ടൂറിസം മേഖലയും ഹര്‍ത്താലും

ടൂറിസം മേഖലയും ഹര്‍ത്താലും

കേരളത്തിന് വളരെയധികം വരുമാനം നേടിത്തരുന്ന ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം നല്ലതു തന്നെയാണ്. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ഈ തീരുമാനത്തിന് വില കല്‍പ്പിക്കുമോ. ഹര്‍ത്താലുകള്‍ കേരള ടൂറിസമെന്ന ബ്രാന്‍ഡിനുണ്ടാക്കിയ കോട്ടം വലുതാണ്. ‘ബ്രാന്‍ഡ് കേരള’യെന്ന ആശയം വീണ്ടും ഉന്നതിയിലെത്തിക്കാന്‍ കൂട്ടായ പരിശ്രമങ്ങളാണ് വേണ്ടത്

രാഷ്ട്രീയ ഹര്‍ത്താലുകള്‍ക്ക് കുപ്രസിദ്ധമാണ് കേരളം. എന്നാല്‍ യുക്തിക്ക് നിരക്കാത്ത ഈ സമരരീതി മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകളല്ലാതെ പരിഹാരങ്ങളൊന്നുമുണ്ടായിട്ടുമില്ല. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വമ്പന്‍ നഷ്ടം വരുത്തി വെക്കുന്നു ഓരോ ഹര്‍ത്താലും. കേരള വികസനത്തിന്റെ വളര്‍ച്ചയില്‍ എന്നും നിര്‍ണായക സ്വാധീനമായിട്ടുള്ള ടൂറിസം മേഖലയെ വലിയ രീതിയിലാണ് ഹര്‍ത്താല്‍ സംസ്‌കാരം ബാധിച്ചത്.

ഏകദേശം 29,000 കോടി രൂപയുടേതാണ് കേരളത്തിന്റെ ടൂറിസം മേഖലയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുപോലെ തന്ത്രപ്രധാനമായ ഒരു മേഖലയ്ക്ക് ഹര്‍ത്താല്‍ കാരണമുണ്ടാകുന്ന നഷ്ടം ചെറുതൊന്നുമല്ല. ഇതിനെകുറിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യാതൊരു വിധ ബോധ്യവുമില്ല.

ഈ സാഹചര്യത്തിലാണ് ടൂറിസം മേഖലയെ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളില്‍നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് ആവശ്യപ്പെട്ടത്. ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ബാധിക്കുന്നുവെന്നതും ഈ ദുസ്ഥിതി പരിഹരിക്കാന്‍ പൊതുജനാഭിപ്രായം വേണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്തു.

ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളുമെല്ലാം മുന്‍കൈയെടുത്ത് അഭിപ്രായ സമന്വയമുണ്ടാക്കണമെന്നായിരുന്നു കെടിഎം മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശം. ഹര്‍ത്താലില്‍നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുക മാത്രമല്ല വിനോദസഞ്ചാരികള്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ ദിനങ്ങളില്‍ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരടക്കം മുന്‍കൈ എടുക്കണമെന്നും കെടിഎം ആവശ്യപ്പെട്ടു.

ഹര്‍ത്താലുകളില്‍നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും സൂചിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ പൂര്‍ണമായും ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അടുത്തിടെ തീരുമാനമെടുത്തത്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും അറിയിച്ചിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ ഉയരുന്ന പ്രധാനമായ ചോദ്യം ടൂറിസം രംഗത്തെ മാത്രം ഹര്‍ത്താലില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്നത് ഉള്‍ക്കൊള്ളാന്‍ അത് പ്രഖ്യാപിക്കുന്നവര്‍ തയാറാകുമോയെന്നതാണ്.

കേരളത്തിലേയ്ക്ക് വരുന്ന വിദേശ സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. ആഗോളതലത്തില്‍ കേരളത്തിന്റെയും ഇന്ത്യയുടെയും പ്രതിച്ഛായ മോശമാകാന്‍ വരെ ഇത് കാരണമാകുന്നുമുണ്ട്.
സഞ്ചാര സ്വാതന്ത്ര്യത്തിന് പോലും ഭീഷണിഉയരുന്ന നാടിനെ ടൂറിസത്തിന്റെ പറുദീസയെന്ന് എങ്ങനെ വിശേഷിപ്പിക്കാനാകും എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ നമ്മള്‍ ബാധ്യസ്ഥരുമാണ്. കാലങ്ങളായി കേരളത്തിലെ ടൂറിസം വ്യവസായത്തിന്റെ ഭാഗമായവര്‍ ഇത് ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും ക്രിയാത്മകമായ ഒരു നിലപാടും ഒരു സംസ്ഥാനമെന്ന നിലയില്‍ ഇക്കാര്യത്തില്‍ കൈക്കൊളളാന്‍ നമുക്ക് സാധിച്ചിട്ടില്ല.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ശ്രീലങ്കയടക്കമുള്ള അയല്‍ രാജ്യങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നൂതനാത്മകമായ പല പദ്ധതികളും ആവിഷ്‌കരിക്കുമ്പോഴാണ് കേരളത്തില്‍ ഇങ്ങനെ സംഭവിക്കുന്നത്. കേരളത്തിന്റെ സംരംഭകത്വ സംസ്‌കാരത്തിന് തന്നെ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ഹര്‍ത്താലുകള്‍. ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന നടപടി സ്വാഗതാര്‍ഹം തന്നെയാണ്.

കേരളത്തിനെ വികസനത്തിന്റെ പുതിയ തലത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് സജീവ ഇടപെടല്‍ നടത്തണം. ഭാവിയില്‍ ഹര്‍ത്താല്‍ പോലുള്ള സമരമാര്‍ഗ്ഗങ്ങളെ പരമാവധി ഉപേക്ഷിക്കാന്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിയുടെ നേതൃത്വവും തീരുമാനിച്ചാല്‍ തന്നെ വലിയ രീതിയിലുള്ള മാറ്റം പ്രകടമാകും. അതിനുള്ള തുടക്കമാകട്ടെ സര്‍വകക്ഷിയോഗത്തിലെടുത്ത തീരുമാനം.

Comments

comments

Categories: Editorial, Slider