മുംബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ജെറ്റ് എയര്‍വേസ് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കും

മുംബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ജെറ്റ് എയര്‍വേസ് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കും

അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ്പിന്തുണയ്ക്കുന്ന ജെറ്റ് എയര്‍വേസ് വിപണി വീണ്ടും വിപുലപ്പെടുത്തുന്നു

അബുദാബി: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍ കമ്പനി ജെറ്റ് എയര്‍വേസ് നവംബര്‍ അഞ്ചു മുതല്‍ മുംബൈയില്‍നിന്നു മാഞ്ചസ്റ്ററിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കും. ഇന്ത്യയ്ക്കും യുകെയ്ക്കുമിടയില്‍ ജെറ്റ് എയര്‍വേസ് നടത്തുന്ന അഞ്ചാമത്തെ നേരിട്ടുള്ള വിമാന സര്‍വീസ് ആകുമിത്.

തിങ്കള്‍, വ്യാഴം, ശനി, ഞായര്‍ എന്നിങ്ങനെ ആഴ്ചയില്‍ നാലു ദിവസമാണ് ബ്രിട്ടനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ മാഞ്ചസ്റ്ററിലേക്ക് മുംബൈയില്‍നിന്നും നേരിട്ടു നോണ്‍ സ്റ്റോപ്പ് സര്‍വീസ് നടത്തുക. 254 സീറ്റുകളുള്ള എ 330-200 എയര്‍ബസാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.

മുംബൈയില്‍നിന്നു പ്രാദേശിക സമയം 2.30-ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (9ം 130) മാഞ്ചസ്റ്ററില്‍ പ്രാദേശിക സമയം 7.55-ന് എത്തിച്ചേരും. തിരിച്ച് മാഞ്ചസ്റ്ററില്‍നിന്നു പ്രാദേശിക സമയം 9.35-ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (9ം 129) മുംബൈയില്‍ പുലര്‍ച്ചെ 0.40-ന് എത്തിച്ചേരും.

ജെറ്റ് എയര്‍വേസിന്റെ രാജ്യാന്തര വിമാന സര്‍വീസ് ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഇരുപത്തിയൊന്നാമത്തെ വിദേശ നഗരമാണ് മാഞ്ചസ്റ്റര്‍. മുംബൈ-മാഞ്ചസറ്റര്‍ ഫ്‌ളൈറ്റിനു പ്രയാസമില്ലാതെ രാജ്യത്തെ വിവിധ നഗരങ്ങളിലേക്കു കണക്ഷനും ലഭ്യമാണ്.

അഹമ്മദാബാദ്, വഡോധര, ഭുജ്, ഭോപ്പാല്‍, ബെംഗളരൂ, കൊല്‍ക്കത്ത, കോയമ്പത്തൂര്‍, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, ഇന്‍ഡോര്‍, ഔറംഗബാദ്, ജയ്പ്പൂര്‍, ചെന്നൈ, നാഗ്പൂര്‍, രാജ്‌കോട്ട്, റായ്പ്പൂര്‍, ഉദയ്പ്പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കു മുംബൈയിലെ ഹബ്ബില്‍നിന്നു കണക്ഷന്‍ ഫ്‌ളൈറ്റ് ലഭിക്കും. അതുപോലെ തന്നെ ബാങ്കോക്ക്, കൊളംബോ, ഹോങ്കോംഗ്, സിംഗപ്പൂര്‍, ധാക്കാ, കാഠ്മണ്ഠു തുടങ്ങിയ രാജ്യാന്തര നഗരങ്ങളിലേക്കും കണക്ഷന്‍ ലഭിക്കും.

ഇന്ത്യയ്ക്കും യുകെയ്ക്കുമിടയില്‍ ജെറ്റ് എയര്‍വേസ് നടത്തുന്ന അഞ്ചാമത്തെ നേരിട്ടുള്ള വിമാന സര്‍വീസ് ആകുമിത്

ഡെല്‍ഹിയില്‍നിന്നും നിലവില്‍ ലണ്ടനിലേക്കു നടത്തുന്ന സര്‍വീസുകള്‍ക്കു പുതിയ സര്‍വീസ് കരുത്തു പകരും. കഴിഞ്ഞ വര്‍ഷം മൂന്നു പുതിയ രാജ്യാന്തര സര്‍വീസുകള്‍ ജെറ്റ് എയര്‍വേസ് ആരംഭിച്ചിരുന്നു.

പുതിയ ഫ്‌ളൈറ്റിന്റെ വരവോടെ ഇന്ത്യയില്‍നിന്നു യുകെയിലേക്കുള്ള കാര്‍ഗോ കയറ്റുമതിയില്‍ 15 ടണ്ണിന്റെ വര്‍ധനയുണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതോടെ പ്രതിദിനം ഇന്ത്യയ്ക്കും യുകെയ്ക്കുമിടയില്‍ ഓരോ വശത്തേക്കുമുള്ള ചരക്കു കടത്തിന്റെ ശേഷി 115 ടണ്ണായി ഉയരും.

പുതിയ സര്‍വീസിലൂടെ മാഞ്ചസ്റ്റര്‍ ഞങ്ങളുടെ ആഗോള നെറ്റ്‌വര്‍ക്കിലേക്ക് എത്തുകയാണ്. ഇതോടെ ആഴ്ചയില്‍ എണ്ണായിരത്തിലധികം സീറ്റുകളാണ് തങ്ങളുടെ അതിഥികള്‍ക്കു ലഭ്യമാകുന്നത്. ബിസിനസ്, വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്കും വളരെയധികം പ്രയോജനം ചെയ്യുമിത്. മാത്രവുമല്ല, ഇന്ത്യയ്ക്കും യുകെയ്ക്കുമിടയില്‍ വാണിജ്യവും ടൂറിസവും വര്‍ധിക്കുവാന്‍ ഇടയാക്കുകയും ചെയ്യും-ജെറ്റ് എയര്‍വേസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ പറഞ്ഞു.

യുകെയിലെ ഏറ്റവും വേഗം വളരുന്ന നഗരമായ മാഞ്ചസ്റ്റര്‍ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡിജിറ്റല്‍ ഹബ്ബുകൂടിയാണ്. ഏറോസ്‌പേസ് മുതല്‍ റീട്ടെയ്ല്‍ വരെയുള്ള വൈവിധ്യമാര്‍ന്ന വ്യവസായങ്ങളില്‍നിന്നുള്ള നിരവധി കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുംബൈയ്ക്കും മാഞ്ചസ്റ്ററിനുമിടിയില്‍ നടത്തുന്ന ഈ സര്‍വീസിന് വലിയ പ്രാധാന്യമാണുള്ളത്. വളരെ വേഗം വളരുന്ന ബിസിനസ്-വ്യവസായ ഹബ്ബായ മാഞ്ചസ്റ്ററില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇവിടെ നിന്നു ലിവര്‍പൂള്‍, ലീഡ്‌സ്, ഷെഫീല്‍ഡ് തുടങ്ങിയ മറ്റു പ്രധാന നഗരങ്ങളിലേക്കു കണക്ഷനും ലഭ്യമാണ്.

ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയിലേക്കുള്ള കയറ്റുമതിക്കും ഇന്ത്യന്‍ സന്ദര്‍ശകരേയും നിക്ഷേപകരേയും ആകര്‍ഷിക്കുവാനും ജെറ്റ് എയര്‍വേസിന്റെ ഈ സര്‍വീസ് സഹായിക്കുമെന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് സിഇഒ ആന്‍ഡ്രു കോവന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Arabia

Related Articles