ഇലക്ട്രിക് ബസ്സുകള്‍ നിര്‍മ്മിക്കാന്‍ അദാനി ഗ്രൂപ്പ്

ഇലക്ട്രിക് ബസ്സുകള്‍ നിര്‍മ്മിക്കാന്‍ അദാനി ഗ്രൂപ്പ്

സാങ്കേതിക സഹകരണത്തിനായി തായ്‌വാന്‍ ഇലക്ട്രിക് ബസ് നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തുന്നു

ന്യൂഡെല്‍ഹി : ഗൗതം അദാനി നയിക്കുന്ന അദാനി എന്റര്‍പ്രൈസസ് ഇലക്ട്രിക് ബസ്സുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. ഗുജറാത്ത് മുന്ദ്രയിലെ അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. സാങ്കേതിക സഹകരണത്തിനായി തായ്‌വാന്‍ ഇലക്ട്രിക് ബസ് നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ് അദാനി ഗ്രൂപ്പ്. ഇന്ത്യന്‍ ഇലക്ട്രിക് ബസ് വിപണിയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതായിരിക്കും വിദേശ കമ്പനിയുമായി ചേര്‍ന്നുള്ള അദാനി എന്റര്‍പ്രൈസസിന്റെ കടന്നുവരവ്.

ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാന്‍ഡ്, ജെബിഎം ഗ്രൂപ്പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയവരാണ് നിലവില്‍ ഇന്ത്യയിലെ ഇലക്ട്രിക് ബസ് വിപണിയില്‍ സാന്നിധ്യമറിയിച്ചിട്ടുള്ളത്. ഹൈദരാബാദ് ആസ്ഥാനമായ ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇന്‍ഫ്രാടെക്കുമായി സഹകരിച്ച് ചൈനയിലെ ബിവൈഡിയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ വില്‍ക്കുന്നത് കൂടാതെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ഇലക്ട്രിക് ബസ്സുകള്‍ കയറ്റുമതി ചെയ്യുന്നതും അദാനി എന്റര്‍പ്രൈസസ് പരിഗണിക്കുന്നു. ഇലക്ട്രിക് ബസ്സുകള്‍ക്കായി ബാറ്ററി സ്വാപ്പിംഗ് മാതൃക അവലംബിക്കാനാണ് ആലോചിക്കുന്നത്.

ഇന്ത്യന്‍ വിപണിയിലെയും വിദേശ വിപണികളിലെയും സാധ്യതകള്‍ വിലയിരുത്തുകയാണ് ഇപ്പോള്‍ അദാനി എന്റര്‍പ്രൈസസും തായ്‌വാന്‍ കമ്പനിയും. ഇന്ത്യന്‍ ഇലക്ട്രിക് ബസ് വിപണിയില്‍ പുതിയ കമ്പനികള്‍ക്ക് ധാരാളം ഇടമുണ്ടെന്ന് ബ്ലൂ കനോപി കണ്‍സള്‍ട്ടന്റ്‌സ് അഡൈ്വസര്‍ ജോയ് നന്ദി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിവിധ നഗരസഭകള്‍ക്ക് ഇലക്ട്രിക് ബസ്സുകള്‍ വിതരണം ചെയ്യുന്നതിനുള്ള പത്ത് കരാറുകളില്‍ ഒമ്പതെണ്ണവും ടാറ്റ മോട്ടോഴ്‌സും ഗോള്‍ഡ്‌സ്‌റ്റോണ്‍-ബിവൈഡിയും ഈയിടെ നേടിയിരുന്നു. ഈ ബസ്സുകള്‍ക്ക് കേന്ദ്ര സര്‍ക്കാരാണ് ഭാഗികമായി ഫണ്ടിംഗ് നടത്തുന്നത്.

ഗുജറാത്ത് മുന്ദ്രയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കാനാണ് ആലോചിക്കുന്നത്

പൊതു ഗതാഗത ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും ബാറ്ററി നിര്‍മ്മാതാക്കള്‍ക്കും ചാര്‍ജിംഗ് സൗകര്യമൊരുക്കുന്നവര്‍ക്കും ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി വിവിധ ആനുകൂല്യങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ഇലക്ട്രിക് ബസ് സെഗ്‌മെന്റിന് 2,500 കോടി രൂപയുടെ സബ്‌സിഡിയാണ് അനുവദിക്കുന്നത്. ഡെല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ഇലക്ട്രിക് ബസ്സുകള്‍ക്കായി ഉടന്‍ ടെന്‍ഡര്‍ വിളിക്കും. 2030 ഓടെ നിലവിലെ മുഴുവന്‍ ബസ്സുകള്‍ക്കും പകരം ഇലക്ട്രിക് ബസ്സുകള്‍ നിരത്തുകളിലെത്തിക്കുകയാണ് ആന്ധ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

Comments

comments

Categories: Auto