ആണവോര്‍ജത്തെ മറികടക്കുന്ന കാറ്റാടിയന്ത്രങ്ങള്‍

ആണവോര്‍ജത്തെ മറികടക്കുന്ന കാറ്റാടിയന്ത്രങ്ങള്‍

പുനരുപയോഗ ഊര്‍ജരംഗത്തു നിര്‍ണായക നാഴികക്കല്ല് പിന്നിട്ട ബ്രിട്ടണ്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുന്നു

പാരമ്പര്യേതര ഊര്‍ജരംഗത്ത് മുമ്പേപറന്ന വികസിതരാജ്യമാണ് ബ്രിട്ടണ്‍. ആണവോര്‍ജമായിരുന്നു രാജ്യത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്. രാജ്യത്ത് എട്ട് ആണവനിലയങ്ങളാണുള്ളത്. സ്ഥാപിതമായ കാലശേഷം ദശകങ്ങളോളം ഈ നിലയങ്ങള്‍ തന്നെയായിരുന്നു രാജ്യത്തിന്റെ പ്രധാന വൈദ്യുതി ഉല്‍പ്പാദനഉറവിടവും. എന്നാല്‍ ഈ വര്‍ഷം ഇതാദ്യമായി കാറ്റാടിപ്പാടങ്ങളില്‍ നിന്നുള്ള ഊര്‍ജം ആണവനിലയങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനത്തെ മറികടന്നിരിക്കുന്നു. വര്‍ഷത്തിന്റെ ആദ്യപാദത്തിലാണ് ഈ നേട്ടം. ബ്രിട്ടന്റെ പുനരുപയോഗ ഊര്‍ജവ്യവസായം പിന്നിട്ട നാഴികക്കല്ലാണിത്. കുറഞ്ഞ ചെലവിലുള്ള ഹരിതോര്‍ജത്തിന്റെ ആഭ്യന്തരോല്‍പ്പാദനം വര്‍ധിപ്പിക്കാനാകുന്നതില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതിയുടെ 18.8 ശതമാനമാണ് കാറ്റാടിപ്പാടങ്ങളില്‍ നിന്നു ലഭിച്ചതെന്ന് ലണ്ടന്‍ ഇംപീരിയില്‍ കോളെജിലെ ഗവേഷകര്‍ വ്യക്തമാക്കി. വാതകപ്ലാന്റുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതിയാണ് രണ്ടാമതെത്തിയത്.

ഇക്കാലയളവിനുള്ളില്‍, ഒരു ഘട്ടത്തില്‍ രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ പകുതി പ്രദാനം ചെയ്യുന്ന നിലയിലേക്ക് കാറ്റാടിപ്പാടങ്ങള്‍ ഉയര്‍ന്നു. മാര്‍ച്ച് 17ലെ രാത്രിയിലായിരുന്നു അത്. ശൈത്യകാലത്തും കാറ്റാടിയന്ത്രങ്ങള്‍ മികച്ച സംഭാവന നല്‍കി. തണുപ്പ് പൂജ്യം ഡിഗ്രിയേക്കാള്‍ താഴ്ന്ന ദിവസങ്ങളില്‍ 12- 43 ശതമാനം വൈദ്യുതിയാണ് ത്രൈമാസത്തില്‍ നല്‍കിയത്. രണ്ട് ആണവനിലയങ്ങള്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. മറ്റൊന്നാകട്ടെ തണുപ്പിക്കല്‍ സംവിധാനത്തില്‍ കടല്‍പ്പായല്‍ കയറിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനപാദത്തിലും സമാനമായ സംഭാവന പുനരുപയോഗ ഊര്‍ജമേഖല രാജ്യത്തിനു നല്‍കിയിരുന്നു. സൗരോര്‍ജത്തിനൊപ്പം കാറ്റാടിപ്പാടങ്ങളും കൂടിയപ്പോള്‍ ഉല്‍പ്പാദിപ്പിക്കാനായത് ആണവനിലയങ്ങളേക്കാള്‍ കൂടുതല്‍ വൈദ്യുതിയായിരുന്നു. ഇത്തവണ സൗരോര്‍ജപ്ലാന്റുകളുടെ സഹായമില്ലാതെ തന്നെ നേട്ടമുണ്ടാക്കാന്‍ കാറ്റാടിപ്പാടങ്ങള്‍ക്കായി.

കുറഞ്ഞ ചെലവിലുള്ള ഹരിതോര്‍ജത്തിന്റെ ആഭ്യന്തരോല്‍പ്പാദനം വര്‍ധിപ്പിക്കാനാകുന്നതില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതിയുടെ 18.8 ശതമാനമാണ് കാറ്റാടിപ്പാടങ്ങളില്‍ നിന്നു ലഭിച്ചതെന്ന് ലണ്ടന്‍ ഇംപീരിയില്‍ കോളെജിലെ ഗവേഷകര്‍ വ്യക്തമാക്കി

പലവിധ പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളുടെ കണ്ടുപിടിത്തത്തോടെ കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ജല വൈദ്യുതനിലയങ്ങള്‍ തുടങ്ങിയവയെ മാത്രം ആശ്രയിച്ചിരുന്ന ഊര്‍ജമേഖല സമൂല പരിവര്‍ത്തനത്തിനു വിധേയമായിരിക്കുന്നു. ഇവയ്ക്കു വേണ്ടി വരുന്ന വമ്പിച്ച ചെലവും കാര്‍ബണ്‍ പുറംതള്ളലിനെതിരേയുള്ള പ്രചാരണവും സര്‍വോപരി ഫോസില്‍ ഇന്ധനങ്ങള്‍ ഉറവ വറ്റുമെന്ന റിപ്പോര്‍ട്ടുകളും പുതിയ ഒട്ടേറെ മേഖലകളിലേക്ക് ഗവേഷണം നടത്താന്‍ പ്രേരകമായി. ആണവനിലയങ്ങള്‍, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്കു പുറമെ, പരിസ്ഥിതിയെ ഒരു വിധത്തിലും നോവിക്കാതെയുള്ള കാറ്റാടിപ്പാടങ്ങളും സൗരോര്‍ജ നിലയങ്ങളും വരെ ഇന്ന് ഊര്‍ജോല്‍പ്പാദനരംഗത്ത് സജീവമാണ്. ഊര്‍ജക്ഷാമം നേരിടുന്ന ലോകം അത് ഉല്‍പ്പാദിപ്പിക്കുകയും മികച്ച രീതിയില്‍ വിതരണം സാധ്യമാക്കുകയും ചെയ്യുന്ന ചേരിയിലേക്ക് ചായുന്നത് സ്വാഭാവികമാണ്. ഈ സാഹചര്യത്തില്‍ ബ്രിട്ടന്റെ നേട്ടം ലോകത്തിന് മാതൃകയാകുകയാണ്.

യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ച കാറ്റാടി വൈദ്യുതിയുടെ പകുതിയും ബ്രിട്ടന്റെ സംഭാവനയാണ്. വടക്കന്‍ കടല്‍ത്തീരത്തും യൂറോപ്യന്‍ നദീതീരങ്ങളിലും ഉയര്‍ന്ന കാറ്റാടിപ്പാടങ്ങള്‍ ഊര്‍ജ ഭൂപടത്തില്‍ വലിയ സ്ഥാനം നേടിയിരിക്കുന്നു. എവിടെ നിന്നു നോക്കിയാലും കാണുന്ന കാറ്റാടിപ്പങ്കകള്‍ ഇനി യൂറോപ്പിലെ ഉയരം കൂടിയ കെട്ടിടം ഷാര്‍ഡിനേക്കാള്‍ ഉയരത്തില്‍ കറങ്ങും. അഞ്ഞൂറിലധികം കാറ്റാടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ശരാശരി ഊര്‍ജം ഗ്രിഡിലൂടെ പ്രവഹിപ്പിക്കുന്നു. അതിന്റെ ശേഷി പോയവര്‍ഷത്തേക്കാള്‍ അഞ്ചിലൊന്നാക്കി ഉയര്‍ത്തിയിട്ടുണ്ട്. 17 കാറ്റാടിപ്പാടങ്ങളില്‍ നിന്നുള്ള വൈദ്യുതി ശരാശരി മൂന്നിലൊന്ന് ശക്തിമത്തായിട്ടുണ്ട്.

യൂറോപ്പിലാകെയുള്ള 3.15 ജിഗാവാട്ട് സ്ഥാപിതശേഷിയുടെ 53 ശതമാനമാണ് ബ്രിട്ടണ്‍ കൈവരിച്ചിരിക്കുന്നത്. ഇത് 2015-ലെ റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണെന്ന് വിന്‍ഡ് യൂറോപ്പ് എന്ന വ്യവസായ സമിതി കണ്ടെത്തിയിരിക്കുന്നു. ലോകത്തില്‍ ആദ്യമായി കടലില്‍ കാറ്റാടിപ്പാടം സ്ഥാപിച്ച നോര്‍വീജിയന്‍ എണ്ണക്കമ്പനി സ്‌റ്റേറ്റോയില്‍ അതിനു തെരഞ്ഞെടുത്തത് സ്‌കോട്ട്‌ലന്‍ഡ് തീരത്തെയാണ്. ഈ വര്‍ഷത്തോടെ ഉയര്‍ന്ന ശേഷി കൈവരിക്കുന്നതോടെ പുതിയ റെക്കോര്‍ഡ് ഭേദിക്കാന്‍ ബ്രിട്ടീഷ് കാറ്റാടിപ്പാടങ്ങള്‍ക്കാകുമെന്നു പ്രതീക്ഷിക്കുന്നു. കടലിലെ കാറ്റാടിപ്പാടങ്ങളെ സര്‍ക്കാര്‍ പരമാവധി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ലേലത്തിലൂടെ വിതരണം ചെയ്യുന്നതിലൂടെ ഉറപ്പായ തുക കാറ്റാടിപ്പാടം ഉടമകള്‍ക്കു കിട്ടുന്നുമുണ്ട്. ഇതൊരു വലിയ പിന്തുണയാണ്. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വരും വര്‍ഷങ്ങളില്‍ ഇത്തരം കരാറുകള്‍ വന്‍തോതില്‍ ആവശ്യമായി വരുന്ന സാഹചര്യമാണുള്ളത്.

യൂറോപ്പിലാകെയുള്ള 3.15 ജിഗാവാട്ട് സ്ഥാപിതശേഷിയുടെ 53 ശതമാനമാണ് ബ്രിട്ടണ്‍ കൈവരിച്ചിരിക്കുന്നത്. ഇത് 2015-ലെ റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണെന്ന് വിന്‍ഡ് യൂറോപ്പ് എന്ന വ്യവസായ സമിതി കണ്ടെത്തിയിരിക്കുന്നു

രാജ്യത്തെ കടല്‍ കാറ്റാടിപ്പാടത്തിന്റെ ഇപ്പോഴത്തെ മൊത്തം ശേഷി 15.78 ജിഗാവാട്ട് ആണെങ്കില്‍ 2020 ആകുമ്പോള്‍ അത് 25 ജിഗാവാട്ടായി ഉയരുമെന്നാണ് പ്രവചനം. 2030 ആകുമ്പോള്‍ ബ്രിട്ടണ്‍ ഈരംഗത്ത് ഏറ്റവും ഉയരത്തിലെത്തും. ജര്‍മനി, നെതര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവരാകും തൊട്ടു പിന്നില്‍. ഇപ്പോള്‍ നാലാം സ്ഥാനത്തുള്ള ഡെന്മാര്‍ക്ക് പിന്തള്ളപ്പെടും. കടലിലെ കാറ്റാടിപ്പാടങ്ങളില്‍ ഫ്രാന്‍സ് നിക്ഷേപം വര്‍ധിക്കാനൊരുങ്ങിയതോടെയാണ് ഈ രംഗത്ത് അവര്‍ മുന്നേറുന്നത്. തങ്ങളുടെ ആദ്യ കടലിലെ പൊങ്ങുകാറ്റാടിപ്പാടം ഫ്രാന്‍സ് സ്ഥാപിക്കുന്നത് ഫിന്‍ലന്‍ഡിലാണ്. കടലിലെ മഞ്ഞിലും കേടുവരാത്ത കാറ്റാടികളാകും ഇവിടെ സ്ഥാപിക്കുന്നത്.

ഡിസംബറില്‍ സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് വടക്കന്‍ വെയ്ല്‍സിലേക്കുള്ള വൈദ്യുതിലൈന്‍ തുറന്നതോടെ സ്‌കോട്ടിഷ് കാറ്റാടിപ്പാടങ്ങളില്‍ നിന്നു കൂടി വൈദ്യുതപ്രവാഹം സാധ്യമായി. അവയില്‍ ചിലത് സാധാരണമായി ദേശീയ ഗ്രിഡിലേക്കു തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. വെസ്റ്റേണ്‍ ലിങ്ക് കണക്ഷന്‍ ദേശീയ ഗ്രിഡ് കാറ്റാടിപ്പാട ഉടമകള്‍ക്ക് സബ്‌സിഡി നല്‍കിയിട്ടുണ്ട്. 2017-ല്‍ സര്‍ക്കാര്‍ 100 മില്യണ്‍ പൗണ്ട് സബ്‌സിഡി നല്‍കിയിരുന്നു. ഈ വര്‍ഷം സബ്‌സിഡി മൂന്നില്‍ രണ്ടാക്കി വെട്ടിക്കുറച്ചിട്ടുണ്ട്. ആസന്നഭാവിയില്‍ കാറ്റാടിവൈദ്യുതിയില്‍ നിന്ന് പരിധിയില്ലാത്ത കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ഊര്‍ജവിദഗ്ധന്‍ ഡോ. റോബ് ഗ്രോസ് ചൂണ്ടിക്കാട്ടുന്നു. പഴകിയ ഗ്രിഡുകളെ നിയന്ത്രിക്കാന്‍ വാതക ടര്‍ബൈനുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പുതിയ ലൈനുകളിട്ട് കാറ്റാടി വൈദ്യുതി വിതരണം നടത്തുകയാണു വേണ്ടതെന്ന് റിനീവബിള്‍ യുകെ എന്ന വ്യവസായ സംരംഭത്തിന്റെ എക്‌സിക്യുട്ടിവ് ഡയറക്റ്റര്‍ എമ്മ പിന്‍ച്‌ബെക്കും അഭിപ്രായപ്പെടുന്നു.

ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായി കാര്‍ബണ്‍ പുറംതള്ളലിന്റെ പ്രധാന കാരണം ഗതാഗതമായിരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പരമ്പരാഗതമായി മുന്‍പന്തിയില്‍ നിന്നിരുന്ന ഊര്‍ജവ്യവസായത്തെയാണ് പിന്തള്ളിയത്. 2016-ല്‍ രണ്ടു ശതമാനം വരെ അധികം കാര്‍ബണ്‍ ആണ് ഊര്‍ജവ്യവസായത്തേക്കാള്‍ വാഹനഗതാഗതം പുറംതള്ളിയത്. കാര്‍ബണ്‍ പുറംതള്ളല്‍ പടിപടിയായി കുറച്ചു കൊണ്ടു വരാനുള്ള ഊര്‍ജവ്യവസായമേഖലയുടെ നടപടികള്‍ ഫലം കണ്ടിരിക്കുന്നു. പ്രതിവര്‍ഷം 17 ശതമാനമായാണു മലിനീകരണത്തോത് കുറഞ്ഞിരിക്കുന്നത്. കല്‍ക്കരിവൈദ്യുതനിലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതടക്കമുള്ള നടപടികളിലൂടെയാണ് ഈ നേട്ടം സാധ്യമായത്. എന്നാല്‍ നിരവധി മറ്റു വിഭാഗങ്ങളില്‍ മലിനീകരണം കൂടിയിട്ടുണ്ട്.

കാര്‍ബണ്‍ പുറംതള്ളലില്‍ രാജ്യത്തിന്റെ നാലിലൊന്നില്‍ കൂടുതല്‍ പങ്കു വഹിക്കുന്ന വാഹനഗതാഗതമാണ് ഇതില്‍ പ്രധാനം. അന്തരീക്ഷമലിനീകരണ കാരണങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്തിയ സ്ഥാനം വാഹനഗതാഗതത്തിനാണ്. അപകടകരമായ ഈ അവസ്ഥ നേരിടാന്‍ ഡീസല്‍ കാറുകള്‍ക്ക് അനുമതി നിഷേധിക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 1990 മുതല്‍ ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍ 41 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇതില്‍ കാര്‍ബണ്‍ഡയോക്‌സൈഡാണ് വലിയ പങ്ക്, 36 ശതമാനം. അതേസമയം, ഊര്‍ജവിതരണക്കാര്‍ അവരുടെ മൊത്തംഉല്‍പ്പാദനത്തിന്റെ 57 ശതമാനം കുറച്ചിരുന്നു. എന്നാല്‍ ഗതാഗതമേഖലയില്‍ ഈ പുരോഗതി കാണാനായില്ല. 1990- 2016 കാലഘട്ടത്തില്‍ കാര്‍ബണ്‍ പുറംതള്ളലില്‍ രണ്ടു ശതമാനത്തിന്റെ കുറവേ വരുത്താനായുള്ളൂ. ഇതാകട്ടെ, എണ്ണ ഇന്ധനമാക്കുന്ന കാറുകളുടെ വില്‍പ്പന സമീപഭാവിയില്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടികളിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു.

യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ച കാറ്റാടി വൈദ്യുതിയുടെ പകുതിയും ബ്രിട്ടന്റെ സംഭാവനയാണ്. വടക്കന്‍ കടല്‍ത്തീരത്തും യൂറോപ്യന്‍ നദീതീരങ്ങളിലും ഉയര്‍ന്ന കാറ്റാടിപ്പാടങ്ങള്‍ ഊര്‍ജ ഭൂപടത്തില്‍ വലിയ സ്ഥാനം നേടിയിരിക്കുന്നു

അന്തരീക്ഷമലിനീകരണത്തെയും കാലാവസ്ഥാവ്യതിയാനത്തെയും നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2040 ആകുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന പൂര്‍ണമായി നിര്‍ത്തലാക്കാനുള്ള ആഗ്രഹം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന സമിതിയുടെ ശുപാര്‍ശപ്രകാരം 2030-ല്‍ ഇറങ്ങുന്ന അഞ്ചു കാറുകളില്‍ മൂന്നും വൈദ്യുതി ഉപയോഗിക്കുന്ന കാറുകളായിരിക്കണം. ഇതു കൊണ്ട് കാര്‍ബണ്‍ പുറംതള്ളല്‍ 44 ശതമാനം വെട്ടിക്കുറയ്ക്കാനാകുമെന്നാണു കരുതപ്പെടുന്നത്. കാലാവസ്ഥയെ തകര്‍ക്കുന്ന മലിനീകരണത്തില്‍ സ്വാഗതാര്‍ഹമായ ഇടിവുണ്ടായിട്ടും ഗതാഗതമേഖലയില്‍ മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല.

കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട സര്‍ക്കാര്‍ നയങ്ങള്‍ക്കു തന്നെ ഭീഷണി ഉയരും വിധം എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ചരിത്രനേട്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ശനമായ കാര്‍ബണ്‍ പുറംതള്ളല്‍ നിയമങ്ങള്‍ക്കെതിരേ നയവ്യതിയാനത്തിനു തന്നെ സര്‍ക്കാര്‍ ചിന്തിച്ചു വരികയായിരുന്നുവെന്ന് പാര്‍ലമെന്റംഗങ്ങള്‍ വ്യക്തമാക്കി. 2015 മുതലുള്ള കാര്‍ബണ്‍രഹിത ഊര്‍ജ നിക്ഷേപങ്ങളെ തകര്‍ക്കുന്നതിലേക്കു നയിക്കുന്ന സാഹചര്യമായിരുന്നു ഇത്. ലേബര്‍ പാര്‍ട്ടി എംപിയും പാരിസ്ഥിതിക ഓഡിറ്റ് കമ്മിറ്റി അധ്യക്ഷയുമായ മേരി ക്രേഗ് ഇതു വ്യക്തമാക്കുന്നു. കാര്‍ബണ്‍മുക്ത ലക്ഷ്യങ്ങളെ നേരിടുന്നതിനായി ഊര്‍ജം, ഗതാഗതം, താപനം, വ്യവസായം എന്നിവയില്‍ കോടിക്കണക്കിനു പണം ആവശ്യമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഫണ്ടുകളിലെ ഇടിവ് കാലാവസ്ഥാവ്യതിയാന ലക്ഷ്യങ്ങള്‍ നിയമപരമാക്കുന്നതിന് വിഘാതമാകുന്നു.

23 ബില്യണ്‍ പൗണ്ട് സര്‍ക്കാര്‍ കാര്‍ബണ്‍ പുറുതള്ളല്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ക്കായി സബ്‌സിഡി നല്‍കുന്നത് ധൂര്‍ത്താണെന്നു മാത്രമല്ല, അത് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുമെന്നും സമിതി വിലയിരുത്തുന്നു. പുനരുപയോഗഊര്‍ജം മാത്രമാണ് വിശാലമായ ശുഭപ്രതീക്ഷ നല്‍കുന്നതെന്ന് പബ്ലിക്ക് എക്കൗണ്ട്‌സ് കമ്മിറ്റി പറയുന്നു. അത്തരം പദ്ധതികള്‍ ലക്ഷ്യവേധിയായിരിക്കും. ഉപഭോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്നു മനസിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും അവര്‍ പറയുന്നു. മന്ത്രിമാര്‍ പുനരുപയോഗ ഊര്‍മെന്ന ആശയത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അവരുടെ വാദവും പിന്തുണയുമെല്ലാം വീടുകള്‍ക്കും ഓഫിസുകളുടെയും മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്ന സൗരോര്‍ജപാനലുകള്‍ പോലുള്ള ചെറുകിട പദ്ധതികളിലേക്കു മാത്രിമായി ഒതുങ്ങുകയാണ്. എന്നാല്‍ ചെറുകിടപദ്ധതികളെയും കുറഞ്ഞ കാര്‍ബണ്‍പുറംതള്ളല്‍ മാത്രം സാധ്യമാകുന്നതുമായ പദ്ധതികളെയും എങ്ങനെയാണു പ്രോല്‍സാഹിപ്പിക്കാന്‍ കഴിയുക എന്ന സര്‍ക്കാര്‍ അന്വേഷണങ്ങള്‍ക്ക് ഇനിയും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Comments

comments

Categories: FK Special, Slider