ജിഎല്‍ഇ 43 കൂപ്പെ ഓറഞ്ച്ആര്‍ട്ട്, എസ്എല്‍സി 43 റെഡ്ആര്‍ട്ട് ഇന്ത്യയില്‍

ജിഎല്‍ഇ 43 കൂപ്പെ ഓറഞ്ച്ആര്‍ട്ട്, എസ്എല്‍സി 43 റെഡ്ആര്‍ട്ട് ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില യഥാക്രമം 1.02 കോടി രൂപ, 87.48 ലക്ഷം രൂപ

ന്യൂഡെല്‍ഹി : മെഴ്‌സിഡീസ്-എഎംജി ജിഎല്‍ഇ 43 കൂപ്പെ ഓറഞ്ച്ആര്‍ട്ട് എഡിഷന്‍, എസ്എല്‍സി 43 റെഡ്ആര്‍ട്ട് എഡിഷന്‍ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. യഥാക്രമം 1.02 കോടി രൂപയും 87.48 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ലിമിറ്റഡ് എക്‌സ്‌ക്ലുസീവ് എഡിഷന്‍ ആയതിനാല്‍ ഇരു പെര്‍ഫോമന്‍സ് കാറുകളുടെയും 25 യൂണിറ്റ് വീതം മാത്രമാണ് വിപണിയിലെത്തിക്കുന്നത്.

മെഴ്‌സിഡീസ്-എഎംജി ജിഎല്‍ഇ 43 കൂപ്പെ ഓറഞ്ച്ആര്‍ട്ട് എഡിഷന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആഗോളതലത്തില്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ വരുന്നത് ഇപ്പോഴാണെന്ന് മാത്രം. വാഹന നിര്‍മ്മാതാക്കള്‍ വിവിധ മോഡലുകളില്‍ ഉപയോഗിക്കുന്നതിനാല്‍ ഓറഞ്ച് നിറത്തിന് ഇപ്പോള്‍ ശുക്രദശയാണ്. ആ സമയത്താണ് ജിഎല്‍ഇ 43 കൂപ്പെ ഓറഞ്ച്ആര്‍ട്ട് എഡിഷന്‍ ഇന്ത്യയിലെത്തുന്നത്. ഈയിടെ പുറത്തിറക്കിയ ടാറ്റ നെക്‌സോണ്‍ എഎംടി, മാരുതി സുസുകി വിറ്റാര ബ്രെസ്സ എഎംടി, ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റ് എന്നിവയിലെല്ലാം ഓറഞ്ച് ഷേഡുകള്‍ കാണാം.

എഎംജി ലൈന്‍ എക്‌സ്റ്റീരീയര്‍ പാക്കേജ്, നൈറ്റ് പാക്കേജ്, സവിശേഷമായ 21 ഇഞ്ച് എഎംജി അലോയ് വീലുകള്‍ എന്നിവയാണ് മെഴ്‌സിഡീസ്-എഎംജി ജിഎല്‍ഇ 4മാറ്റിക് കൂപ്പെ ഓറഞ്ച്ആര്‍ട്ട് ലിമിറ്റഡ് എഡിഷന്‍ മോഡലിനെ മഹത്തരമാക്കുന്നത്. ഫ്രണ്ട് ബംപറിന് ഓറഞ്ച് ലിപ് നല്‍കിയിരിക്കുന്നു. അലോയ് വീലുകളുടെ റിം ഫ്‌ളാഞ്ചില്‍ ഓറഞ്ച് പെയിന്റ് വര്‍ക്ക് കാണാം. ആകെ കറുത്തിരുണ്ട കാറിന് ഓറഞ്ച് ആര്‍ട്ട് സവിശേഷ ലുക്ക് നല്‍കുന്നു.

ഓറഞ്ച് പൈപ്പിംഗ്, ഗ്രേ കോണ്‍ട്രാസ്റ്റ് ടോപ് സ്റ്റിച്ചിംഗ് എന്നിവ സഹിതം ബ്ലാക്ക് നാപ്പ ലെതറാണ് കാറിനകത്ത് കാണുന്നത്. ഓറഞ്ച് പൈപ്പിംഗ് നടത്തിയ ഫ്‌ളോര്‍ മാറ്റുകളില്‍ എഎംജി എന്നെഴുതിയത് വായിക്കാം. ബ്ലാക്ക് എല്‍ഇഡി റിംഗുകള്‍ സഹിതം ഫുള്‍ എല്‍ഇഡി ഇന്റലിജന്റ് ലൈറ്റ് സിസ്റ്റം ഹെഡ്‌ലാംപുകളാണ് മറ്റൊരു പ്രത്യേകത.

അതേസമയം മെഴ്‌സിഡീസ്-എഎംജി എസ്എല്‍സി 43 റെഡ്ആര്‍ട്ട് എഡിഷന്റെ എക്റ്റീരിയറില്‍ റെഡ് ആക്‌സന്റുകളാണ് കാണുന്നത്. ‘ഡിസൈനോ സെലിനൈറ്റ് ഗ്രേ മാഗ്നോ’ ‘പെയിന്റ് ഫിനിഷിലാണ്’ പെര്‍ഫോമന്‍സ് കണ്‍വെര്‍ട്ടിബിള്‍ തിളങ്ങുന്നത്. ഫ്രണ്ട്, റിയര്‍ ബംപറുകള്‍, 18 ഇഞ്ച് എഎംജി അലോയ് വീലുകളുടെ റിം ഫ്‌ളാഞ്ച്, സൈഡ് എയര്‍ വെന്റുകള്‍ എന്നിവിടങ്ങളില്‍ റെഡ് ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നു. ബ്രേക്ക് കാലിപറുകളും ചുവപ്പന്‍ തന്നെ. കാര്‍ബണ്‍ ഫൈബര്‍ ഇഫക്റ്റ് നല്‍കിയ ലെതര്‍, ഇന്റീരിയറില്‍ ഉടനീളം റെഡ് ആക്‌സന്റുകള്‍, കോണ്‍ട്രാസ്റ്റ് റെഡില്‍ തീര്‍ത്ത സീറ്റ്‌ബെല്‍റ്റുകള്‍ എന്നിവയാണ് കാറിനകത്തെ വിശേഷങ്ങള്‍.

ഇരു പെര്‍ഫോമന്‍സ് കാറുകളുടെയും 25 യൂണിറ്റ് വീതം മാത്രമാണ് വിപണിയിലെത്തിക്കുന്നത്

3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് രണ്ട് എഎംജി മോഡലുകളിലും നല്‍കിയിരിക്കുന്നത്. 367 ബിഎച്ച്പി കരുത്തും 520 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. സിബിയു രീതിയിലാണ് രണ്ട് മോഡലുകളും ഇന്ത്യയിലെത്തിയത്.

Comments

comments

Categories: Auto