പ്രകൃതിക്ക് തണലേകാന്‍ ‘വേസ്റ്റ്‌റൂട്ട്‌സ്’

പ്രകൃതിക്ക് തണലേകാന്‍ ‘വേസ്റ്റ്‌റൂട്ട്‌സ്’

പ്രകൃതി സംരക്ഷണവും മാലിന്യ നിര്‍മാര്‍ജ്ജനവും കൂട്ടിയിണക്കിയ സംരംഭമാണ് വേസ്റ്റ്‌റൂട്ട്‌സ്. പഴയ പത്രങ്ങള്‍, കടലാസുകള്‍, നോട്ട് ബുക്കുകള്‍ എന്നിവ വാങ്ങി അവയുടെ വിപണി വില അനുസരിച്ച്, തിരികെ ചെടികളും മരങ്ങളും സംഭാവന ചെയ്യുന്ന സംരംഭമാണിത്

പ്രകൃതിക്ക് പച്ചപ്പും തണലുമേകുന്ന മരങ്ങളും സസ്യങ്ങളും വെച്ചുപിടിപ്പിക്കാന്‍ പഠിപ്പിക്കുകയാണ് വേസ്റ്റ്‌റൂട്ട്‌സ് എന്ന സംരംഭം. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേസ്റ്റ്‌റൂട്ട്‌സ് പഴയ പേപ്പറുകളും പത്രങ്ങളും മറ്റും ശേഖരിച്ച് തിരികെ പണം നല്‍കുന്നതിനു പകരം ആനുപാതികമായ വിലയ്ക്ക് മരങ്ങളും സസ്യങ്ങളും നല്‍കുന്ന ഒരു സാമൂഹിക സംരംഭം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണിലൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളും ഇ-പത്രങ്ങളും ഏതു സമയത്തും വായിക്കാമെന്ന സ്ഥിതിയാണിപ്പോള്‍. പണ്ടുകാലത്തെ ദിനപ്പത്രങ്ങളുടെ സ്ഥാനം ഇന്ന് ഏറെക്കുറെ സ്മാര്‍ട്ട്‌ഫോണുകള്‍ പിടിച്ചടക്കിയിട്ടുണ്ടെങ്കിലും കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ ഏകദേശം 40.7 കോടി ജനങ്ങള്‍ പത്രം വായിക്കുന്നവരാണ് എന്നു മനസിലാക്കാം. ഗ്രാമ പ്രദേശങ്ങളിലെയും നഗരങ്ങളിലെയും ചേര്‍ത്തുള്ള കണക്കാണിത്. വാര്‍ത്ത വായിച്ചുകഴിഞ്ഞാല്‍ ഒരു പാഴ്‌വസ്തുവായി മാറ്റപ്പെടുന്ന ദിനപ്പത്രത്തിലൂടെ ഒരു ദിവസം ഇത്തരത്തില്‍ എത്രമാത്രം പേപ്പറുകള്‍ വീടുകളില്‍ കുന്നുകൂടുന്നുവെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇതോടൊപ്പം പത്രനിര്‍മാണത്തിന് ആവശ്യമായ പേപ്പറിനു വേണ്ടി വെട്ടിമുറിക്കേണ്ടി വരുന്ന മരങ്ങളുടെ എണ്ണവും കുറവല്ല. എന്നാല്‍ അവശ്യ സേവനങ്ങളിലൊന്നായ പത്രങ്ങളെ നിരോധിക്കാനും നമുക്കാവില്ല. ഈ ചിന്ത്ര സൃഷ്ടിച്ച ആശയമാണ് നോയിഡ സ്വദേശി സുധാസിംഗിനെ വേസ്റ്റ്‌റൂട്ട്‌സ് എന്ന വേറിട്ട സംരംഭത്തിന് രൂപം നല്‍കാന്‍ പ്രേരിപ്പിച്ചത്. എന്തിനുവേണ്ടി മരം മുറിക്കുന്നുവോ അവ തിരികെ സ്വീകരിച്ചുകൊണ്ട് വീണ്ടും മരങ്ങള്‍ അഥവാ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്ന ആശയത്തിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്.

വേസ്റ്റ്‌റൂട്ട്‌സ്

പ്രകൃതി സംരക്ഷണവും മാലിന്യ നിര്‍മാര്‍ജ്ജനവും കൂട്ടിയിണക്കിയ സംരംഭമാണ് വേസ്റ്റ്‌റൂട്ട്‌സ്. പഴയ പത്രങ്ങള്‍, കടലാസുകള്‍, നോട്ട് ബുക്കുകള്‍ എന്നിവ വാങ്ങി അവയുടെ വിപണി വില അനുസരിച്ച്, തിരികെ ചെടികളും മരങ്ങളും സംഭാവന ചെയ്യുന്ന സാമൂഹിക സംരംഭത്തിനാണ് സുധ നേതൃത്വം നല്‍കുന്നത്. ഇതിനുപുറമെ വീടുകളില്‍ ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ച് ഗാര്‍ഡനിംഗ് ജോലികളും ഇവര്‍ ഏറ്റെടുത്ത് ചെയ്യുന്നു.
വേസ്റ്റ്‌റൂട്ട്‌സില്‍ ശേഖരിക്കപ്പെടുന്ന പഴയ പത്രങ്ങളും മറ്റും റീസൈക്കിളിംഗ് കേന്ദ്രങ്ങളിലേക്കാണ് പോകുന്നത്.

സംരംഭം തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ നാലായിരത്തില്‍ പരം ആളുകളിലേക്ക് വേസ്റ്റ്‌റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കഴിഞ്ഞു. നോയിഡയിലെ റെസിഡന്‍ഷ്യന്‍ സൊസൈറ്റികള്‍, സ്‌കൂളുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇന്ന് ഈ സംരംഭം പ്രശ്‌സതമാണ്. പ്രതിമാസം 6 മുതല്‍ 7 ടണ്‍ വരെ പേപ്പറുകള്‍ റീസൈക്കിളിംഗിനായി നല്‍കാന്‍ ഇവര്‍ക്കു കഴിയുന്നു

വീടുകളില്‍ നിന്നും പഴയ പത്രങ്ങള്‍ വില്‍ക്കുമ്പോള്‍ തിരികെ പണം കിട്ടുന്നതിനു തന്നെയാണ് ഒട്ടുമിക്കരും പ്രാധാന്യം നല്‍കുന്നത്. സംരംഭത്തിന്റെ തുടക്കത്തില്‍ വേസ്റ്റ്‌റൂട്ട്‌സിന് ഏറെ വെല്ലുവിളിയായതും ഇത്തരം കാര്യങ്ങള്‍ തന്നെ. എന്നാല്‍ സുധാസിംഗ് തികച്ചും ലളിതമായ ഈ ആശയത്തിലൂടെ തന്റെ സംരംഭത്തെ മുന്നോട്ടു നയിക്കുകയായിരുന്നു. സാവധാനത്തിലാണെങ്കിലും, സംരംഭം പിന്നീട് വിജയം കാണുക തന്നെ ചെയ്തു. 10 കിലോ പത്രം നല്‍കിയാല്‍ 100 രൂപ വിലയുള്ള, ഉപഭോക്താവിനു കൂടി ഇഷ്ടമുള്ള ഒരു ചെടി വേസ്റ്റ് റൂട്ട്‌സില്‍ നിന്നും സ്വന്തമാക്കാനാകും.

മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മികച്ച പകരം വെക്കല്‍

നിലവില്‍ നോയിഡയിലും പരിസര പ്രദേശങ്ങളിലുമാണ് വേസ്റ്റ്‌റൂട്ട്‌സിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായിരിക്കുന്നത്. പഴയ പത്രങ്ങള്‍ വില്‍ക്കാനുണ്ട് എന്ന അഭ്യര്‍ത്ഥന കിട്ടിയാല്‍ ഓരോ വീടുകളിലും നേരിട്ടു ചെന്ന് വേസ്റ്റ്‌റൂട്ട്‌സ് പ്രവര്‍ത്തകള്‍ പത്രങ്ങള്‍ ശേഖരിക്കും. ഹൗസിംഗ് സൊസൈറ്റികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ശേഖരിച്ച പഴയ പത്രങ്ങളും മറ്റും രജിസ്റ്റര്‍ ചെയ്ത പ്രാദേശിക പേപ്പര്‍ മില്ലുകളിലേക്ക് റീസൈക്കിംളിംഗിനായി മാറ്റുകയാണ് പതിവ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള മരങ്ങളും സസ്യങ്ങളും തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇവിടെ നല്‍കുന്നുണ്ട്. നഗരത്തിന്റെ തിരക്കുകളും സ്ഥലപരിമിതിയും മറ്റും കാരണം അപ്പാര്‍ട്ട് മെന്റുകളില്‍ താമസിക്കുന്നവര്‍ പൊതുവെ മരങ്ങളേക്കാള്‍ ഉപരി, പേപ്പര്‍ നല്‍കി ചെടികള്‍ തിരികെ വാങ്ങാന്‍ ഏറെ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്നും സുധ പറയുന്നു.

കോര്‍പ്പറേറ്റ് മേഖലയിലെ പതിമൂന്നു വര്‍ഷത്തെ ജോലി ഉപേക്ഷിച്ചാണ് സുധാ സിംഗ് പുതിയ സംരംഭത്തിലേക്ക് കടന്നത്. അപ്പാര്‍ട്ട്‌മെന്റുകളിലെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഈ സംരംഭം മികച്ച പരിഹാരം നിര്‍ദേശിക്കുന്നുവെന്നാണ് ഇപ്പോള്‍ വേസ്റ്റ്‌റൂട്ട്‌സിന്റെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. വീടുകളില്‍ വെറും പാഴ്‌വസ്തുക്കളായി കുന്നുകൂടിക്കിടക്കുന്ന പേപ്പറുകള്‍ വിറ്റാല്‍ അന്തരീക്ഷത്തെ ശുദ്ധമാക്കുന്ന ചെടികള്‍ വീടുകളില്‍ തന്നെ വെക്കാമെന്നത് മികച്ച ആശയമാണെന്നും ഇവര്‍ വിലയിരുത്തുന്നു. അപ്പാര്‍ട്ട്‌മെന്റുകളില്‍ ഇവ വളരെ അത്യാവശ്യമാണു താനും.

ഒരു സംരംഭക എന്ന നിലയില്‍ ലാഭം മാത്രം പ്രതീക്ഷിക്കുന്ന ഒരു പ്രസ്ഥാനമല്ല വേസ്റ്റ്‌റൂട്ട്‌സ്. ഉപഭോക്താക്കളും തങ്ങള്‍ക്കു ലഭിക്കുന്ന സേവനത്തില്‍ കച്ചവടക്കണ്ണുകള്‍ കാണുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു നല്ല പരിസ്ഥിതിക്കുവേണ്ടി ഇരുകൂട്ടരും ഒത്തൊരുമിക്കുന്നു, അതാണ് യാഥാര്‍ത്ഥ്യം.

സംരംഭത്തിന്റെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന സുധയ്ക്ക് ഇപ്പോള്‍ സഹായികളായി നാലുപേര്‍ കൂടിയുണ്ട്. സമൂഹത്തിന്റെയും പരിസ്ഥിതിയുടേയും നന്മ മാത്രം പ്രതീക്ഷിച്ച് മേഖലയില്‍ ചെയ്യുന്ന സംഭാവനകള്‍ കണക്കിലെടുത്ത് നവരത്‌ന ഫൗണ്ടേഷന്‍ ശ്രീ എഫ്ബി നിഗം മെമ്മോറിയല്‍ അവാര്‍ഡ് നല്‍കി ഈ സാമൂഹ്യ സംരംഭകയെ ആദരിച്ചു

തുടക്കം ഫേസ്ബുക്ക് പേജിലൂടെ

2016 മധ്യത്തോടെ തുടങ്ങിയ ഈ സംരംഭം സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് പേജ് വഴി ഫ്‌ളൈയറുകളിലൂടെയാണ് ആളുകളിലേക്ക് എത്തിയത്. ആദ്യകാലത്ത് ഒരു വീടിന്റെ ടെറസ് ഭാഗം വാടകയ്ക്ക് എടുത്ത് ചെടികളും ബോണ്‍സായ് മരങ്ങളും ഒരു സഹായിയുടെ മേല്‍നോട്ടത്തില്‍ നട്ടുപിടിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ വീടുകളില്‍ നിന്നും പേപ്പര്‍ ശേഖരിക്കാന്‍ സുധ നേരിട്ട് ഇറങ്ങി. ഹൗസിംഗ് കോളനികളില്‍ നിന്നും അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും തന്റെ കാറില്‍ യാത്ര ചെയ്ത് അവര്‍ പഴയപത്രങ്ങളും നോട്ട്ബുക്കുകളും ശേഖരിച്ചു. സംരംഭം ക്ലിക്ക് ആയതോടെ അതേ വര്‍ഷം ഡിസംബറില്‍ തന്നെ സുധ വേസ്റ്റ്‌റൂട്ട്‌സിനെ ഒരു ഒറ്റയാന്‍ സംരംഭമായി രജിസ്റ്റര്‍ ചെയ്ത് വെബ്‌സൈറ്റും സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.

മെട്രോ നഗരവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു ആശയമാണ് വേസ്റ്റ്‌റൂട്ട്‌സ് നടപ്പാക്കിയിരിക്കുന്നത്. ബെംഗളൂരു , ഗുരുഗ്രാം, പുനെ എന്നിവിടങ്ങളില്‍ നിന്നും നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ടെങ്കിലും ദൂര സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കാന്‍ സുധയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തന്റെ സംരംഭ ആശയം കൂടുതല്‍ ആളുകളില്‍ എത്തുന്നതിലും ആളുകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിലും അഭിമാനമുണ്ടെന്നും അവര്‍ എടുത്തു പറയുന്നു.

പ്രതിമാസം 6 ടണ്‍ പേപ്പര്‍ റീസൈക്കിളിംഗിലേക്ക്

സംരംഭം തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ നാലായിരത്തില്‍ പരം ആളുകളിലേക്ക് വേസ്റ്റ്‌റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സുധയ്ക്കു കഴിഞ്ഞു. നോയിഡയിലെ റെസിഡെന്‍ഷ്യന്‍ സൊസൈറ്റികള്‍, സ്‌കൂളുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇന്ന് സുധയുടെ സംരംഭം പ്രശ്‌സതമാണ്. പ്രതിമാസം 6 മുതല്‍ 7 ടണ്‍ വരെ പേപ്പറുകള്‍ റീസൈക്കിളിംഗിനായി നല്‍കാന്‍ ഇവര്‍ക്കു കഴിയുന്നുണ്ട്. വേറിട്ട ആശയത്തിലൂടെ സമൂഹത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്ന സംരംഭത്തെ സഹായിക്കുന്നതിനായി നിരവധി ആളുകള്‍ വോളന്റിയര്‍ സേവന വാഗ്ദാനം ചെയ്ത് സ്ഥാപത്തിലേക്ക് എത്തുന്നുണ്ട്. പേപ്പര്‍ ശേഖരിക്കുന്നതിനും മറ്റുമായുള്ള സഹായ വാഗ്ദാനങ്ങളാണ് സുധയ്ക്ക് ലഭിക്കുന്നതിലേറെയും. എന്നാല്‍ വോളന്റിയര്‍ ആകുന്നതിന് ഈ സംരംഭക ഒരു നിബന്ധന വെച്ചിട്ടുണ്ട്. കുറഞ്ഞത് പത്തോളം ആളുകളെയെങ്കെിലും പേപ്പറിനും പകരം ചെടികള്‍ വാങ്ങാനും നടാനും പ്രേരിപ്പിക്കുക എന്നതു മാത്രമാണ് ഇക്കാര്യത്തില്‍ സുധയുടെ ഉപാധി.

ചെടികളും മരങ്ങളും വിറ്റ് കഴിഞ്ഞാന്‍ അവിടം കൊണ്ടവസാനിക്കുന്നില്ല വേസ്റ്റ്‌റൂട്ട്‌സിന് ഉപഭോക്താക്കളുമായുള്ള ബന്ധം. വാട്‌സാപ്പ് ഗ്രൂപ്പ് വഴി തന്റെ ഉപഭോക്താക്കളുമായി സുധ നിരന്തര സമ്പര്‍ക്കത്തിലാണ്. ചെടികള്‍ പൂക്കുന്നതും കായ്ക്കുന്നതിന്റെയും അടക്കമുള്ള ഫോട്ടോ ഷെയര്‍ ചെയ്തും അവയുടെ പരിപാലനത്തിനായി ടിപ്‌സുകള്‍ നല്‍കിയും അവര്‍ ആളുകള്‍ക്കൊപ്പം തന്നെയുണ്ട്. സംരംഭത്തിന്റെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന സുധയ്ക്ക് ഇപ്പോള്‍ സഹായികളായി നാലുപേര്‍ കൂടിയുണ്ട്. സമൂഹത്തിന്റെയും പരിസ്ഥിതിയുടേയും നന്മ മാത്രം പ്രതീക്ഷിച്ച് മേഖലയില്‍ ചെയ്യുന്ന സംഭാവനകള്‍ കണക്കിലെടുത്ത് നവരത്‌ന ഫൗണ്ടേഷന്‍ ശ്രീ എഫ്ബി നിഗം മെമ്മോറിയല്‍ അവാര്‍ഡ് നല്‍കി ഈ സാമൂഹ്യ സംരംഭകയെ ആദരിച്ചു

Comments

comments

Categories: FK Special, Slider