ഇന്ത്യ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുള്ള ആറാമത്തെ രാജ്യം

ഇന്ത്യ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുള്ള ആറാമത്തെ രാജ്യം

 

ന്യൂഡെല്‍ഹി: ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് ആറാം സ്ഥാനം. 8,230 ബില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യയുടെ മൊത്തം സമ്പത്ത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് യുഎസാണ്.

അഫ്രേഷ്യ ബാങ്ക് ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ ആണ് മികച്ച സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. 62,584 ബില്യണ്‍ യുഎസ് ഡോളറാണ് അമേരിക്കയുടെ സമ്പത്ത്. രണ്ടാം സ്ഥാനം ചൈനയ്ക്കും( 24,803 ബില്യണ്‍), മൂന്നാം സ്ഥാനം ജപ്പാനു( 19,522 ബില്യണ്‍)മാണ്.

രാജ്യത്തിന്റെ ആകെയുള്ള സമ്പത്ത് കണക്കാക്കുന്നത് അതാതു രാജ്യത്തെ പൗരന്മാരുടെ സ്വകാര്യ സ്വത്തുക്കളുള്‍പ്പടെയുള്ളവ അടിസ്ഥാനമാക്കിയാണ്. ഭൂമി, സ്വത്ത്, പണം, ഓഹരി എന്നിവ ഉള്‍പ്പെടുത്തിയാണ് സമ്പത്ത് കണക്കാക്കിയത്. സര്‍ക്കാരിന്റെ ഫണ്ടുകളും മറ്റ് ആനുകൂല്യങ്ങളും കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ അതിന്റെതായ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സമ്പദായവും ഐടി മേഖലയുടെ വളര്‍ച്ചയും, സംരംഭകര്‍ക്കുള്ള പ്രോത്സാഹനവും മികച്ച സംരംഭകരുടെ കടന്നുവരവും, ആരോഗ്യ, സാമൂഹിക, മാധ്യമ മേഖലകളിലെ മുന്നേറ്റവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ചതാക്കാനുള്ള ഘടകങ്ങളായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിലായി പട്ടികയിലുള്ള രാജ്യങ്ങള്‍.

 

 

Comments

comments