ഗുലാബി ഗാങ് ; പെണ്‍കരുത്തിന്റെ വേറിട്ട മുഖം

ഗുലാബി ഗാങ് ; പെണ്‍കരുത്തിന്റെ വേറിട്ട മുഖം

സ്ത്രീകള്‍ക്കുനേരെയുള്ള അനീതിക്കും അതിക്രമത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കും ഏറെ കുപ്രസിദ്ധമായ ഉത്തര്‍പ്രദേശിലെ ബാന്ദ ഗ്രാമത്തെ നല്ല നടത്തം പഠിപ്പിച്ചുകൊണ്ടാണ് 2006ല്‍ ഗുലാബി ഗാങ് രംഗപ്രവേശം ചെയ്യുന്നത്. സ്ത്രീകളോടുള്ള പുരുഷന്മാരുടെ അതിക്രമങ്ങള്‍ അടിക്ക് മറുപടി അടി എന്ന രീതിയില്‍ ചെറുത്തുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച ഗുലാബി ഗാങ് വളരെ ചെറിയ സമയംകൊണ്ട് തന്നെ നീതികേട് കാണിക്കുന്നവരുടെ പേടി സ്വപ്‌നമായി മാറി. 20000 ല്‍ ഏറെ വനിതകള്‍ അംഗങ്ങളായ ഗുലാബി ഗാങ് കേവലമൊരു ഗുണ്ടാസംഘമല്ല, മറിച്ച് ഈ ഗ്രാമത്തിലെ അശരണരായ വനിതകള്‍ക്ക് നീതി ഉറപ്പാക്കുന്ന പോലീസും കോടതിയും ഒക്കെയാണ്. സമ്പല്‍ പല്‍ ദേവി എന്ന വനിതയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട് ഗുലാബി ഗാങ് സാമൂഹിക സംരംഭം എന്ന നിലയില്‍ ഗാര്‍ഹിക ഉല്‍പ്പന്ന നിര്‍മാണത്തിലൂടെ വനിതകളെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുകയും ചെയ്യുന്നു

അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്താന്‍ ആവാതെ ഇന്നും ഉത്തര്‍പ്രദേശിലെ പല ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങള്‍ നരകിക്കുകയാണ്. സര്‍ക്കാര്‍ ഈ പ്രദേശങ്ങളുടെ വികസനത്തിനായി പലവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും സാമൂഹ്യപരമായും വിദ്യാഭ്യാസ പരമായും പിന്നാക്കം നില്‍ക്കുന്ന ഈ ഗ്രാമങ്ങളിലേക്ക് ആ പദ്ധതികളുടെ ഫലം എത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തര്‍പ്രദേശ് എക്കാലത്തും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ പുരുഷ അസമത്വം. പല വീടുകളിലും പുരുഷന്റെ അടിമകളായാണ് സ്ത്രീകളെ കാണുന്നത്.സ്ത്രീകള്‍ക്കെതിരെയുള്ള അനീതിയും അക്രമവും ഗാര്‍ഹികപീഡനവും യാതൊരു തടസ്സവുമില്ലാതെ തുടരുന്ന ഉത്തര്‍പ്രദേശിലെ ഇത്തരം ഗ്രാമങ്ങളില്‍ ഒന്നാണ് ബാന്ദ.

ദാരിദ്ര്യം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം, നിരക്ഷരത തുടങ്ങിയ കാര്യങ്ങളിലൂടെ ഏറെ കുപ്രസിദ്ധി ആര്‍ജ്ജിച്ച ബാന്ദ ഇന്ന് സമാധാനത്തിന്റെ പാതയിലാണ്. ഗ്രാമത്തിലെ ഓരോ വീടുകളിലും മൂന്നുനേരം അടുപ്പ് എരിയുന്നു. ജോലിക്ക് പോകാന്‍ വിസമ്മതിച്ച് മദ്യപാനവും മറ്റു ലഹരിയുടെ കഴിഞ്ഞിരുന്ന പുരുഷന്മാര്‍ ജോലിക്ക് പോയി വരുമാനം ക?െത്തുന്നു. എല്ലാ വീടുകളില്‍ നിന്നും കുട്ടികള്‍ പഠിക്കാനായി പോകുന്നു. ഇതിനെല്ലാം പുറമേ ഗ്രാമത്തിലെ സ്ത്രീകള്‍ പല വിധ ഗാര്‍ഹിക ഉല്‍പ്പന്ന നിര്‍മാണ വിപണനത്തിലൂടെ സാമ്പത്തികമായി സ്വയം പര്യാപ്തത നേടുന്നു. 12 വര്‍ഷക്കാലത്തിനിടയ്ക്ക് ഉണ്ടായ ഈ മാറ്റങ്ങള്‍ക്ക് കാരണം സമ്പല്‍ പല്‍ ദേവി എന്ന വനിതയും ഗുലാബി ഗാങ് എന്ന സംഘടനയുമാണ്. അടുത്ത് പരിചയം ഇല്ലാത്തവര്‍ക്ക് ഗുലാബി ഗാങ് എന്നാല്‍ വനിതകള്‍ നേതൃത്വം നല്‍കുന്ന ഒരു ഗുണ്ടാ സംഘമാണ്. സ്ത്രീകളോട് അനീതി കാണിക്കുന്ന പുരുഷന്മാരെ തല്ലി മെരുക്കുന്ന ഈ വനിതാ സംഘടന യാഥാര്‍ത്ഥത്തില്‍ എന്താണ് എന്ന് അറിയണമെങ്കില്‍ കൂട്ടായ്മയുടെ സ്ഥാപകയായ സമ്പല്‍ പല്‍ ദേവിയുടെ അനുഭവങ്ങളിലൂടെ കടന്നു പോകണം

സ്ത്രീകളോട് അനീതി കാണിച്ചോ, എങ്കില്‍ അടി ഉറപ്പാണ്. പിങ്ക് നിറത്തിലുള്ള സാരി ചുറ്റിയ പെണ്‍പട ഒരു ദയയും കൂടാതെ തല്ലിയിരിക്കും. പറഞ്ഞാല്‍ നന്നാവാത്ത ജനതയെ തല്ലി നന്നാക്കുക എന്ന വഴിയാണ് ഗുലാബി ഗാങ് സ്വീകരിച്ചിരിക്കുന്നത്

സ്ത്രീ അടികള്‍ ഏറ്റുവാങ്ങുന്ന ഉപകരണമല്ല

2006ല്‍ നടന്ന ഈ സംഭവമാണ് ഗുലാബി ഗാങ് എന്ന ഈ വനിതാ വിപ്ലവ പ്രസ്ഥാനത്തിന് പിന്നില്‍. ഒരു സാധാരണ വീട്ടമ്മയായിരുന്നു സമ്പല്‍ പല്‍ ദേവി ഒരു വൈകുന്നേരം ബാന്ദ ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. തൊട്ടടുത്ത് നിന്നും ഒരു സ്ത്രീയും ഉച്ചത്തിലുള്ള നിലവിളി കേട്ട സമ്പല്‍ പല്‍ ആ ഭാഗത്തേക്ക് ഓടിച്ചെന്നു. വളരെ ദാരുണമായ കാഴ്ചയായിരുന്നു അവിടെ സമ്പല്‍ പലിനെ കാത്തിരുന്നത്. ക്ഷീണിച്ച് അവശയായ ഒരു സ്ത്രീയെ മദ്യലഹരിയില്‍ ഒരു പുരുഷന്‍ തല്ലി ചതയ്ക്കുന്നു. അവരുടെ വര്‍ത്തമാനത്തില്‍ നിന്നും അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ് എന്ന് സമ്പല്‍ പലിന് മനസിലായി. തന്നെ തല്ലരുതേ എന്നും പറഞ്ഞുകൊണ്ട് ആ സ്ത്രീ അയാളുടെ കാല്‍ പിടിക്കുന്നുണ്ട് എങ്കിലും അയാള്‍ അതൊന്നും ഗൗനിക്കുന്നുണ്ടായിരുന്നില്ല. സംഭവം കണ്ടു നില്‍ക്കാന്‍ കഴിയാതെ സമ്പല്‍ പല്‍ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. തന്നാല്‍ ആവും വിധം ആ സ്ത്രീയെ വെറുതെ വിടാന്‍ അപേക്ഷിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം.

തിരികെ വീട്ടിലെത്തിയ സമ്പല്‍ പല്‍ ദേവി, ആ സംഭവത്തെ പറ്റി ഏറെ നേരം ചിന്തിച്ചു. പുരുഷന്റെ ഇത്തരം പീഡനങ്ങള്‍ക്ക് ഇരയായി പ്രതികരിക്കാനാവാതെ ആയിരക്കണക്കിന് സ്ത്രീകള്‍ തന്റെ ഗ്രാമത്തില്‍ കഴിയുന്നുണ്ട് എന്ന തിരിച്ചറിവ് അവരെ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം അക്രമങ്ങള്‍ക്ക് ഒരു അവസാനം കുറിക്കണം എന്ന് തന്നെ സമ്പല്‍ പല്‍ തീരുമാനിച്ചു. അടുത്ത ദിവസം സമ്പല്‍ പാല്‍ ഒരു മാന്യതയുമില്ലാതെ ഭാര്യയെ തല്ലിച്ചതച്ച ആ വ്യക്തിയെ തേടിയിറങ്ങി. ഗ്രാമത്തിലെ ഒരു കൂട്ടം സ്ത്രീകളും കൂടെ ഉണ്ടായിരുന്നു. എല്ലാവരുടെയും കയ്യില്‍ ഓരോ മുളവടിയും. ഏറെ നേരത്തെ തെരച്ചിലിന് ശേഷം അവര്‍ ഭാര്യയെ തല്ലിച്ചതച്ച ആ വ്യക്തിയെ കണ്ടെത്തി. അയാളെ അവര്‍ ഒരു ദയയും ഇല്ലാതെ തലങ്ങും വിലങ്ങും മുളവടികൊണ്ട് തല്ലി. വേദന ആണിനും പെണ്ണിനും ഒരുപോലെയാണ് എന്ന് സമ്പല്‍ പല്‍ അയാള്‍ക്ക് മനസിലാക്കിക്കൊടുത്തു. അതായിരുന്നു ഗുലാബി ഗാങ് എന്ന സംഘടനയുടെ തുടക്കം.

സ്ത്രീകളുടെ അടിയുടെ ചൂടറിഞ്ഞവര്‍ മെല്ലെ നന്നായി തുടങ്ങി. വളരെ ചുരുങ്ങിയ സമയം കൊണ്ട് അനീതിക്കെതിരെയുള്ള സ്ത്രീകളുടെ ഈ കൂട്ടായ്മയെ നാട്ടുകാര്‍ ഏറ്റെടുത്തു. ഭര്‍ത്താവിന്റെയും സഹോദരന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും എല്ലാം ശാരീരിക പീഡനം ഏറ്റു വാങ്ങേണ്ടി വന്ന സ്ത്രീകള്‍ ഗുലാബി ഗാങിന്റെ സഹായം തേടി മുന്നോട്ട് വന്നു. എല്ലാ കേസുകളിലും സമ്പല്‍ പല്‍ നേരിട്ട് ഇടപെട്ടു. ഏറ്റെടുത്ത കേസുകള്‍ എല്ലാം തന്നെ ഫലപ്രാപ്തിയില്‍ എത്തുകയും ചെയ്തു. അങ്ങനെ 2006 ല്‍ വ്യത്യസ്തമായ ഒരു വിപ്ലവ പ്രസ്ഥാനമായി ഗുലാബി ഗാങ് നാടുനന്നാക്കല്‍ പരിപാടി ആരംഭിച്ചു.

പിങ്ക് സാരിയെ പേടിക്കണം, ബഹുമാനിക്കണം

ഗുലാബി ഗാങ് എന്ന സംഘടന ഔദ്യോഗികമായി നിലവില്‍ വന്നതോടെ പിങ്ക് നിറത്തിലുള്ള സാരി അവരുടെ വേഷമായി സ്വീകരിച്ചു. സംഘടനയുടെ ഭാഗമാകുന്ന സ്ത്രീകള്‍ എല്ലാവരും തന്നെ പിങ്ക് നിറത്തിലുള്ള സാരി ഉടുത്താണ് സംഘടനയുടെ പ്രവര്‍ത്തങ്ങളുടെ ഭാഗമാക്കുക. അനീതിക്കെതിരെ ആയുധം എടുക്കും എന്ന് കരുതി ഗുലാബി ഗാങ് വെറുമൊരു ഗുണ്ടാസംഘമല്ല. സ്ത്രീകള്‍ക്കും കുടുംബത്തിനും വേ?ിയുള്ള ആരോഗ്യ ബോധവത്കരണപരിപാടികള്‍, തൊഴില്‍ പരിശീലനങ്ങള്‍, സാക്ഷരതാ കഌസുകള്‍ തുടങ്ങിയ പല കാര്യങ്ങളും ഗുലാബി ഗാങ് ഗ്രാമത്തില്‍ സംഘടിപ്പിക്കുന്നു. ഗ്രാമത്തിലെ കാവല്‍ മാലാഖമാരെ പോലെയാണ് ഇപ്പോള്‍ ഗുലാബി ഗാങിന്റെ പ്രവര്‍ത്തകര്‍.

പിങ്ക് സാരിയുടുത്ത ഈ വനിതാ സംഘത്തെ അനീതി കാണിക്കുന്നവര്‍ ഭയക്കണം, അവര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ ബഹുമാനിക്കുകയും വേണം.ശൈശവ വിവാഹവും ബാലവേലയും തടയുന്നതില്‍ ഗുലാബി ഗാങ് മുന്‍പന്തിയില്‍ തന്നെയുണ്ട്. ആകെ താറുമാറായി കിടന്നിരുന്ന ഒരു ഗ്രാമത്തില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അടക്കും ചിട്ടയുമുള്ള ഒരു ജന ജീവിതം പുനഃസ്ഥാപിക്കാന്‍ ഗുലാബി ഗാങിന് കഴിഞ്ഞു എന്നത് സമ്പല്‍ പല്‍ ദേവിയുടെ മിടുക്ക് തന്നെയാണ്. ഗുലാബി ഗാങിലെ അംഗങ്ങളെ കാണുമ്പോള്‍ തന്നെ എതിരാളികള്‍ ഭയക്കണം എന്ന ചിന്തയില്‍ നിന്നുമാണ് സമ്പത് പല്‍ ദേവി തന്റെ സംഘാംഗങ്ങള്‍ക്ക് യൂണിഫോം നല്‍കിയത്

മുഖം മാറിയ ബാന്ദ

ഇന്ന് ബാന്ദ ഗ്രാമത്തില്‍ എവിടെയും സമാധാനം നിലനില്‍ക്കുന്നുണ്ട്. ജോലിക്ക് ഒന്നും പോകാതെ മദ്യവും മറ്റു ലഹരികളുമായി കഴിഞ്ഞിരുന്ന ഗ്രാമത്തിലെ പുരുഷന്മാരില്‍ ഏറിയപങ്കും ലഹരി ഉപേക്ഷിച്ച് ജോലിക്ക് പോകാന്‍ തുടങ്ങി. ഗാര്‍ഹിക പീഠങ്ങള്‍ നടക്കുന്നിടത്ത് മാത്രമല്ല ഗുലാബി ഗാങിന്റെ ഇടപെടല്‍. ബി.പി.എല്‍ അരി പൊതുവിപണിയിലേക്ക് മറിച്ചുവില്‍ക്കുന്ന റേഷന്‍ കടയുടമക്കെതിരെ തെളിവടക്കം പരാതി നല്‍കി. ശേഷം ആ വ്യക്തിയെ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ച ഗുലാബി ഗാങ് സര്‍ക്കാരിന്റെ കയ്യടിയും വാങ്ങി. റോഡ് നന്നാക്കാതെ പണം ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥനെ പൊതുവഴിയില്‍ തടഞ്ഞു നിര്‍ത്തി നല്ല നടത്തം പഠിപ്പിച്ചു ഗുലാബി ഗാങ്. ഫലമോ ഉടനടി റോഡ് നിര്‍മാണം ആരംഭിച്ചു. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ദളിതര്‍ക്ക് എതിരെ നടക്കുന്ന ഗൂഡാലോചനകളെ മുന്‍കൂട്ടി മനസിലാക്കി അവയെ എല്ലാം നിഷ്പ്രഭമാക്കി. സ്ത്രീധനത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്ക് എതിരെയും ഗുലാബി ഗാങ് പോരാട്ടം തുടരുന്നു. ഗുലാബി ഗാങിന്റെ നിയമ പ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കാന്‍ തയ്യാറാക്കുന്നതും ഒരു പോലെ തെറ്റാണ്. ഇന്ന് 20000 ഏറെ വനിതകള്‍ ഗുലാബി ഗാങിന്റെ ഭാഗമാണ്.

സ്ത്രീകളുടെ കയ്യില്‍ നിന്നും തല്ലുവാങ്ങുക എന്നത് പുരുഷന്മാരെ സംബന്ധിച്ച് മോശമായ കാര്യമാണല്ലോ, പുരുഷന്മാരുടെ ഈ അഭിമാനക്ഷതത്തെ തന്നെയാണ് ഗുലാബി ഗാങ് ആയുധമാക്കിയിരിക്കുന്നത്. അതിനാല്‍ അടി കൊണ്ട് മാനം പോകുന്നതിനു മുന്‍പേ നാട്ടിലെ അനീതിക്കാര്‍ എല്ലാവരും നല്ല നടപ്പിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി

സ്ത്രീകളുടെ കയ്യില്‍ നിന്നും തല്ലുവാങ്ങുക എന്നത് പുരുഷന്മാരെ സംബന്ധിച്ച് മോശമായ കാര്യമാണല്ലോ, പുരുഷന്മാരുടെ ഈ ദുരഭിമാനത്തെ തന്നെയാണ് ഗുലാബി ഗാങ് ആയുധമാക്കിയിരിക്കുന്നത്. അതിനാല്‍ അടി കൊണ്ട് മാനം പോകുന്നതിനു മുന്‍പേ നാട്ടിലെ അനീതിക്കാര്‍ എല്ലാവരും നല്ല നടപ്പിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. ഗ്രാമത്തില്‍ ആകമാനം സമ്പല്‍ പല്‍ ദേവിയുടെ ഫോണ്‍ നമ്പര്‍ പ്രദര്ശിപ്പിച്ചിട്ടുണ്ട്്. ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വിളിക്കാനുള്ളതാണ് ഈ ഫോണ്‍ നമ്പര്‍. ഒരു പഴയ നോക്കിയാ ഫോണ്‍ എന്നും സമ്പല്‍ പല്‍ ദേവിയുടെ കഴുത്തില്‍ തൂക്കിയിട്ടുണ്ടാകും.
ജീവിതത്തില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളാണ് സമ്പല്‍ പല്‍ ദേവിയെ ഇത്രയും ശക്തയായ വനിതയാക്കി മാറ്റിയത്. ദളിത് വംശത്തില്‍ ജനിച്ച ദേവി 9 വയസില്‍ വിവാഹിതയും 13 വയസ്സില്‍ അമ്മയുമായി. ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും നിരവധി പീഡനങ്ങള്‍ അവര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഭര്‍ത്താവിനാല്‍ ആക്രമിക്കപ്പെടുമ്പോള്‍ ഒന്നും തന്നെ അവരെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സമാന അവസ്ഥയില്‍ പെടുന്ന മറ്റു വനിതകള്‍ക്ക് താങ്ങാവാന്‍ കഴിയണം എന്ന ചിന്തയാണ് സമ്പല്‍ പലിനെക്കൊണ്ട് ഗുലാബി ഗാങിന് തുടക്കമിട്ടത്. മുളവടി കൊണ്ട് തല്ലിയും മുളക് പൊടി വിതറിയും ഇവര്‍ തങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിച്ചു.

സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നു

സ്ത്രീകള്‍ സാമ്പത്തികമായി സ്വയം പര്യാപ്തത നേടാത്തതാണ് അവര്‍ ചൂഷണം ചെയ്യപ്പെടുന്നതിന്റെ പ്രധാന കാരണം എന്ന് മനസിലാക്കിയ സമ്പല്‍ പല്‍ ദേവി ഗ്രാമത്തിലെ സ്ത്രീകള്‍ക്കായി വിവിധങ്ങളായ തൊഴിലധിഷ്ഠിത പദ്ധതികള്‍ക്ക് തുടക്കമിട്ടു. ജൈവവള നിര്‍മാണം,ആയുര്‍വേദ മരുന്നു നിര്‍മാണം,അച്ചാര്‍ നിര്‍മാണം, മെഴുകുതിരി നിര്‍മാണ യൂണിറ്റ്, തയ്യല്‍ കേന്ദ്രം, ബാഗ് നിര്‍മാണം എന്നിവ അവയില്‍ ചിലതുമാത്രം. ഇത്തരത്തില്‍ ഉണ്ടാക്കിയ സാധങ്ങള്‍ അയല്‍ ഗ്രാമങ്ങളില്‍ കൊ?് പോയി വിറ്റാണ് ഗാങ് വരുമാനം ക?െത്തുന്നത്.

ഗ്രാമത്തില്‍ കുടിവെള്ളം ലഭ്യമാക്കാനും ആരോഗ്യവികസന പരിപാടികള്‍ക്ക് തുടക്കം കുറിക്കാനും ഗുലാബി ഗാങിനെ കൊണ്ട് സാധിച്ചു. ന്യായവിലയ്ക്ക് ഗ്രാമവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട് എന്ന് ഗുലാബി ഗാങ് ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പു വരുത്തുന്നു. 210 രൂപയാണ് ഗുലാബി ഗാങ്ങില്‍ അംഗമാകാനുള്ള ഫീസ്. ഇത് സാരിയുടെ വിലയാണ്. ഗ്രാമത്തിനു വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും ഗുലാബി ഗാങ് അംഗങ്ങള്‍ നിയമലംഘകരാണ് എന്നാണ് പോലീസ് പറയുന്നത്. നിയമം കയ്യില്‍ എടുക്കുന്നു, ഉന്നത അധികാരികളെ ആക്രമിക്കുന്നു തുടങ്ങി ഇവര്‍ക്കെതിരെ പരാതികള്‍ നിരവധിയാണ്. എന്നാല്‍ അതുകൊണ്ടൊന്നും തളരുന്നവരല്ല ഗുലാബി ഗാങിലെ പെണ്‍പടകള്‍ എന്ന് സമ്പല്‍ പല്‍ ദേവി പറയുന്നു.നാട്ടില്‍ എങ്ങും സമാധാനം, സ്ത്രീകളുടെ സദാ ചിരിക്കുന്ന മുഖം അത് മാത്രമാണ് ഗുലാബി ഗാങിന്റെ ലക്ഷ്യം.

Comments

comments

Categories: FK Special, Slider