ഇവിടെ പഠനം 60 കഴിഞ്ഞവര്‍ക്ക് മാത്രം

ഇവിടെ പഠനം 60 കഴിഞ്ഞവര്‍ക്ക് മാത്രം

ആധുനിക തലമുറ അണുകുടുംബങ്ങളിലേക്ക് ചുരുങ്ങിയതോടെ പ്രായമേറിയ അച്ഛനമ്മമാര്‍ വീടുകളില്‍ ഒറ്റപ്പെടുന്നു. ഏകാന്തതയിലെ വിരസത അകറ്റുന്നതിന്റെ ഭാഗമായാണ് തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ മുതിര്‍ന്നവര്‍ക്കായി സ്‌കൂള്‍ തുറന്നിരിക്കുന്നത്

പൂണ്‍ശ്രി സിയാംഗ്നല്‍ രാവിലെ തിരക്കിട്ടുള്ള ഒരുക്കത്തിലാണ്. ചുവന്ന നിറത്തില്‍ മുട്ടോളം എത്തുന്ന പാവാട, വെള്ള നിറത്തിലുള്ള ഷര്‍ട്ട്. തലമുടി ഇരുവശങ്ങളിലായി പിന്നിയിട്ട് ചുവന്ന റിബണില്‍ മുറുക്കി കെട്ടിയിരിക്കുന്നു. ഒരു കുട്ടി സ്‌കൂളില്‍ പോകാനുള്ള ഒരുക്കത്തിലാണെന്നു തോന്നിയത് സ്വാഭാവികം. അതെ, സ്‌കൂളിലേക്കാണ്. പക്ഷേ കുട്ടിയുടെ പ്രായം 63 ആണെന്നു മാത്രം. തായ്‌ലന്‍ഡില്‍ മുതിര്‍ന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലേക്കാണ് പൂണ്‍ശ്രീ അടക്കമുള്ള സ്ത്രീകളുടേയും പുരുഷന്‍മാരുടേയും യാത്ര.

പ്രായമായവരുടെ വിരസത അകറ്റാന്‍

തായ്‌ലന്‍ഡിലെ ചിയാംഗ് രാക് സോയിലുള്ള ആയുത്തായ പ്രവിശ്യയിലാണ് മുതിര്‍ന്നവരുടെ വിരസത അകറ്റാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മക്കളും മരുമക്കളും ജോലിക്കായി പോയാല്‍ വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന ആളുകളെ ഉദ്ദേശിച്ചാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതുപോലെ അവരില്‍ ഒരു ശീലമുണ്ടാക്കിയെടുക്കുക, ഉല്ലാസം പകരുന്ന സാഹചര്യത്തിനൊപ്പം അറിവുകള്‍ പകര്‍ന്ന് അവരെ ചുറുചുറുക്കുള്ളവരാക്കി മാറ്റുക എന്നതു തന്നെയാണ് ഈ സ്‌കൂളിന്റെ പരമമായ ലക്ഷ്യം. ”സ്‌കൂളില്‍ നിന്നും എനിക്ക് ഒരുപാട് അറിവ് കിട്ടുന്നുണ്ട്. നിരവധി സുഹൃത്തുക്കളെയും. ഒരു ദിവസം സ്‌കൂളില്‍ പോകാന്‍ കഴിയാതെ വന്നാല്‍ വല്ലാത്ത ഏകാന്തത തോന്നും. ക്ലാസ്‌റും മിസ് ചെയ്യും”, പൂണ്‍ശ്രീ പറയുന്നു.

മുതിര്‍ന്നവര്‍ക്കു മാത്രം പ്രവേശനമുള്ള ഈ സ്‌കൂളില്‍ എല്ലാ ദിവസവും ക്ലാസില്ല. ബുധനാഴ്ചകളില്‍ മാത്രമേയുള്ളൂ എന്നതാണ് പ്രത്യേകത. സ്‌കൂളിലേക്ക് പോകാനുള്ള കാത്തിരിപ്പിലാണ് ആഴ്ചയിലെ ഓരോ ദിവസവും തള്ളിനീക്കുന്നത്. ക്ലാസില്‍ സുഹൃത്തുക്കളെ കാണാനും അവര്‍ക്കൊപ്പം തമാശകള്‍ പറഞ്ഞു ചിരിക്കാനും കഴിയുന്നത് വലിയൊരു ആശ്വാസമാണ്”, 77കാരിയായ സോംജിത് തിരാരോജ് പറയുന്നു. നാല്‍പതാം വയസില്‍ വിധവയായ സോംജിത്തിനെ അവരുടെ മക്കള്‍ വല്ലപ്പോഴും മാത്രമാണ് സന്ദര്‍ശിക്കാറുള്ളത്. ഈ സ്‌കൂളിലേക്കുള്ള വരവാണ് അവരുടെ കളിയും ചിരിയുമെല്ലാം. ഡാന്‍സും പാട്ടും വിവിധ വിഷയങ്ങളുമെല്ലാം ഇവിടെ പഠിപ്പിക്കാറുണ്ട്.

തായ്‌ലന്‍ഡില്‍ ഇപ്പോഴത്തെ കണക്കുകളില്‍ 65 വയസിനു മുകളില്‍ പ്രായമുളളവരുടെ എണ്ണം 7. 5 മില്യണ്‍ ആണ് . 2040 ആകുമ്പോഴേക്കും ഇത് 17 മില്യണ്‍ കടക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്‌

2040ല്‍ പ്രായമായവരുടെ എണ്ണം 17 മില്യണ്‍

സോംജിത്തിനെ പോലയുള്ളവര്‍ തായ്‌ലന്‍ഡില്‍ കൂടിവരികയാണ്. ഇക്കൂട്ടരില്‍ സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. വീടുകളില്‍ ഒറ്റയ്ക്കു കഴിയേണ്ടിവരുന്ന പ്രായമേറിയവരുടെ എണ്ണം അനുദിനം കൂടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തായ്‌ലന്‍ഡിലും ചൈനയിലും അയല്‍നാടുകളെ അപേഭിച്ച് മുതിര്‍ന്നവരുടെ ജനസംഖ്യയില്‍ ക്രമാതീതമായ വളര്‍ച്ചയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2040 ഓടെ കിഴക്കന്‍ ഏഷ്യയിലുള്ള മുതിര്‍ന്നവരുടെ എണ്ണത്തില്‍ കൂടുതലും ഇവിടങ്ങളിലായിരിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. തായ്‌ലന്‍ഡില്‍ ഇപ്പോഴത്തെ കണക്കുകളില്‍ 65 വയസിനു മുകളില്‍ പ്രായമുളളവരുടെ എണ്ണം 7. 5 മില്യണ്‍ ആണ് . 2040 ആകുമ്പോഴേക്കും ഇത് 17 മില്യണ്‍ കടക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പരമ്പരാഗതമായി പ്രായമേറുന്നവര്‍ മക്കള്‍ക്കൊപ്പം അവരുടെ മക്കളെയും പരിപാലിച്ച് വീടുകളില്‍ കഴിയുകയാണ് പതിവ്. എന്നാലിന്ന് യുവതലമുറ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റുമായി നഗരങ്ങളിലേക്ക് കുടുംബത്തോടെ ചേക്കേറുന്നതാണ് മുതിര്‍ന്നവര്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്നതിനുള്ള പ്രധാന കാരണം. ഈ ഒറ്റപെടലില്‍ നിന്നുള്ള താല്‍ക്കാലിക രക്ഷയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ മുതിര്‍ന്നവര്‍ക്കായി ഇത്തരം സ്‌കൂളുകള്‍ ആരംഭിച്ചത്.

വടക്കന്‍ ബാങ്കോക്കില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയായാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളില്‍ പോകുന്ന ആ പഴയ കാലത്തെ ഓര്‍മിപ്പിക്കുന്നതിനും പ്രായമായവരില്‍ ചെറുപ്പത്തിന്റെ ചുറുചുറുക്ക് ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടിയാണ് സ്‌കൂളില്‍ യൂണിഫോം ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളിലേക്ക് പോകാനും തിരികെ വരാനും മറ്റുമായി സ്‌കൂള്‍ ബസും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

Comments

comments

Categories: FK Special, Slider