2018 ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

2018 ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 9.43 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : 2018 ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 9.43 ലക്ഷം രൂപ മുതലാണ് പെട്രോള്‍ വേരിയന്റുകളുടെ ഇന്ത്യ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഡീസല്‍ വേരിയന്റുകളുടെ വില 9.99 ലക്ഷം രൂപ മുതലാണ്. വിപണിയില്‍ പുറത്തിറക്കി ഏകദേശം മൂന്ന് വര്‍ഷത്തിനുശേഷമാണ് ഇതാദ്യമായി ഹ്യുണ്ടായ് ക്രെറ്റ സമഗ്രമായി പരിഷ്‌കരിക്കുന്നത്. പുതിയ സ്റ്റൈലിംഗ്, പരിഷ്‌കരിച്ച ഇന്റീരിയര്‍, നിരവധി പുതിയ ഫീച്ചറുകള്‍ എന്നിവ ക്രെറ്റ ഫേസ്‌ലിഫ്റ്റിന്റെ വിശേഷങ്ങളാണ്. ഡുവല്‍ ടോണ്‍ ഓപ്ഷന്‍ സഹിതം ഓറഞ്ച് പെയിന്റ് സ്‌കീം കോംപാക്റ്റ് എസ്‌യുവിക്ക് ലഭിച്ചിരിക്കുന്നു.

ബേസ് പെട്രോള്‍ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍ഗാമിയേക്കാള്‍ 15,000 രൂപ കൂടുതലാണ് പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റിന്. അതേസമയം ടോപ്-സ്‌പെക് എസ്എക്‌സ്(ഒ) പെട്രോള്‍ വേരിയന്റിന് ഇപ്പോള്‍ 57,000 രൂപ അധികം നല്‍കണം. എന്നാല്‍ ബേസ് ഡീസല്‍ വേരിയന്റിന്റെ വിലയില്‍ മാറ്റമില്ല. അതേസമയം ടോപ്-സ്‌പെക് എസ്എക്‌സ്(ഒ) വേരിയന്റിന് 44,000 രൂപയാണ് വര്‍ധിച്ചത്. എസ്എക്‌സ് പ്ലസ് വേരിയന്റ് ഹ്യുണ്ടായ് ഒഴിവാക്കിയിരിക്കുന്നു. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുടെ ടോപ് വേരിയന്റ് ഇപ്പോള്‍ എസ്എക്‌സ്(ഒ) ആണ്. ഇ പ്ലസ്, എസ് വേരിയന്റുകളിലാണ് 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ലഭിക്കുന്നത്.

പുതിയ ക്രെറ്റയുടെ മുന്‍ഭാഗം അല്‍പ്പം പരിഷ്‌കരിച്ചിട്ടുണ്ട്. ക്രോം ബേസെല്‍ സഹിതം പുതിയ കാസ്‌കേഡ് ഗ്രില്‍ ഇപ്പോള്‍ കാണാം. സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയതോടെ പുതിയ ബംപറുകള്‍ക്ക് ഡുവല്‍ ടോണ്‍ ഫിനിഷ് ലഭിച്ചിരിക്കുന്നു. ഫോഗ് ലാംപുകളിലും മാറ്റം വരുത്തി. ഫോഗ് ലാംപുകള്‍ക്കുചുറ്റും ഇപ്പോള്‍ പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കാണാം. പുതിയ ബൈ-ഫംഗ്ഷണല്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, പൊസിഷനിംഗ് ലാംപ്, എല്‍ഇഡി സൈഡ് ഇന്‍ഡിക്കേറ്ററുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ പരിഷ്‌കാരങ്ങളുടെ ഭാഗമാണ്. പിന്‍ഭാഗത്ത്, പരിഷ്‌കരിച്ച ടെയ്ല്‍ലാംപുകള്‍ ആകര്‍ഷകമാണ്.

ഹ്യുണ്ടായ് ക്രെറ്റയിലെ ഫീച്ചറുകളുടെ പട്ടിക ഇപ്പോള്‍ നീളമേറിയതാണ്. സെഗ്‌മെന്റില്‍ ഇതാദ്യമായി സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, 6 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്മാര്‍ട്ട് കീ ബാന്‍ഡ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവ ഫീച്ചറുകളാണ്. സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയും ഫീച്ചറുകള്‍ തന്നെ. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക്, ഐബ്ലൂ ഓഡിയോ കണ്‍ട്രോള്‍ ആപ്പ് എന്നിവ സഹിതം പുതിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍ എന്നിവയും ലഭിച്ചു.

ക്രെറ്റ ഫേസ്‌ലിഫ്റ്റിന്റെ ടോപ് വേരിയന്റുകളില്‍ ഗ്ലോസി എ പില്ലര്‍ നല്‍കിയിരിക്കുന്നു. രണ്ട് പുതിയ ഡുവല്‍ ടോണ്‍ പെയിന്റ് ഓപ്ഷനുകള്‍ ഇവിടെ ലഭിക്കും. മറീന ബ്ലൂ ആന്‍ഡ് പാഷന്‍ ഓറഞ്ച്, പാഷന്‍ ഓറഞ്ച് ആന്‍ഡ് ബ്ലാക്ക് എന്നിവ. പുതിയ ടാന്‍ജറീന്‍ ഓറഞ്ച് ഇന്റീരിയര്‍ കളര്‍ പാക്ക് കൂടി ലഭ്യമാണ്. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളാണ് നല്‍കിയിരിക്കുന്നത്. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ് എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്. ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍), വിഎസ്എം (വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, പുതിയ ഫ്രണ്ട് സീറ്റ്‌ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍ എന്നിവയും കോംപാക്റ്റ് എസ്‌യുവിയുടെ സുരക്ഷാ സന്നാഹങ്ങളാണ്.

നിലവിലെ അതേ 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 121 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. അതേസമയം 1.6 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ മോട്ടോര്‍ 126 ബിഎച്ച്പി പരമാവധി കരുത്താണ് പുറപ്പെടുവിക്കുന്നത്. രണ്ട് എന്‍ജിനുകള്‍ക്കും 6 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കും. കൂടുതല്‍ ഇന്ധനക്ഷമത സമ്മാനിക്കുന്ന 88 ബിഎച്ച്പി, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മറ്റൊരു ഓപ്ഷനാണ്.

വിപണിയില്‍ പുറത്തിറക്കി മൂന്ന് വര്‍ഷത്തിനുശേഷമാണ് ഹ്യുണ്ടായ് ക്രെറ്റ സമഗ്രമായി പരിഷ്‌കരിക്കുന്നത്

മഹീന്ദ്ര എക്‌സ്‌യുവി 500 ഫേസ്‌ലിഫ്റ്റ്, ജീപ്പ് കോംപസ് എന്നിവയോടാണ് 2018 ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റ് മത്സരിക്കുന്നത്. മൂന്ന് വര്‍ഷം/ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി 2018 ക്രെറ്റ ഉപയോക്താക്കള്‍ക്ക് ഹ്യുണ്ടായ് നല്‍കും. റോഡ്‌സൈഡ് അസിസ്റ്റന്‍സും ലഭിക്കും. ഈ മാസം അവസാനത്തോടെ ഡെലിവറി തുടങ്ങും.

2018 ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റ് വില

വേരിയന്റ്                                              എന്‍ജിന്‍                              വില

ഇ                                                                  1.6 പെട്രോള്‍                  9,43,908 രൂപ

ഇ പ്ലസ്                                                      1.6 പെട്രോള്‍                  9,99,900 രൂപ

എസ്എക്‌സ് ഡുവല്‍ ടോണ്‍       1.6 പെട്രോള്‍                12,43,934 രൂപ

എസ്എക്‌സ് എടി                              1.6 പെട്രോള്‍                  13,43,834 രൂപ

എസ്എക്‌സ്(ഒ)                                  1.6 പെട്രോള്‍                  13,59,948 രൂപ

ഇ പ്ലസ്                                                    1.4 ഡീസല്‍                        9,99,900 രൂപ

എസ്                                                        1.4 ഡീസല്‍                          11,73,893 രൂപ

എസ് എടി                                             1.6 ഡീസല്‍                        13,19,934 രൂപ

എസ്എക്‌സ്                                        1.6 ഡീസല്‍                        13,23,934 രൂപ

എസ്എക്‌സ് ഡുവല്‍ ടോണ്‍    1.6 ഡീസല്‍                        13,73,934 രൂപ

എസ്എക്‌സ് എടി                             1.6 ഡീസല്‍                        14,83,934 രൂപ

എസ്എക്‌സ് (ഒ)                                 1.6 ഡീസല്‍                       15,03,934 രൂപ

Comments

comments

Categories: Auto