ഇത്തവണയും റമദാന് ഇഫ്താര്‍ വിരുന്നൊരുക്കി എമിറേറ്റ്‌സ്

ഇത്തവണയും റമദാന് ഇഫ്താര്‍ വിരുന്നൊരുക്കി എമിറേറ്റ്‌സ്

വിശുദ്ധ മാസം യാത്രക്കാര്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ഭാഗമായി മികച്ച ഷോപ്പിംഗ് ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്

ദുബായ്: മേയ് 17 മുതല്‍ ആരംഭിച്ച വിശുദ്ധമാസത്തില്‍ എമിറേറ്റ്‌സ് യാത്രക്കാര്‍ക്കായി പ്രത്യേക റമദാന്‍ സേവനങ്ങള്‍ ഇക്കുറിയും ലഭ്യമാക്കും. ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും തിരികെയും സര്‍വീസ് നടത്തുന്ന എല്ലാ തെരഞ്ഞെടുക്കപ്പെട്ട എമിറേറ്റ്‌സ് വിമാനങ്ങളിലെയും എല്ലാ കാബിന്‍ ക്ലാസ്സുകളിലും ജിദ്ദയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്ന ഉംറ സംഘങ്ങള്‍ക്കും ഈന്തപ്പഴം, ശുദ്ധ ജലം തുടങ്ങിയവയും പ്രത്യേക ആഹാര സാധനങ്ങളും ലഭ്യമാക്കുമെന്ന് വിമാന കമ്പനി അറിയിച്ചു.

റമദാനില്‍ നോമ്പ് മുറിക്കുന്നതിനും സമീകൃതമായ ആഹാരം കഴിക്കുന്നതിനുമായി എമിറേറ്റ്‌സ് ആകര്‍ഷകമായ ഇഫ്താര്‍ ബോക്‌സുകള്‍ വിതരണം ചെയ്യും. ആഗോളതലത്തിലുള്ള ആളുകള്‍ക്ക് രുചിക്കുന്ന രീതിയിലുള്ള മെനുവില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള രുചികളും ഉള്‍പ്പെടുത്തും. റോസ്റ്റ് ചെയ്തതും ഗ്രില്‍ ചെയ്തതുമായ വിവിധയിനം ചിക്കന്‍ വിഭവങ്ങള്‍, സാന്റ്‌വിച്ചുകള്‍, സ്‌പൈനാക് ഫത്തയര്‍, ടൊമാറ്റോ ഫത്തയര്‍, മധുര പലഹാരങ്ങള്‍, ഈന്തപ്പഴം, ശുദ്ധജലം എന്നിവയും ഇഫ്താര്‍ ബോക്‌സുകളില്‍ ലഭ്യമാക്കും. റമദാന്‍ മാസം പകുതിയാകുമ്പോള്‍ മെനുവില്‍ മാറ്റങ്ങള്‍ വരുത്തും.

യാത്രയിലായിരിക്കുമ്പോള്‍ വിമാനത്തിന്റെ സ്ഥിതി, ഉയരം എന്നിവ കണക്കാക്കി കൃത്യതയോടെ നോമ്പ് തുടങ്ങുന്നതിനും ഇഫ്താറിനുമുള്ള സമയം കണക്കാക്കും. പ്രത്യേക ടൂള്‍ ഉപയോഗിച്ചാണ് സമയം കണക്കാക്കുന്നത്. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ക്യാപ്റ്റന്‍ യാത്രക്കാരെ ഇഫ്താറിനെ കുറിച്ച് അറിയിക്കും. എല്ലാ വിമാനങ്ങളിലെയും ബുക്ക് ലെറ്റുകളില്‍ നോമ്പ് സമയം കണ്ടെത്തുന്നതിനുള്ള ടൂള്‍ ലഭ്യമാക്കും.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3-ലും മറ്റ് ലക്ഷ്യ സ്ഥാനങ്ങളിലും റമദാന്റെ സൂചകമായി ഈന്തപ്പഴം നിറച്ച ട്രേകളും വെള്ളവും ബോര്‍ഡിംഗ് ഗേറ്റുകളില്‍ നോമ്പ് തുറക്കുന്നതിനായി കരുതിയിരിക്കും. എമിറേറ്റ്‌സ് ലോഞ്ചുകളില്‍ പ്രത്യേകം പ്രാര്‍ത്ഥന മുറികളും സജ്ജീകരിച്ചിട്ടുണ്ട്. അറബിക് കോഫി, ഈന്തപ്പഴം, മധുരപലഹാരങ്ങള്‍ എന്നിവയും ലോഞ്ചുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. ജിദ്ദ, മദീന എന്നിവടങ്ങളിലേക്കും ഉംറക്കുമുള്ള വിമാനങ്ങളില്‍ വിശുദ്ധമാസത്തില്‍ ചൂടുള്ള ഭക്ഷണത്തിന് പകരം തണുപ്പിച്ച ഭക്ഷണമായിരിക്കും വിളമ്പുക.

നോമ്പ് മുറിക്കുന്നതിനും സമീകൃതമായ ആഹാരം കഴിക്കുന്നതിനുമായി എമിറേറ്റ്‌സ് ആകര്‍ഷകമായ ഇഫ്താര്‍ ബോക്‌സുകള്‍ വിതരണം ചെയ്യും

പുരസ്‌കാരങ്ങള്‍ നേടിയ എമിറേറ്റ്‌സിന്റെ ഐസ് സംവിധാനം വഴി വിശ്വാസപരമായതും വിനോദത്തിനുള്ളതുമായ പരിപാടികള്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യവും എമിറേറ്റ്‌സ് ഒരുക്കിയിട്ടുണ്ട്. ഇതില്‍ 238 അറബിക് ചാനലുകള്‍ ഉള്‍പ്പെടെ 3500 ഓളം ചാനലുകള്‍ വഴി സിനിമകള്‍, സംഗീതം മറ്റ് വിനോദ പരിപാടികള്‍ എന്നിവയും ലഭ്യമാകും.

കൂടാതെ റമദാന്‍ വിശുദ്ധ മാസം യാത്രക്കാര്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ഭാഗമായി മികച്ച ഷോപ്പിംഗ് ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 95ഡോളറില്‍ കൂടുതല്‍ ഓണ്‍ ബോര്‍ഡ് ഡ്യൂട്ടി ഫ്രീ പര്‍ച്ചേസ് നടത്തുന്ന യാത്രക്കാര്‍ക്ക് ജൂണ്‍ 11മുതല്‍ 15വരെ 20ശതമാനം ഇളവ് ലഭിക്കും. അതോടൊപ്പം ജൂണ്‍ 14മുതല്‍ 17 വരെ എമിറേറ്റ്‌സിന്റെ തിരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ഈദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ തരം മധുര പലഹാരങ്ങളും മിട്ടായികളും വിതരണം ചെയ്യും.

കഴിഞ്ഞ ഇരുപത് വര്‍ഷമായി യാത്രക്കാരുടെ സൗകര്യത്തിനായി എമിറേറ്റ്‌സ് ഇഫ്താര്‍ സേവനം നല്‍കുന്നുണ്ട്.

Comments

comments

Categories: Arabia