അംഗരാജ്യത്തിന്റെ അധിപന്മാര്‍

അംഗരാജ്യത്തിന്റെ അധിപന്മാര്‍

സൂതപുത്രനെന്നറിയപ്പെട്ട കര്‍ണന്‍ ഉറ്റ ബന്ധുക്കളെ തള്ളിപ്പറഞ്ഞ് നിലയുറപ്പിച്ചത് അംഗരാജ്യം നല്‍കി ഔന്നത്യത്തിലേക്കുയര്‍ത്തിയ ദുര്യോധനാദികളുടെ കൂടെയാണ്. കര്‍ണന്‍ ജ്യേഷ്ഠനെന്നറിയാതെ അപമാനിച്ച കുന്തീപുത്രന്‍മാരുടെ നടപടികളും ഈ കൂറുമാറ്റത്തിന് കരുത്തു പകര്‍ന്നു. നൂറ്റാണ്ടുകള്‍ക്കു ശേഷവും കഥ തുടരുകയാണ്, കഥാപാത്രങ്ങള്‍ക്കു മാത്രമാണ് വ്യത്യാസം.

‘യശ്ചാ ജൈഷീദതി ബലാനമിത്രാനാപി ദുര്‍ജ്ജയാന്‍

ഗാന്ധാരാന്‍മദ്രകാന്മത്സ്യാംസ്ത്രിഗര്‍ത്താംസ്തംഗണാഞ്ശകാന്‍

പാഞ്ചാലാംശ്ച വിദേഹാംശ്ച കുളിന്ദാകാശീകോസലാന്‍

സുഹ്മാന്‍ഗാശ്ച പുണ്ട്രാംശ്ച നിഷാദാന്‍വംഗകീചകാന്‍

വത്സാന്‍ കലിംഗാംസ്തരസാനശ്മകാനൃഷികാംസ്തഥാ

യേ ജിത്വാ സമരേ വീര്‍ശ്ചക്രേ ബലിഭൃത പുരാ’

(ആ വീരനായ കര്‍ണ്ണന്‍ മിത്രത്തിനു വേണ്ടി ബലവാന്മാരും ദുര്‍ജ്ജയന്‍മാരുമായ ഗാന്ധാരന്‍, മദ്രദേശക്കാരന്‍, മത്സ്യന്‍, ത്രിഗര്‍ത്തന്‍, അംഗം, ശകന്‍, പാഞ്ചാലന്‍, വിദേഹന്‍, കുളിന്ദന്‍, കാശിരാജാവ്, കോസലന്‍, സുഹ്മാന്‍, പുണ്ഡ്രണ്‍, നിഷാദന്‍, വംഗരാജാവ്, കീചകന്‍, വത്സന്‍, കലിംഗം, അശമാകന്‍, ഋഷിക രാജ്യം തുടങ്ങിയ രാജ്യങ്ങളെ വീര്യം കൊണ്ട് ജയിച്ചു നമുക്ക് നല്‍കിയിട്ടുണ്ട്)

– മഹാഭാരതം (കര്‍ണ്ണപര്‍വ്വം, അദ്ധ്യായം 5, ശ്‌ളോകങ്ങള്‍ 18, 19, 20)

കുന്തീഭോജരാജാവ് സന്താനങ്ങളില്ലാതെ ദുഃഖിതനായിരുന്നു. അനന്തരാവകാശികളില്ലെന്ന ദുഃഖം സഹിക്ക വയ്യാതെ അദ്ദേഹം ഒരു പുത്രിയെ ദത്തെടുക്കാന്‍ തീരുമാനിച്ചു. ശ്രീകൃഷ്ണന്റെ പിതാവ് വാസുദേവരുടെ അച്ഛന്‍ സുരസേനന്‍ തന്റെ മകളായ പൃഥയെ ഭോജരാജാവിന് മകളായി ദത്ത് നല്‍കി. അങ്ങിനെയാണ് ശ്രീകൃഷ്ണന്റെ അച്ഛന്‍ പെങ്ങളായ യദുകുലകന്യക പൃഥ, കുന്തിയായി പുനര്‍നാമകരണം ചെയ്യപ്പെടുന്നത്.

കുന്തീദേവിയുടെ വിവാഹപൂര്‍വ പുത്രനാണ് കര്‍ണ്ണന്‍. ഒരിക്കല്‍ ഭോജരാജന്റെ കൊട്ടാരത്തില്‍ അതിഥിയായെത്തിയ ദുര്‍വ്വാസാവ് മഹര്‍ഷിയെ സ്വീകരിച്ച് പരിചരിച്ചത് അവിടത്തെ രാജകുമാരിയായ കുന്തിയായിരുന്നു. രാജകുമാരിയുടെ സല്‍ക്കാര കലയില്‍ അതീവ സന്തുഷ്ടനായ ദുര്‍വ്വാസാവ് മഹര്‍ഷി അമാനുഷ സുന്ദരിയായ കുന്തീകുമാരിയ്ക്ക് അഞ്ച് വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങള്‍ ഉപദേശിച്ചു കൊടുത്തു. ഏത് പ്രപഞ്ചശക്തിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഈ പുത്രസിദ്ധി മന്ത്രങ്ങള്‍ ജപിക്കുന്നുവോ, ആ ശക്തിയെ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുത്തി, ആ ശക്തിയുമായി വേഴ്ച ചെയ്യാന്‍ അവളെ പര്യാപ്തയാക്കുന്നതായിരുന്നു അവയോരോന്നും. രാസോത്സുകതയുടെ സ്‌ത്രൈണരൂപമായ ആ യൗവ്വനയുക്ത അവളുടെ അത്യാകാംക്ഷ മൂലം ഈ മന്ത്രം ഒന്ന് പരീക്ഷിച്ചു നോക്കുവാന്‍തന്നെ തീരുമാനിച്ചു. തത്സമയം അവള്‍ രജസ്വലയായിരുന്നു. രജകാലത്ത് ഗര്‍ഭധാരണം അസാദ്ധ്യമാണെന്ന് അറിഞ്ഞുകൊണ്ടാണ് കുന്തി ആ സമയം തിരഞ്ഞെടുത്തത്. അഞ്ച് മന്ത്രങ്ങളില്‍ നിന്ന് അവള്‍ തിരഞ്ഞെടുത്തത് സൂര്യദേവനെ പ്രത്യക്ഷപ്പെടുത്താനുള്ള മന്ത്രമായിരുന്നു. മന്ത്രശക്തി തല്‍ക്ഷണം അനുഭവവേദ്യമായി. അതിതേജസ്വിയായ സൂര്യദേവന്‍ തോള്‍വളയും കിരീടവും ദിവ്യാഭരണങ്ങളുമണിഞ്ഞു അവള്‍ക്കു മുന്നില്‍ ഗന്ധര്‍വ്വസമാനനായി പ്രത്യക്ഷനായി. കുന്തിയോട് സൂര്യദേവന്‍ താന്‍ അവളുടെ മന്ത്രാഹ്വാനത്താല്‍ വശീകൃതനായി എത്തിയതാണെന്നും അതിനാല്‍ തന്നില്‍ നിന്നും ഒരു സന്തതിയെ സ്വീകരിച്ചുകൊള്ളാനും ആവശ്യപ്പെട്ടു. പരിഭ്രാന്തയായ കുന്തി, താന്‍ വെറും ഔല്‍സുക്യം മൂലം മാത്രമാണ് സൂര്യനെ ക്ഷണിച്ചതെന്നും, അതിനാല്‍ അദ്ദേഹം സന്തുഷ്ടനായി മടങ്ങിപ്പോകണമെന്നും കേണപേക്ഷിച്ചു.

കുന്തിയുടെ അംഗസൗഷ്ഠവത്തില്‍ മനംമയങ്ങി ആഗ്രഹോത്തേജിതനായി നിന്ന സൂര്യദേവന്‍ ഇതുകേട്ട് അത്യന്തം കോപിഷ്ഠനായി. ക്ഷണിക്കപ്പെട്ട ദേവനെ നിഷ്ഫലമായി തിരിച്ചയയ്ക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും, അതിന്റെ ഫലം കൊടും ശാപമായി തന്നില്‍ നിന്നും ഏല്‍ക്കേണ്ടതായി വരുമെന്നും സൂര്യന്‍ അവളെ അറിയിച്ചു. കുന്തിയുടെ പിതാവ് ഭോജരാജാവും മന്ത്രമുപദേശിച്ച ദുര്‍വ്വാസാവും അതിന്റെ തിക്തഫലം അനുഭവിക്കുമെന്നും സൂര്യന്‍ പറഞ്ഞു. ഭയന്നുപോയ കുന്തി താന്‍ കന്യകയാണെന്നും, തന്റെ കന്യകാത്വം നഷ്ടപ്പെടാത്ത രീതിയില്‍ തന്നില്‍ പുത്രോല്‍പാാദനം ചെയ്തുകൊളളാനും സമ്മതിച്ചു. എന്നാല്‍ ആ സമ്മതം മറ്റ് രണ്ട് നിബന്ധനകള്‍ കൂടി ചേര്‍ന്നതായിരുന്നു. ഒന്ന്, അങ്ങനെയുണ്ടാകുന്ന പുത്രന്‍ തികഞ്ഞ ധര്‍മ്മിഷ്ഠന്‍ ആയിരിക്കണം. രണ്ട്, ജന്മനാല്‍ കവചകുണ്ഡലങ്ങളോട് കൂടിയവനുമായിരിക്കണം. കന്യകാപേക്ഷ ആയിരുന്നതിനാല്‍ സൂര്യദേവന്‍ നിബന്ധനകളെല്ലാം സ്വീകരിച്ചു. അവളുടെ കന്യകാത്വം നഷ്ടമാവാത്ത വിധത്തില്‍ യോഗബലത്താല്‍ സൂര്യദേവന്‍ കുന്തിയില്‍ പ്രവേശിച്ചു. കുന്തിക്കുണ്ടാകുന്ന പുത്രന്‍ സര്‍വ ശസ്ത്രപ്രവരന്മാരിലും വച്ച് ഉന്നതനായിരിക്കുമെന്നും, കുന്തി കന്യകയായി തുടരുമെന്നും അനുഗ്രഹിച്ച ശേഷം സൂര്യഭഗവാന്‍ തിരിച്ചുപോയി. ഗര്‍ഭിണിയായ കുന്തീദേവി അപമാനഭയത്തോടെ പത്ത് മാസം ഗര്‍ഭം ചുമന്ന് ഒടുവില്‍ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താല്‍ രഹസ്യമായി പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആണ്‍കുഞ്ഞായിരുന്നു അത്. അപമാനഭയം മൂലം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച കുന്തി ആ ചോരക്കുഞ്ഞിനെ ഒരു കുട്ടയിലാക്കി ഗംഗാനദിയിലൊഴുക്കുവാന്‍ തോഴിയെ ഏല്‍പിച്ചു. കവചകുണ്ഡലങ്ങള്‍ ഉള്ള കാലത്തോളം ഇവനെ ആര്‍ക്കും വധിക്കാന്‍ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവന്‍ അരുളിച്ചെയ്തിരുന്നത്തിന്റെ ധൈര്യത്തിലാണ് കുന്തി അത് ചെയ്തത്. നദിയിലൊഴുകി വന്ന കുട്ട, ഗംഗാസ്‌നാനം ചെയ്യുകയായിരുന്ന ഹസ്തിനപുരത്തിലെ കുതിരക്കാരന്‍ അധിരഥന്റെ ശ്രദ്ധയില്‍ പെട്ടു. പേടകം നീന്തിയെടുത്ത അധിരഥന്‍ അതില്‍ അതീവ തേജസ്സുള്ള കുഞ്ഞിനെ കണ്ട് അത്ഭുത പരതന്ത്രനായി. കാണാനഴകുള്ള ഓമനക്കുട്ടനുമായി വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയായ രാധയും അത്യധികം സന്തുഷ്ടയായി. അങ്ങിനെ അദ്ദേഹവും ഭാര്യയും ആ കുഞ്ഞിനെ എടുത്തു വളര്‍ത്തി. രാധ എടുത്ത് വളര്‍ത്തിയതിനാല്‍ രാധേയന്‍ എന്ന പേരിലും കുതിരതേരാളിയുടെ മകന്‍ എന്ന അര്‍ത്ഥത്തില്‍ സൂതപുത്രന്‍ എന്ന പേരിലും കര്‍ണ്ണന്‍ അറിയപ്പെട്ടു. പ്രകൃത്യാതീതമായി കുന്തിയുടെ കര്‍ണ്ണത്തിലൂടെ ഭൂജാതനായവന്‍ എന്ന അര്‍ത്ഥത്തിലാണ് കര്‍ണ്ണന്‍ എന്ന പേര് വന്നത്. ഗര്‍ഭധാരണവും പ്രസൂതിയും സ്വാഭാവിക പ്രകൃതിയില്‍ നിന്ന് വിഭിന്നമായിരുന്നു.

സ്വസഹോദരന്മാരുടെ അപമാന ശ്രമത്തില്‍ നിന്ന് കര്‍ണ്ണനെ രക്ഷിക്കുന്നത് അമ്മ വഴിയോ അച്ഛന്‍ വഴിയോ യാതൊരു ബന്ധവുമില്ലാത്ത ദുര്യോധനനാണ്. ഈ സാഹചര്യത്തില്‍ കര്‍ണ്ണന്‍ പ്രഖ്യാപിക്കുന്നു: ‘ദുര്യോധനന്റെ അഭിവൃദ്ധിക്കായി ഞാന്‍ എന്നെ ശാശ്വതമായി സ്വയം സമര്‍പ്പിക്കുന്നു’. ദുര്യോധനന് വേണ്ടി ഭൂമിയിലുള്ള സര്‍വ്വ രാജാക്കന്മാരേയും കീഴടക്കാമെന്നു കര്‍ണ്ണന്‍ ഉറപ്പു കൊടുത്തു. ജന്മം കൊണ്ട് പാണ്ഡവ പക്ഷത്ത് നില്‍ക്കേണ്ട കര്‍ണ്ണന്‍ ദുര്യോധനനില്‍ നിന്ന് അംഗരാജ്യം കൈവന്ന് രാജാവായി എതിര്‍പക്ഷത്ത്. ലോകത്തിലെ ആദ്യത്തെ കൂറുമാറ്റം ആ കുതിരക്കാരന്റേത് ആയിരുന്നു.

ഹസ്തിനപുരത്തിലെ ശസ്ത്രവിദ്യാ ഗുരുവായിരുന്ന ദ്രോണാചാര്യരുടെ അടുത്ത് തന്നെയാണ് കര്‍ണ്ണനും ആയുധവിദ്യ പഠിക്കാന്‍ എത്തിയത്. രാജഗുരുവായിരുന്ന അദ്ദേഹമാണ് കൗരവ-പാണ്ഡവ പുത്രന്മാരായ നൂറ്റിയാറ് പേര്‍ക്ക് ആയുധവിദ്യ പഠിപ്പിച്ചിരുന്നത്. അവരോടൊപ്പം കര്‍ണ്ണനും ദ്രോണശിഷ്യനായി ചേര്‍ന്നു. എന്നാല്‍ സൂതപുത്രനായതിനാല്‍, മര്‍മ്മ പ്രധാനമായ വിദ്യകളൊന്നും ദ്രോണാചാര്യര്‍ കര്‍ണ്ണനെ പഠിപ്പിക്കുകയുണ്ടായില്ല. അതില്‍ ഒന്നാണ് ബ്രഹ്മാസ്ത്രവിദ്യ. ഇക്കാര്യത്തില്‍ അതീവ കുണ്ഠിതനായിരുന്നു കര്‍ണ്ണന്‍. ഒരു ദിവസം രണ്ടും കല്‍പിച്ച് കര്‍ണ്ണന്‍ ദ്രോണരോട് ബ്രഹ്മാസ്ത്രവിദ്യ പകര്‍ന്നു നല്‍കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുതിരക്കാരനായ കര്‍ണ്ണന് ബ്രഹ്മാസ്ത്രവിദ്യ പ്രദാനം ചെയ്യാന്‍ ഗുരു ദ്രോണര്‍ വിസമ്മതം പ്രകടിപ്പിച്ചു. കര്‍ണ്ണന്റെ കലഹങ്ങള്‍ അവിടെ തുടങ്ങുന്നു.

നാളുകളേറെ കടന്നു പോയി. പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം ഏകദേശം പൂര്‍ത്തിയായി. രാജകുമാരന്മാര്‍ക്ക് ഓരോരുത്തര്‍ക്കുമുള്ള ആയോധനസാമര്‍ഥ്യം പ്രജാസമക്ഷം പരീക്ഷിച്ചറിയുവാന്‍ വേണ്ടി ഒരു മത്സരം സജ്ജമാക്കാന്‍ ഭീഷ്മാചാര്യര്‍ ഏര്‍പ്പാടുചെയ്തു. രാജകുമാരന്മാര്‍ എല്ലാവരും അവരവരുടെ കഴിവുകള്‍ കാഴ്ച വെച്ച് സദസ്സിനെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ അവസാനമായി ദ്രോണരുടെ പ്രിയശിഷ്യനായ അര്‍ജ്ജുനന്‍ രംഗത്തേക്ക് പ്രവേശിച്ചു. അര്‍ജ്ജുനന്‍ അങ്ങേയറ്റം ധര്‍മ്മനിഷ്ഠ കാത്തുസൂക്ഷിക്കുന്നവനും അസ്ത്രവിദ്യയില്‍ ഏറ്റവും അജയ്യനുമാണെന്നും അതിനകം പ്രജകള്‍ക്കിടയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ദിവ്യാസ്ത്രങ്ങളാല്‍ പലതരത്തിലുള്ള അത്ഭുതങ്ങള്‍ അര്‍ജ്ജുനന്‍ സദസ്സ് മുന്‍പാകെ പ്രദര്‍ശിപ്പിച്ചു. അസ്ത്രം മാത്രമല്ല, അറുപത്തിനാല് ആയോധനകലയിലും താന്‍ അഗ്രഗണ്യനാണെന്ന് അര്‍ജുനന്‍ തെളിയിച്ച് കൊണ്ടിരിക്കെ രാജസദസ്സും പ്രജാസദസ്സും അത്യത്ഭുതത്താല്‍ ആനന്ദപുളകം കൊണ്ടു. പാണ്ഡുപുത്രരോട് പകയും അസൂയയുമുള്ള ദുര്യോധനനാവട്ടെ, അര്‍ജുനവിജയത്തില്‍ അങ്ങേയറ്റം അസ്വസ്ഥനുമായി. മറ്റ് നൂറ്റിഅഞ്ച് പേരെ കടത്തിവെട്ടി ധനഞ്ജയന്‍ വിജയം കൊയ്ത് കൂട്ടിക്കൊണ്ടിരിക്കെ, പെട്ടെന്ന് മേഘനാദം പോലുള്ള ഒരു കരഘോഷം സഭാമണ്ഡപത്തിന്റെ ഗോപുരനടയില്‍ നിന്ന് കേള്‍ക്കായി.

എല്ലാവരും ഇതെന്ത് എന്ന ആകാംക്ഷയില്‍ ആശ്ചര്യത്തോടെ നോക്കിനില്‍ക്കുമ്പോള്‍, ദ്വാരപാലകന്മാര്‍ ഒരുക്കിയ വഴിയിലൂടെ അതീവ തേജസ്വിയും സുന്ദരനും കരുത്തനുമായ ഒരു യുവാവ് കവചകുണ്ഡലങ്ങള്‍ അണിഞ്ഞ്, തോളില്‍ വില്ലും ആവനാഴിയും അരയില്‍ പടവാളും കയ്യില്‍ പരിചയും ധരിച്ച് ഉറച്ച കാല്‍വെയ്പുകളോടെ സംശയലേശമെന്യേ സഗൗരവം നടന്നടുക്കുന്നത് ദൃശ്യമായി. ആ ആജാനുബാഹു കടന്നുവന്ന് വീരമണ്ഡലത്തെ ഒട്ടാകെ ഒന്ന് അവലോകനം ചെയ്ത് ദ്രോണകൃപന്മാരുടെ നേരെ അത്ര വലിയ ആദരവൊന്നും കാണിക്കാതെ ഒന്ന് കൈകൂപ്പി നമസ്‌കരിച്ചു. അതിനു ശേഷം ഇടിവെട്ടുന്ന സ്വരത്തില്‍ തന്റെ അറിയാത്ത അനുജനായ അര്‍ജ്ജുനനോട് ഇങ്ങനെ പറഞ്ഞു. ‘ഹേ പാര്‍ത്ഥാ, നീ ചെയ്ത വിദ്യകളൊക്കെ അതിനേക്കാളൊക്കെ ഉന്നതമായ വിധത്തില്‍ ഞാന്‍ ചെയ്ത് കാണിക്കാം. ഹേ വിജയാ, വിജയഭാവത്തില്‍ നീ ഇത്രയധികം അഹങ്കരിക്കരുത്’. എന്നിട്ടദ്ദേഹം വിദ്യാപ്രദര്‍ശനത്തിനായി ഗുരു ദ്രോണാചാര്യരുടെ അനുമതി തേടി. ദ്രോണാചാര്യരുടെ അര്‍ദ്ധസമ്മതത്തോടെ അയാള്‍ രംഗത്തു കയറി അര്‍ജ്ജുനന്‍ ചെയ്ത അതേ അഭ്യാസങ്ങള്‍ അതിനേക്കാള്‍ നൈപുണ്യത്തോടെയും വൈശിഷ്ട്യത്തോടെയും കാഴ്ചവച്ചു. അതാണ് കലഹിച്ച കര്‍ണ്ണന്റെ വാശി.

അര്‍ജ്ജുനനേക്കാള്‍ സമര്‍ത്ഥമായി അസ്ത്രവിദ്യ പ്രകടിപ്പിച്ച കര്‍ണ്ണനെ കൗരവസദസ്സും പ്രജാസദസ്സും ഒന്നാകെ ഹസ്താരവം മുഴക്കി അഭിനന്ദിച്ചു. ദുര്യോധനന് ഇതിലധികം ഒരു സന്തോഷം മുന്‍പെങ്ങും ഉണ്ടായിട്ടില്ല. അദ്ദേഹം വീരമണ്ഡലത്തിന്റെ മദ്ധ്യഭാഗത്ത് കയറിവന്ന് കര്‍ണ്ണനെ നേരിട്ട് അഭിനന്ദിച്ചു. എന്നാല്‍ അര്‍ജുനന്‍ കര്‍ണ്ണന്റെ വിദ്യാനൈപുണ്യത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തന്റെ പോരായ്മകള്‍ മനസ്സിലാക്കി പരിഹരിക്കുന്നതിന് പകരം, കര്‍ണ്ണന് നേരെ അത്യധികം ക്ഷുഭിതനാവുകയാണ് ഉണ്ടായത്. കര്‍ണ്ണനെ പൊതുസഭയില്‍, പിതൃപിതാമഹസമക്ഷത്തില്‍, തന്റെ കൂടി ഗുരുവാണ് കര്‍ണ്ണന് അനുമതി നല്‍കിയതെന്ന കാര്യം പാടെ വിസ്മരിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണ് ഫല്‍ഗുനന്‍. ‘കര്‍ണ്ണാ, വിളിക്കാതെ വന്നു കയറുന്നവര്‍ക്കും ചോദിക്കാതെ പറയുന്നവര്‍ക്കുമുള്ള ലോകം ഇഹലോകത്തിനപ്പുറമുണ്ട്. അവിടേയ്ക്ക് ഞാന്‍ നിന്നെ കൊന്നയക്കുവാന്‍ പോവുകയാണ്’. മറുപടിയായി കര്‍ണ്ണന്‍ ഇങ്ങനെ പറയുന്നു ‘പൊതുവേദി എല്ലാപേര്‍ക്കും ഒന്നുപോലെയാണ്. നിനക്കുമാത്രം വിശേഷിച്ച് എന്തുണ്ട്? ക്ഷത്രിയന്‍ വീര്യത്തെയാണ് ആശ്രയിക്കുന്നത്’.

ഇതിനകം തന്നെ കാര്യങ്ങള്‍ ഏകദേശം ഊഹിച്ച് ഗ്രഹിച്ച കൃപാചാര്യര്‍ അപ്പോള്‍ ഇടപെട്ടു. അദ്ദേഹം അര്‍ജ്ജുനന്റെ കുലവും ഗോത്രവും മാതൃ-പിതൃ പരമ്പരയുമെല്ലാം പൂര്‍ണ്ണമായി വിശദീകരിച്ചു. എന്നിട്ട് കര്‍ണ്ണനോട് അദ്ദേഹത്തിന്റെ കുലവും ഗോത്രവും പറയുവാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ അധിരഥനെ കണ്ടപ്പോള്‍ താതബഹുമാനത്തോടെ പുത്രയോജ്യമായി വണങ്ങിയ കര്‍ണ്ണന് താന്‍ സൂതപുത്രനാണ് എന്ന് പ്രത്യേകം പറയേണ്ടി വന്നില്ല. സഭ അത് മനസ്സിലാക്കി. കൃപര്‍ സഭയോടും കര്‍ണ്ണനോടും ആയി പറഞ്ഞു: ‘അര്‍ജുനന്‍ ക്ഷത്രിയനാണ്; ക്ഷത്രിയര്‍ ശൂദ്രരോട്, ദാസ്യവേലക്കാരോട് പൊരുതുകയില്ല’. ഇതുകേട്ട് കര്‍ണ്ണന്‍ ലജ്ജിതനായി നില്‍ക്കുകയാണ്. തന്റെ പ്രഥമ പുത്രനായ കര്‍ണ്ണനും നാലാമത്തെ പുത്രനായ അര്‍ജ്ജുനനും പരസ്പരം കൊല്ലാന്‍ തയ്യാറെടുക്കുന്നത് കുന്തികണ്ടു. ഒന്നും മിണ്ടിയില്ല. കര്‍ണ്ണനെ പാണ്ഡവര്‍ കുലം പറഞ്ഞ് അവഹേളിച്ചിട്ടും കുന്തിക്ക് അവന്റെ സത്യാവസ്ഥ വെളിപ്പെടുത്തുവാന്‍ തോന്നാത്തത് എന്തുകൊണ്ടാവും? പെറ്റമ്മ തള്ളിപ്പറയുന്നവന്റെ ദുഃഖം, കുന്തി അമ്മയാണെന്നറിയാത്തതിനാല്‍ കര്‍ണ്ണന്‍ ഭാഗ്യവശാല്‍ നേരിട്ടില്ല.

പെട്ടെന്ന് ദുര്യോധനന്‍ മനഃസാന്നിദ്ധ്യത്തോടെ ഇടപെട്ടു. കര്‍ണ്ണന് തന്റെ അധീനതയിലുള്ള അംഗരാജ്യം പ്രദാനം ചെയ്യുന്നതായും അദ്ദേഹത്തെ അവിടത്തെ രാജാവായി തത്സമയം മുതല്‍ വഴിക്കുകയാണെന്നും ദുര്യോധനന്‍ പ്രഖ്യാപിച്ചു. ‘ഇനി ഇയാള്‍ രാജ്യം ഭരിക്കുന്ന ക്ഷത്രിയനാണ്’: ദുര്യോധനന്‍ ഉദ്‌ഘോഷിച്ചു. പെറ്റമ്മയുടെ മക്കളുടെ, സ്വസഹോദരന്മാരുടെ അപമാന ശ്രമത്തില്‍ നിന്ന് കര്‍ണ്ണനെ രക്ഷിക്കുന്നത് അമ്മ വഴിയോ അച്ഛന്‍ വഴിയോ യാതൊരു ബന്ധവുമില്ലാത്ത ദുര്യോധനനാണ്. ഈ സാഹചര്യത്തില്‍ കര്‍ണ്ണന്‍ പ്രഖ്യാപിക്കുന്നു: ‘ദുര്യോധനന്റെ അഭിവൃദ്ധിക്കായി ഞാന്‍ എന്നെ ശാശ്വതമായി സ്വയം സമര്‍പ്പിക്കുന്നു’. ദുര്യോധനന് വേണ്ടി ഭൂമിയിലുള്ള സര്‍വ്വ രാജാക്കന്മാരേയും കീഴടക്കാമെന്നു കര്‍ണ്ണന്‍ ഉറപ്പു കൊടുത്തു. ജന്മം കൊണ്ട് പാണ്ഡവ പക്ഷത്ത് നില്‍ക്കേണ്ട കര്‍ണ്ണന്‍ ദുര്യോധനനില്‍ നിന്ന് അംഗരാജ്യം കൈവന്ന് രാജാവായി എതിര്‍പക്ഷത്ത്. ലോകത്തിലെ ആദ്യത്തെ കൂറുമാറ്റം ആ കുതിരക്കാരന്റേത് ആയിരുന്നു.

അംഗരാജ്യം വളര്‍ന്നു. കര്‍ണ്ണന്‍ ആദ്യമായി പട നയിച്ചത് പാണ്ഡവരുടെ ശ്വശുരനായ ദ്രുപദനെ കീഴടക്കാനാണ്. പിന്നെ, വടക്ക് മഹാശൈലം, കിഴക്ക് അംഗം, വംഗം, കലിംഗം, ശുണ്ഡികം, മിഥില, മഗധം, കര്‍ക്കഖണ്ഡം, ആവശീരം, അയോദ്ധ്യ, അഹിക്ഷേത്രം, കോസലം, ത്രിപുര, വത്സഭൂമി, മൂര്‍ത്തികാവതി എന്നിവയെല്ലാം കീഴടക്കി. ഇതിനിടെ കൃഷ്ണസ്യാലനായ യദുകുല രാജാവ് രുക്മിയും കര്‍ണ്ണനോടൊപ്പം ചേരുന്നുണ്ട്. തെക്ക് ഭാഗത്ത് വന്ന് പാണ്ഡ്യന്‍, ശ്രീശൈലന്‍, കേരളന്‍, നീലന്‍, വേണു എന്നീ രാജാക്കന്മാരെയും പടിഞ്ഞാറ് ഉള്ള യവനന്മാര്‍, ബര്‍ബ്ബരന്‍മാര്‍ എന്നിവരെയും കീഴടക്കുന്നു. ഇതിനിടയില്‍ വൃഷ്ണികളെയും (ഈശ്വരവിശ്വാസമില്ലാത്തവര്‍) കര്‍ണ്ണന്‍ കീഴടക്കുന്നുണ്ട്.

അംഗരാജ്യത്തിന്റെ അധിപന്മാര്‍, അംഗങ്ങള്‍ കൂടുതലുള്ള പക്ഷമാണ്. ‘The purpose of horse trading is to establish a stable government’ എന്ന് ഫലിത പ്രിയനായ ഒരു സുഹൃത്ത് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറഞ്ഞത് വെറും ഫലിതോക്തിയായി എടുക്കേണ്ടതില്ല. ‘Stable’ എന്ന വാക്കിന് സ്ഥിരതയുള്ളത് എന്ന് മാത്രമല്ല അര്‍ത്ഥം, കുതിരത്തൊഴുത്ത് എന്നുമുണ്ട്. അധികാരപ്പെട്ടവര്‍ നിയമപരമായി പ്രഖ്യാപിക്കുന്നതിനെ ‘ഫ്രം ദി ഹോഴ്‌സ് മൗത്ത്’ എന്നാണ് ഇംഗ്ലീഷില്‍ പറയുക. ആളെ കളിപ്പിക്കുന്നതിന് ‘ടേക്കണ്‍ ഫോര്‍ എ റൈഡ്’ (കുതിരസവാരിയ്ക്ക് കൊണ്ടുപോയി) എന്നാണ് ആംഗലേയ പ്രയോഗം. ഒരുവിധം തലസ്ഥാനങ്ങളിലെല്ലാം റേസ് കോഴ്സുമുണ്ട്. അവിടെയാണ് കുതിരപ്പന്തയങ്ങള്‍ നടക്കുക, കുതിരക്കച്ചവടവും. നല്ല കുതിരകള്‍ക്ക് എന്നും നല്ല വില കിട്ടും. രാജ്യം ഭരിക്കാന്‍ കിട്ടിയാല്‍ കുതിര മാത്രമല്ല, കുതിരക്കാരനും കൂടെ നില്‍ക്കും. ശേഷം ചിന്ത്യം.

Comments

comments

Categories: FK Special, Slider