ലെക്‌സസ് എല്‍എക്‌സ് 570 അവതരിപ്പിച്ചു

ലെക്‌സസ് എല്‍എക്‌സ് 570 അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 2.32 കോടി രൂപ

ന്യൂഡെല്‍ഹി : ജാപ്പനീസ് ആഡംബര വാഹന ബ്രാന്‍ഡായ ലെക്‌സസ് ഇന്ത്യയില്‍ എല്‍എക്‌സ് 570 അവതരിപ്പിച്ചു. 2.32 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. രാജ്യത്തെ എല്ലാ ലെക്‌സസ് ഡീലര്‍ഷിപ്പുകളിലും എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. ലെക്‌സസിന്റെ എല്‍എക്‌സ് വാഹനനിരയിലെ എല്‍എക്‌സ് 450ഡി (ഡീസല്‍ എന്‍ജിന്‍) മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ലഭിക്കുന്നത്. 5.7 ലിറ്റര്‍, വി8 പെട്രോള്‍ എന്‍ജിനാണ് ലെക്‌സസ് എല്‍എക്‌സ് 570 എസ്‌യുവിയുടെ ഹൃദയം. ആഗോളതലത്തില്‍ ലെക്‌സസിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് എല്‍എക്‌സ് 570.

ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 200 ഉപയോഗിക്കുന്ന അതേ അണ്ടര്‍പിന്നിംഗ്‌സാണ് ലെക്‌സസ് എല്‍എക്‌സ് 570 എസ്‌യുവിക്ക് നല്‍കിയിരിക്കുന്നത്. രണ്ട് എസ്‌യുവികളുടെയും ഷാസി ഒന്നുതന്നെ. ലാഡര്‍-ഓണ്‍-ഫ്രെയിം ഷാസി. എന്നാല്‍ ലുക്കുകളും ആഡംബര ഫീച്ചറുകളും ലെക്‌സസ് എല്‍എക്‌സ് 570 എസ്‌യുവിയെ വേറിട്ടുനിര്‍ത്തുന്നു. ലെക്‌സസിന്റെ ഷാര്‍പ്പ് സ്റ്റൈലിംഗ്, സവിശേഷമായ ഗ്രില്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ എല്‍എക്‌സ് 570 എസ്‌യുവിക്ക് അസാധാരണ അപ്പിയറന്‍സ് നല്‍കുന്നു. ഫ്‌ളയേഡ് വീല്‍ ആര്‍ച്ചുകള്‍, റാപ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ എന്നിവയും കാണാം.

7 സീറ്റര്‍ എസ്‌യുവിയുടെ ഉള്‍ഭാഗം ആഡംബരപൂര്‍ണമാണ്. 2 ടോണ്‍ കളര്‍ തീമിലാണ് കാബിന്‍ തീര്‍ത്തിരിക്കുന്നത്. ലെതര്‍ അപ്‌ഹോള്‍സ്റ്ററി നല്‍കിയിരിക്കുന്നു. 19 സ്പീക്കറുകള്‍ സഹിതം മാര്‍ക്ക് ലെവിന്‍സണ്‍ ഓഡിയോ സിസ്റ്റം, കാബിനില്‍ അനുയോജ്യമായ താപനില ഒരുക്കുന്നതിന് 14 സെന്‍സറുകള്‍ സഹിതം ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് ഇന്റീരിയര്‍ വിശേഷങ്ങള്‍. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കൂള്‍ സീറ്റുകള്‍, പിന്‍സീറ്റ് യാത്രികര്‍ക്കായി റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍ തുടങ്ങി ഫീച്ചറുകള്‍ തീരുന്നില്ല.

ആഗോളതലത്തില്‍ ലെക്‌സസിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് എല്‍എക്‌സ് 570

മള്‍ട്ടി ടെറെയ്ന്‍ സെലക്റ്റ് (എംടിഎസ്) ലെക്‌സസ് എല്‍എക്‌സ് 570 എസ്‌യുവിക്ക് ലഭിച്ചിരിക്കുന്നു. 5 സ്പീഡ് ക്രൗള്‍ കണ്‍ട്രോളാണ് ഓഫ് റോഡ് സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഓരോ ചക്രത്തിലേക്കും ടോര്‍ക്കും ബ്രേക്കുകളും വ്യത്യസ്തമായും സമര്‍ത്ഥമായും ക്രമീകരിക്കാന്‍ ഇതിന് കഴിയും. എല്‍എക്‌സ് 570 എസ്‌യുവിയിലെ 5.7 ലിറ്റര്‍, വി8 എന്‍ജിന്‍ 362 ബിഎച്ച്പി കരുത്തും 530 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 7.7 സെക്കന്‍ഡ് മതി.

Comments

comments

Categories: Auto