പിഎന്‍ബിയുടെ റേറ്റിംഗ് ബിഎഎ3യില്‍ നിന്ന് ബിഎ1 ആയി മൂഡീസ് താഴ്ത്തി

പിഎന്‍ബിയുടെ റേറ്റിംഗ് ബിഎഎ3യില്‍ നിന്ന് ബിഎ1 ആയി മൂഡീസ് താഴ്ത്തി

ജനുവരി-മാര്‍ച്ച് പാദത്തില്‍ 13,416.9 കോടി രൂപയെന്ന എക്കാലയത്തെയും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയത്

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രാദേശിക, വിദേശ കറന്‍സി നിക്ഷേപ റേറ്റിംഗ് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് താഴ്ത്തി. ബിഎഎ3/ പി-3യില്‍ നിന്നും ബിഎ1/എന്‍പി ആയാണ് റേറ്റിംഗ് താഴ്ത്തിയത്. കൂടാതെ ബാങ്കിന്റെ ബേസ് ലൈന്‍ ക്രെഡിറ്റ് അസസ്‌മെന്റ് (ബിസിഎ), ക്രമീകൃത ബിസിഎ എന്നിവയിലെ റേറ്റിംഗ് ബിഎ3യില്‍ നിന്നും ബി1 ആക്കി താഴ്ത്തിയിട്ടുണ്ട്. അതേസമയം വീക്ഷണം ‘സ്ഥിരത’ എന്നതില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

പൊതുമേഖലാ വായ്പാദാതാവായ പിഎന്‍ബി ജനുവരി-മാര്‍ച്ച് പാദത്തില്‍ 13,416.9 കോടി രൂപയെന്ന എക്കാലയത്തെയും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 261.9 കോടി രൂപ അറ്റാദായമായി രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്തവണ നഷ്ടം രേഖപ്പെടുത്തിയത്.

തട്ടിപ്പ് ഇടപാടുകള്‍ മൂലമുണ്ടായ പ്രത്യാഘാതങ്ങളെ നേരിടാനുള്ള ബാങ്കിന്റെ ശേഷിയെ അടുത്ത 12-18 മാസത്തേക്ക് ദുര്‍ബലമായ വരുമാന പ്രൊഫൈല്‍ പരിമിതപ്പെടുത്തുമെന്ന് മൂഡീസ് വിലയിരുത്തുന്നു. വന്‍തോതിലുള്ള നിഷ്‌ക്രിയാസ്തി വായ്പകളും (എന്‍പിഎ)അനുബന്ധ വായ്പാ ചെലവുകളുമാണ് ബാങ്കിന്റെ സാമ്പത്തിക പ്രകടനം ദുര്‍ബലമാക്കിയ പ്രധാന ഘടകങ്ങള്‍.

രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ഈ വര്‍ഷം പുറത്ത് വന്നത്. ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ നിന്നും ഏകദേശം 11,400 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് തട്ടിപ്പ് തുക 14,000 കോടി രൂപയാണെന്ന് വ്യക്തമായി. വായ്പയെടുക്കാനായി ബാങ്കുകള്‍ വ്യാപാരികള്‍ക്ക് നല്‍കുന്ന ജാമ്യപത്രങ്ങളായ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിംഗ് (എല്‍ഒയു), ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് (എല്‍ഒസി) എന്നിവ ഉപയോഗിച്ചാണ് വജ്ര വ്യവസായി നിരവ് മോദിയാണ് വായ്പാ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനായി ബാങ്ക് ജീവനക്കാരും സഹായം ചെയ്തുവെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സര്‍ക്കാരില്‍ നിന്നുള്ള മൂലധന സമാഹരണമോ മാനേജ്‌മെന്റ് സ്വീകരിക്കുന്ന നടപടികളോ ബാങ്കിന്റെ കാപിറ്റലൈസേഷനെ മെച്ചപ്പെടുത്തിയാല്‍ പിഎന്‍ബിയുടെ ബിസിഎ അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുമെന്നാണ് മൂഡീസ് വ്യക്തമാക്കിയിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories