പച്ചക്കറികള്‍ വീട്ടിലെത്തിക്കാന്‍ ഡെയ്‌ലി2ഹോം

പച്ചക്കറികള്‍ വീട്ടിലെത്തിക്കാന്‍ ഡെയ്‌ലി2ഹോം

പ്രധാനമായും ആഗ്ര, മധുര നഗരങ്ങളിലെ ഉപഭോക്താക്കളെ മാത്രം കേന്ദ്രീകരിച്ചാണ് ഡെയ്‌ലി2ഹോമിന്റെ പ്രവര്‍ത്തനം. മണിക്കൂറുകള്‍ക്കകം വീടുകളില്‍ പച്ചക്കറികള്‍ എത്തിക്കുമെന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ഹൈലൈറ്റ്

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ഫ്രഷ് ആയി ലഭ്യമാക്കുക അല്‍പം ബുദ്ധിമുട്ടുള്ള വിഷയമാണ്. പ്രത്യേകിച്ചും നഗരങ്ങളിള്‍ താമസിക്കുന്നവര്‍ക്ക്. എന്നാല്‍ നഗരങ്ങളിലെ ചെറിയ ഫാമുകളില്‍ നിന്നും റീട്ടെയ്ല്‍ സ്റ്റോറുകളില്‍ നിന്നും നേരിട്ട് അടുക്കളയിലേക്ക് ഫ്രഷ് പച്ചക്കറികള്‍ എത്തിക്കുകയാണ് ഡെയ്‌ലി2ഹോം എന്ന സ്റ്റാര്‍ട്ടപ്പ്. ആഗ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം ഒരൊറ്റ മൗസ് ക്ലിക്കില്‍ പച്ചക്കറികള്‍ വീടുകളില്‍ നേരിട്ട് എത്തിക്കും. മണിക്കൂറുകള്‍ക്കകം വീടുകളില്‍ പച്ചക്കറികള്‍ എത്തിക്കുമെന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ഹൈലൈറ്റ്.

അതുല്‍ ചൗഹാന്‍, സിദ്ധാര്‍ത്ഥ് സിംഗ്, കപില്‍ സാഹു, രവി ദത്ത ശര്‍മ്മ എന്നീ നാല്‍വര്‍ സംഘമാണ് ഡെയിലി2ഹോമിന്റെ സ്ഥാപകര്‍. നാല് വര്‍ഷം മുമ്പ് തുടങ്ങിയ സംരംഭത്തിന്റെ പ്രവര്‍ത്തനം പ്രധാനമായും ആഗ്ര, മധുര എന്നീ നഗരങ്ങളിലെ ഉപഭോക്താക്കളെ മാത്രം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പാര്‍ടൈം, ഫുള്‍ടൈം വിഭാഗങ്ങളിലായി 20 ഓളം ജോലിക്കാരും ഡെയ്‌ലി2ഹോമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ പ്രതിദിനം 50 ഉപഭോക്താക്കള്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് നിലവില്‍ 500 ല്‍ പരം ഉപഭോക്താക്കളുണ്ട്.

നിലവില്‍ നാലില്‍ പരം പ്രദേശിക റീട്ടെയ്ല്‍ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനം ഈ വര്‍ഷാവസാനത്തോടെ ശൃംഖല കൂടുതല്‍ വിപുലമാക്കി, അവയുടെ എണ്ണം 20 ആക്കാനും ലക്ഷ്യമിടുന്നു. താമസിയാതെ ജയ്പൂര്‍, ലക്‌നൗ, ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി

വിതരണം മൂന്നു രീതികളില്‍

ഡെയ്‌ലി2ഹോമിലെ പച്ചക്കറി വിതരണം പ്രധാനമായും മൂന്ന് രീതികളിലാണ് നടത്തപ്പെടുന്നത്. എക്‌സ്പ്രസ്, നോര്‍മല്‍, അഡ്‌വാന്‍സ് ബുക്കിംഗ് എന്നിവയാണിവ. ആദ്യ വിഭാഗമായ എക്‌സ്പ്രസ് ഡെലിവറിയില്‍ ഉപഭോക്താവിന് ആവശ്യമായ പച്ചക്കറികള്‍ ഒരു മണിക്കൂറിനുള്ളില്‍ ലഭ്യമാകും. നോര്‍മല്‍ ഡെലിവറിയില്‍ രണ്ടു മണിക്കൂറിനകമാണ് പച്ചക്കറികള്‍ വീട്ടിലെത്തുക. മൂന്നാമത്തെ രീതിയില്‍, ഉപഭോക്താവിന് ഒരു ദിവസം മുന്‍പായി ആവശ്യമായ പച്ചക്കറികള്‍ ഓര്‍ഡര്‍ നല്‍കാം. ഈ രീതി തെരഞ്ഞെടുക്കുന്നവര്‍ക്ക് അഞ്ച് ശതമാനം ഡിസ്‌കൗണ്ടും കമ്പനി നല്‍കുന്നുണ്ട്.

വരുമാനവും ഭാവിപദ്ധതികളും

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഡെയ്‌ലി2ഹോമിന്റെ വരുമാനം 1.98 കോടി രൂപയായി വളര്‍ന്നിരിക്കുന്നുവെന്ന് സ്ഥാപകര്‍ അവകാശപ്പെടുന്നു. ടയര്‍ II നഗരങ്ങളില്‍ ഫ്രഷ് പച്ചക്കറികള്‍ വീട്ടിലെത്തിക്കുന്ന സംരംഭങ്ങളുടെ എണ്ണം പൊതുവെ കൂടിവരുന്നുണ്ട്. ജയ്പൂരിലെ ഫ്രഷോകാര്‍ട്‌സും ഹൂബ്ലിയിലെ ഫ്രഷ് ബോക്‌സും ഇവയില്‍ പ്രമുഖരാണ്. നിലവില്‍ നാലില്‍ പരം പ്രദേശിക റീട്ടെയ്ല്‍ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനം ഈ വര്‍ഷാവസാനത്തോടെ ശൃംഖല കൂടുതല്‍ വിപുലമാക്കി, അവയുടെ എണ്ണം 20 ആക്കാനും ലക്ഷ്യമിടുന്നുണ്ട്. താമസിയാതെ ജയ്പൂര്‍, ലക്‌നൗ, ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.

ബി2സി വിഭാഗത്തില്‍ പ്രതിദിനം 2000 ഉപഭോക്താക്കളെയും ബി2ബി വിഭാഗത്തില്‍ 150 ഉപഭോക്താക്കളെയും സൃഷ്ടിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്ന് ഡെയ്‌ലി2ഹോമന്റെ സ്ഥാപകരിലൊരാളായ കപില്‍ പറയുന്നു. 2020 ഓടെ വരുമാനം 50 കോടിയാക്കാനും പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാണ്ഡിയിലെ അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയിലെ പ്രദേശിക കര്‍ഷകരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനും ഡെയ്‌ലി2ഹോമിന് ആലോചനയുണ്ട്.

മേഖലയിലെ അവസാന മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ബി2സി വിഭാഗത്തില്‍ നിന്നും ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും വിതരണം ചെയ്യുന്ന ഒരു സപ്ലെചെയിന്‍ എന്ന രീതിയില്‍ വളരാന്‍ കമ്പനിക്ക് ഇതിനോടകം കഴിഞ്ഞിരിക്കുന്നു.

Comments

comments

Categories: FK Special