നോട്ട് അസാധുവാക്കലും ജിഎസ്ടിയും വരുമാന ലക്ഷ്യത്തെ ബാധിച്ചു: പതഞ്ജലി

നോട്ട് അസാധുവാക്കലും ജിഎസ്ടിയും വരുമാന ലക്ഷ്യത്തെ ബാധിച്ചു: പതഞ്ജലി

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം ഏറക്കുറേ മുന്‍ വര്‍ഷത്തേതിന് സമാനം

ന്യൂഡെല്‍ഹി: അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വാര്‍ഷിക വില്‍പ്പന വരുമാനം 20,000 കോടി രൂപയാക്കി ഉയര്‍ത്താനുള്ള പതഞ്ജലി ആയുര്‍വേദിന്റെ നീക്കങ്ങള്‍ തിരിച്ചടി നേരിടുന്നുവെന്ന് വിലയിരുത്തല്‍. ബാബാ രാം ദേവിന്റെ നേതൃത്വത്തില്‍ ഒരു ചെറിയ ഫാര്‍മസിയായി സേവനം ആരംഭിച്ച പതഞ്ജലി വ്യത്യസ്ത ഉല്‍പ്പന്നങ്ങളെ അവതരിപ്പിച്ചുകൊണ്ട് അതിവേഗം വളര്‍ന്ന് ബഹുരാഷ്ട്ര എഫ്എംസിജി കമ്പനികള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. 2016-17ലെ കമ്പനിയുടെ വരുമാനം 10,000 കോടി രൂപ കടന്നിരുന്നു. അഞ്ച് വര്‍ഷം മുമ്പ് 500 കോടി രൂപയായിരുന്നു കമ്പനിയുടെ വാര്‍ഷിക വരുമാനം.

മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഉപഭോക്തൃ വിപണിയുടെ 25-50 ശതമാനം പിടിക്കാനായുള്ള ഏക അജണ്ടയിലാണ് പതഞ്ജലി പ്രവര്‍ത്തിക്കുന്നതെന്ന് ഏപ്രിലില്‍ ബാബാ രാംദേവ് പറഞ്ഞിരുന്നു. അടുത്ത 3-5 വര്‍ഷങ്ങളില്‍ വാര്‍ഷിക വരുമാനമായി 20,000 കോടി രൂപ മുതല്‍ 25,000 കോടി രൂപ വരെ നേടുന്നതിനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2017 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 10,561 കോടി രൂപയുടെ വരുമാനമാണ് പതഞ്ജലി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 5,000 കോടിയിലധികം രൂപയുടെ വര്‍ധനവാണ് കമ്പനിക്കുണ്ടായത്. എന്നാല്‍ 2018 മാര്‍ച്ചില്‍ അവസാനിപ്പിച്ച സാമ്പത്തിക വര്‍ഷം മുന്‍ സാമ്പത്തിക വര്‍ഷത്തിന് സമാനമായ തലത്തിലുള്ള വരുമാനം മാത്രമാണ് നേടാനായതെന്ന് പതഞ്ജലി മാനേജിംഗ് ഡയറക്റ്റര്‍ ആചാര്യ ബാലകൃഷ്ണ പറയുന്നു. നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതിയും സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ വരുമാന വളര്‍ച്ചയെ ബാധിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിലും വിതരണ ശൃംഖല വിപുലമാക്കുന്നതിലുമാണ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷം നേടിയ വളര്‍ച്ച നിലനിര്‍ത്തുന്നതിന് അത് അനിവാര്യമാണെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

ഒരു ദശാബ്ദം മുമ്പ് ചെറിയൊരു ഫാര്‍മസിയായിരുന്ന പതഞ്ജലി പശു നെയ്യ്, ദന്ത് കാന്തി ടൂത്ത്‌പേസ്റ്റ്, ആയുര്‍വേദ മരുന്നുകള്‍, കേശകാന്തി ഷാംപൂ, സോപ്പുകള്‍ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങള്‍ വഴിയാണ് ഒരു മുന്‍നിര എഫ്എംസിജി കമ്പനിയായി വളര്‍ന്നത്. പതഞ്ജലിയുടെ ആരോഗ്യ കേന്ദ്രങ്ങളുടെയും ചികിത്സാലയങ്ങളുടെയും നെറ്റ്‌വര്‍ക്കിന് പുറത്തേക്ക് വില്‍പ്പന വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് പി ടി ഗ്രൂപ്പുമായുള്ള കമ്പനിയുടെ പങ്കാളിത്തം പ്രഖ്യാപിച്ചതാണ് വളര്‍ച്ചയില്‍ നിര്‍ണായകമായത്. 2012 മുതല്‍ പൊതു വ്യാപാരത്തില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ പി ടി ഗ്രൂപ്പ് വില്‍ക്കാന്‍ ആരംഭിച്ചു. റിലയന്‍സ് റീട്ടെയ്ല്‍, സ്‌പെന്‍സര്‍, ജി മാര്‍ട്ട് തുടങ്ങിയ റീട്ടെയ്ല്‍ ശൃംഖലകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയത് വിപണിയില്‍ പതഞ്ജലി സജീവമാകുന്നതിന് കാരണമായി.

Comments

comments

Categories: Business & Economy