സമുദ്രത്തിലെ ജൈവവൈവിധ്യത്തിനു ഭീഷണിയായി കോറല്‍ ബ്ലീച്ചിംഗ് മാറുന്നു

സമുദ്രത്തിലെ ജൈവവൈവിധ്യത്തിനു ഭീഷണിയായി കോറല്‍ ബ്ലീച്ചിംഗ് മാറുന്നു

ഓസ്‌ട്രേലിയയിലെ ദി ഗ്രേറ്റ് ബാരിയര്‍ റീഫ് ഉള്‍പ്പെടെ, ലോകമെങ്ങുമുള്ള കടലിലെ പവിഴപ്പുറ്റുകളെ (coral reef) കോറല്‍ ബ്ലീച്ചിംഗ് ദോഷകരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. കോറല്‍ ബ്ലീച്ചിംഗിന്റെ ദൂഷ്യഫലം ഏറ്റവും കുറവ് അനുഭവപ്പെട്ടത് ആഫ്രിക്കയുടെ കിഴക്കന്‍ തീരത്താണെന്നും റിപ്പോര്‍ട്ട്.പവിഴപ്പുറ്റുകളുടെ നിറങ്ങള്‍ നഷ്ടപ്പെട്ടു അവ വെള്ള നിറത്തിലേക്കു മാറുന്ന പ്രതിഭാസമാണു കോറല്‍ ബ്ലീച്ചിംഗ്.

സെയ്‌ഷെല്‍സിനെയാണ് ഏറ്റവുമധികം ബാധിച്ചത്. മഡഗാസ്‌കര്‍, മൗറീഷ്യസ്, കെനിയ, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളെയും ബാധിച്ചു. zooxanthellae algae എന്ന ഒരു തരം പായലിന് പവിഴപ്പുറ്റുകളുമായി വളരെയടുത്ത ബന്ധമാണുള്ളത്. പവിഴപ്പുറ്റുകള്‍ക്ക് ഭക്ഷണം വരെ ഈ പായല്‍ നല്‍കി വരുന്നു. സമുദ്രത്തിനു ചൂടുപിടിക്കുന്നതിനാലും (ocean warming), അമ്ലീകരിക്കപ്പെടുന്നതിനാലും (acidification) പായല്‍ ഇല്ലാതാവുന്നു. ഇതാണു കോറല്‍ ബ്ലീച്ചിംഗ് സംഭവിക്കാന്‍ കാരണമാകുന്നത്. ബ്ലീച്ചിംഗ് ദീര്‍ഘകാലം തുടരുമ്പോള്‍, അത് പവിഴപ്പുറ്റുകളുടെ നാശത്തിനും കാരണമാകുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന കോറല്‍ ബ്ലീച്ചിംഗും അനുബന്ധ നാശങ്ങളും സമുദ്രത്തിലെ ജൈവവൈവിധ്യത്തിനു തന്നെ ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. സമുദ്രങ്ങളിലെ ആഴം കുറഞ്ഞ ഭാഗത്താണു പവിഴപ്പുറ്റുകള്‍ കാണപ്പെടുന്നത്, ഇവിടം സമുദ്രജീവികള്‍ക്കു തഴച്ചുവളരാന്‍ സാധിക്കുന്ന ഇടം കൂടിയാണ് പ്രത്യേകിച്ചു മത്സ്യങ്ങള്‍ക്ക്.
കോറല്‍ ബ്ലീച്ചിംഗ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 1998-ലാണ്. ആ വര്‍ഷം പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ El Niño Southern Oscillation കോറല്‍ ബ്ലീച്ചിംഗിനു കാരണമായി. കിഴക്കന്‍ ആഫ്രിക്കന്‍ തീരത്തുള്ള പവിഴപ്പുറ്റുകള്‍ 20 ശതമാനത്തോളം നശിക്കുകയും ചെയ്തു.

സമുദ്രത്തിലെ മഴക്കാടുകളെന്നാണ് (underwater rainforest) പവിഴപ്പുറ്റുകളെ വിശേഷിപ്പിക്കുന്നത്. സമുദ്രജീവിതത്തിലും ജൈവവൈവിധ്യത്തിലും അവ വഹിക്കുന്ന പങ്ക് നിസാരമല്ല. ലോകമെങ്ങുമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതില്‍ ആഫ്രിക്കന്‍ കോറലുകള്‍ അഥവാ പവിഴപ്പുറ്റുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സെയ്ഷില്‍സിലെയും, സാന്‍സിബാറിലെയും, മഡഗാസ്‌കറിലെയും ആഫ്രിക്കയുടെ കിഴക്കന്‍ തീരപ്രദേശങ്ങളിലെയും പവിഴപ്പുറ്റുകള്‍ കാണാന്‍ നിരവധി പേരാണ് ഓരോ വര്‍ഷവുമെത്തുന്നത്. ഇതാകട്ടെ, ആയിരങ്ങള്‍ക്കു തൊഴിലും ലഭ്യമാക്കുന്നു. ആഭ്യന്തരയുദ്ധവും, വംശീയയുദ്ധവും പതിവ് കാഴ്ചയായ ആഫ്രിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. അവിടെയുള്ള യുവാക്കള്‍ക്ക് ആകെ ആശ്വാസമെന്നു പറയുന്നത് ടൂറിസമാണ്. എന്നാല്‍ കോറല്‍ ബ്ലീച്ചിംഗ് കാരണം ആഫ്രിക്കയിലെ ടൂറിസം രംഗം ഭീഷണി നേരിടുകയാണ്. അവിടെ സ്‌കൂബ ഡൈവിംഗ് വ്യവസായത്തെയും കോറല്‍ ബ്ലീച്ചിംഗ് ബാധിച്ചു. വേള്‍ഡ് ബാങ്കിന്റെ കണക്ക്പ്രകാരം, സാന്‍സിബാറില്‍ 2.2 മില്യന്‍ ഡോളറിന്റെയും, മൊസാംബയില്‍ 15.09 മില്യന്‍ ഡോളറിന്റെയും നഷ്ടമാണ് കോറല്‍ ബ്ലീച്ചിംഗ് ഉണ്ടാക്കിയിരിക്കുന്നത്.

Comments

comments

Categories: FK Special, Slider