കിയ സ്‌റ്റോണിക്, ഗ്രാന്‍ഡ് കാര്‍ണിവല്‍ ഇന്ത്യയിലെത്തും

കിയ സ്‌റ്റോണിക്, ഗ്രാന്‍ഡ് കാര്‍ണിവല്‍ ഇന്ത്യയിലെത്തും

ഇന്ത്യയില്‍ ആദ്യം അവതരിപ്പിക്കുന്നത് ‘മെയ്ഡ് ഫോര്‍ ഇന്ത്യ’ എസ്പി കണ്‍സെപ്റ്റ് എസ്‌യുവി

ന്യൂഡെല്‍ഹി : സ്‌റ്റോണിക് ക്രോസ്ഓവര്‍, ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി എന്നീ മോഡലുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന കാര്യം കിയ മോട്ടോഴ്‌സ് പരിഗണിക്കുന്നു. ഈ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ രണ്ട് മോഡലുകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ ആദ്യം അവതരിപ്പിക്കുന്നത് ‘മെയ്ഡ് ഫോര്‍ ഇന്ത്യ’ എസ്പി കണ്‍സെപ്റ്റ് എസ്‌യുവിയായിരിക്കും. ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയാണ് കിയ മോട്ടോഴ്‌സിന്റെ മാതൃ കമ്പനി. ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് കിയ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്.

കിയ എസ്പി കണ്‍സെപ്റ്റ് അടുത്ത വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഹ്യുണ്ടായ് ക്രെറ്റയെ വെല്ലുവിളിക്കുന്നതായിരിക്കും എസ്പി കണ്‍സെപ്റ്റ് എന്ന എസ്‌യുവി. ഇതിനു പിന്നാലെ ഹ്യുണ്ടായ് കാര്‍ലിനോയുടെ കിയ വേര്‍ഷന്‍ ഇന്ത്യയില്‍ പുറത്തിറക്കും. ഫോഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ്സ എന്നിവയാണ് ഈ കോംപാക്റ്റ് എസ്‌യുവിയുടെ എതിരാളികള്‍. ഹ്യുണ്ടായ് പുറത്തിറക്കാനിരിക്കുന്ന നാല് മീറ്ററില്‍ കുറവ് നീളമുള്ള എസ്‌യുവിയാണ് കാര്‍ലിനോ.

ജനപ്രീതിയാര്‍ജ്ജിച്ച ഹ്യുണ്ടായ് കോന ക്രോസ്ഓവറിന്റെ കൂടെപ്പിറപ്പാണ് കിയ സ്റ്റോണിക് എന്ന് പറയാം. ഭാവിയില്‍ ഇന്ത്യയില്‍ മറ്റ് ബോഡിസ്‌റ്റൈലുകള്‍ക്കായി സ്‌റ്റോണിക് പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്ന് കിയ മോട്ടോഴ്‌സ് കണക്കുകൂട്ടുന്നു. മസ്‌കുലര്‍ ബോണറ്റ്, കിയയുടെ പുതിയ ‘ടൈഗര്‍ നോസ്’ ഗ്രില്‍, ഡേടൈം റണ്ണിംഗ് എല്‍ഇഡികള്‍ സഹിതം ഇരു വശങ്ങളിലേക്കും നീണ്ട ആംഗുലര്‍ ഹെഡ്‌ലൈറ്റുകള്‍ എന്നിവ കിയ സ്‌റ്റോണിക് ക്രോസ്ഓവറിന്റെ സവിശേഷതകളാണ്. സ്വൂപ്പിംഗ് റൂഫ്‌ലൈന്‍, വലിയ അലോയ് വീലുകള്‍, ഫ്‌ളയേഡ് വീല്‍ ആര്‍ച്ചുകള്‍ എന്നിവ സ്റ്റോണിക് ക്രോസ്ഓവറിന്റെ സ്‌പോര്‍ടി ലുക്ക് വീണ്ടും വര്‍ധിപ്പിക്കുന്നു.

84 എച്ച്പി, 1.2 ലിറ്റര്‍ പെട്രോള്‍, 120 എച്ച്പി 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 110 എച്ച്പി 1.6 ലിറ്റര്‍ ഡീസല്‍ എന്നിവ ഉള്‍പ്പെടെ അന്തര്‍ദേശീയ തലത്തില്‍ നിരവധി എന്‍ജിന്‍ ഓപ്ഷനുകളില്‍ കിയ സ്റ്റോണിക് ലഭിക്കും. ഹ്യുണ്ടായ് കോനയുടെ അതേ എന്‍ജിന്‍ ഓപ്ഷനുകളാണ് കിയ സ്‌റ്റോണിക്കിന് നല്‍കിയിരിക്കുന്നത്. 5 സ്പീഡ് മാന്വല്‍, 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. ഫ്രണ്ട് വീല്‍ ഡ്രൈവില്‍ മാത്രമായിരിക്കും കിയ സ്റ്റോണിക് ക്രോസ്ഓവര്‍ ലഭിക്കുന്നത്. സമാന വിലയുള്ള മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രീമിയം നിലവാരമുള്ള ഇന്റീരിയര്‍ സ്‌റ്റോണിക് ക്രോസ്ഓവറിന്റെ സവിശേഷതയാണ്. ക്ലൈമറ്റ് കണ്‍ട്രോള്‍, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

വടക്കേ അമേരിക്കന്‍ വിപണിയില്‍ സെഡോണ എന്നാണ് കിയയുടെ ഗ്രാന്‍ഡ് കാര്‍ണിവല്‍ അറിയപ്പെടുന്നത്. വിശാലമായ കാബിനോടെ 5 ഡോര്‍ പ്രീമിയം മള്‍ട്ടി പര്‍പസ് വാഹനമാണ് ഗ്രാന്‍ഡ് കാര്‍ണിവല്‍. 7, 8, 11 സീറ്റ് കോണ്‍ഫിഗറേഷനില്‍ ഗ്രാന്‍ഡ് കാര്‍ണിവല്‍ ലഭിക്കും. 5,115 എംഎം നീളം, 1,985 എംഎം വീതി, 1,755 എംഎം ഉയരം എന്നിങ്ങനെയാണ് എംപിവിയുടെ വലുപ്പം സംബന്ധിച്ച അളവുകള്‍. ഇന്നോവ ക്രിസ്റ്റയേക്കാള്‍ നീളവും വീതിയും കിയ ഗ്രാന്‍ഡ് കാര്‍ണിവലിന്റെ മേന്‍മയാണ്. രണ്ടാം നിരയില്‍ പവര്‍ സ്ലൈഡിംഗ് ഡോറുകള്‍ വാഹനത്തിന്റെ സവിശേഷതയാണ്. ഇന്ത്യയിലെ എംപിവി സെഗ്‌മെന്റില്‍ ഇത് തികച്ചും പുതുമയുള്ള കാര്യം തന്നെ.

11 സീറ്റ് കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ സവിശേഷ സ്ഥാനം അലങ്കരിക്കും

220 എച്ച്പി, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഗ്രാന്‍ഡ് കാര്‍ണിവലിന് കരുത്തേകുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ഇരട്ട സണ്‍റൂഫ്, 3 സോണ്‍ എസി, യുഎസ്ബി ചാര്‍ജിംഗ് പോയന്റുകള്‍, ഫ്രണ്ട് ആന്‍ഡ് കര്‍ട്ടന്‍ എയര്‍ബാഗുകള്‍, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട് (ആര്‍സിടിഎ) എന്നിവ ഫീച്ചറുകളാണ്. 11 സീറ്റ് കോണ്‍ഫിഗറേഷനിലുള്ള കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ സവിശേഷ സ്ഥാനം അലങ്കരിക്കും. ഇന്ത്യയിലെ ടൂറിസ്റ്റ് വാഹന സെഗ്‌മെന്റാണ് കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ മുന്നിലായിരിക്കും കിയ ഗ്രാന്‍ഡ് കാര്‍ണിവല്‍ മള്‍ട്ടി പര്‍പസ് വാഹനത്തിന് സ്ഥാനം. 2021 ഓടെ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ അഞ്ച് മോഡലുകള്‍ പുറത്തിറക്കും.

Comments

comments

Categories: Auto