തിക്ക് പൈപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ രീതി അവലംബിക്കുന്നത്. മണ്ണില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം സാധ്യമാക്കാന്‍ ചാണകം 10-15 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഒരു കിലോഗ്രാം ശര്‍ക്കരയും കലര്‍ത്തി പൈപ്പിലേക്ക് ഒഴിക്കുക. അടുത്ത ദിവസം മുതല്‍ ഇതിലേക്ക് അടുക്കളയില്‍ നിന്നുള്ള ദ്രവ മാലിന്യങ്ങള്‍ ദിവസംതോറും നിക്ഷേപിക്കാവുന്നതാണ്. എല്ലാ ആഴ്ചയും ഒരു മഗ് വെള്ളം പൈപ്പിലേക്ക് ഒഴിക്കുകയും വേണം. ഒരിക്കല്‍ ജീവനുണ്ടായിരുന്ന എത് തരം ദ്രവ മാലിന്യങ്ങളും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. അവയെല്ലാം തന്നെ വളമാക്കി മാറ്റാമെന്നും മഹാദേവസ്വാമി പറയുന്നു.

രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ നീളമേറിയ ഒരു കമ്പോ മറ്റോ പൈപ്പിലേക്കു കടത്തി വളത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാം. കമ്പില്‍ നനവിന്റെ അംശം ഉണ്ടെങ്കില്‍ വളനിര്‍മാണം ശരിയായ രീതിയിലാണെന്നു മനസിലാക്കാവുന്നതാണ്. അഥവാ നനവ് കുറവാണെങ്കില്‍ ചാണകവും വെള്ളവും ശര്‍ക്കരയും കലര്‍ന്ന മിശ്രിതം വീണ്ടും ഇതിലേക്ക് ഒഴിക്കണം. എട്ട് മാസം മുതല്‍ ഒരു വര്‍ഷത്തിനം പൈപ്പിനുള്ളിലെ വസ്തു മികച്ച വളമായി മാറിയിരിക്കുമെന്നും മഹാദേവസ്വാമി പറയുന്നു.

ആദ്യ പരീക്ഷണത്തില്‍ വളത്തിന്റെ ഗുണമേന്‍മ അറിയാന്‍ മഹാദേവസ്വാമി പൈപ്പില്‍ നിര്‍മിച്ച കംപോസ്റ്റ് ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ പോലും അതിശയിപ്പിക്കുന്നതായിരുന്നു അതിന്റെ റിസള്‍ട്ട്. കാല്‍സ്യം, ഫോസ്ഫറസ് മറ്റ് പോഷകഘടകങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് സമ്പുഷ്ടമായിരുന്നു ഈ വളം. ആളുകള്‍ക്ക് വലിയ അധ്വാനമില്ലാതെ വീടുകളില്‍ തന്നെ ഇത്തരത്തില്‍ മാലിന്യം സംസ്‌കരിക്കാമെന്നും കൃഷിക്ക് അനുയോജ്യമാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര ഗാര്‍ഹിക -നഗരകാര്യ മന്ത്രാലയം നടത്തിയ ഈ വര്‍ഷത്തെ സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വേയില്‍, 3മുതല്‍ 10ലക്ഷം ആളുകള്‍ വരെ തിങ്ങിപ്പാര്‍ക്കുന്ന വിഭാഗത്തില്‍ വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത് മൈസുരുവിനെയാണ്. ഖരമാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ മികച്ച നഗരമായി മാംഗളൂരുവും സ്ഥാനം പിടിക്കുകയുണ്ടായി

വീട്ടിലെ പരീക്ഷണം നാട്ടില്‍ സജീവം

സ്വന്തം വീട്ടില്‍ വളം നിര്‍മാണം പരീക്ഷിച്ചു വിജയിച്ചതോടെ മഹാദേവസ്വാമിയുടെ വേറിട്ട രീതി ഹിറ്റായി മാറി. തുടര്‍ന്ന് പിവിസി കംപോസ്റ്റ് സംവിധാനം തയാറാക്കാന്‍ നിരവധി ആളുകള്‍ അദ്ദേഹത്തെ സമീപിച്ചു തുടങ്ങുകയും ചെയ്തു. ശിവമോഗയിലെ ഡെപ്യൂട്ടി കമ്മീഷണര്‍, കോര്‍പ്പറേഷന്‍ കമ്മീഷണര്‍, ജില്ലാ പഞ്ചായത്ത് സിഇഒ എന്നിവരുടെ വീടുകളിലും സമാന രീതിയിലുള്ള കംപോസ്റ്റിംഗ് സംവിധാനം മഹാദേവസ്വാമി ഇതിനോടകം നിര്‍മിച്ചു കഴിഞ്ഞിരിക്കുന്നു.

മഹാദേവസ്വാമിയുടെ വ്യത്യസ്തത പുലര്‍ത്തുന്ന മാലിന്യ നിര്‍മാര്‍ജ്ജന രീതിയോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു പ്രധാന വിഷയവും കര്‍ണാടകയില്‍ അടുത്തിടെ അരങ്ങേറിയിട്ടുണ്ട്. കേന്ദ്ര ഗാര്‍ഹിക -നഗരകാര്യ മന്ത്രാലയം നടത്തിയ ഈ വര്‍ഷത്തെ സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വേയില്‍, 3 മുതല്‍ 10 ലക്ഷം ആളുകള്‍ വരെ തിങ്ങിപ്പാര്‍ക്കുന്ന വിഭാഗത്തില്‍ വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത് മൈസുരുവിനെയാണ്. ഖരമാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ മികച്ച നഗരമായി മാംഗളൂരുവും സ്ഥാനം പിടിക്കുകയുണ്ടായി.

ശിവമോഗയിലെ സ്വച്ഛ് ഭാരത് മിഷന്‍ കോര്‍ഡിനേറ്റര്‍ കൂടിയായ മഹാദേവസ്വാമി കാണിച്ചു തരുന്നത് ശുചിത്വത്തിന്റെ മാര്‍ഗമാണ്. അതും വീടുകളില്‍ നിന്നും തുടങ്ങി വെയ്‌ക്കേണ്ട ശുചിത്വം. അമിതമായ കഠിനാധ്വാനമോ ചെലവുകളോ ഇല്ലാതെ ഓരോ വ്യക്തിക്കും വീട്ടില്‍ തന്നെ മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള വേറിട്ട വഴി. അടുക്ക മാലിന്യം പാഴാക്കാതെ റീസൈക്കിള്‍ ചെയ്തു വീണ്ടും നമ്മുടെ തന്നെ കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നാം ഓരോരുത്തരെയും പ്രോല്‍സാഹിപ്പിക്കുകയാണ് അദ്ദേഹം. ലളിതമായ മാര്‍ഗത്തിലൂടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കാനും പ്രകൃതിക്ക് മികച്ച ജൈവവളം ലഭ്യമാക്കാനുമുള്ള വഴികാട്ടിയായിരിക്കുകയാണിപ്പോള്‍ പൈപ്പ് മനുഷ്യന്‍ എന്നു വിളിപ്പേരുള്ള മഹാദേവസ്വാമി.

Comments

comments

Categories: FK Special, Slider

Related Articles