ട്രംപിനൊപ്പം അത്താഴവിരുന്ന്; പുലിവാല് പിടിച്ച് ചൈനീസ് ബാങ്ക്

ട്രംപിനൊപ്പം അത്താഴവിരുന്ന്; പുലിവാല് പിടിച്ച് ചൈനീസ് ബാങ്ക്

 

ബീയ്ജിംഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ഇടപാടുകര്‍ക്ക് അവസരമൊരുക്കി ചൈനീസ് ബാങ്ക്. ചൈനയുടെ ഗവണ്‍മെന്റിനു കീഴിലുള്ള രണ്ടാമത്തെ വലിയ ബാങ്കായ ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക് കോര്‍പ്പറേഷനാണ് ട്രംപുമായുള്ള അത്താഴവിരുന്നിലേക്ക് ഇടപാടുകാരെ ക്ഷണിച്ചത്. എന്നാല്‍ അത്താഴവിരുന്നിന് ക്ഷണിച്ചതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബാങ്കിപ്പോള്‍.

ബാങ്കിന്റെ ഷെന്‍ഷെന്‍ ബ്രാഞ്ചിലെ സമ്പന്നരായ ഇടപാടുകാരെയാണ് ക്ഷണിച്ചിരിക്കുന്നത്. 150,000 ഡോളറാണ് മെയ് 31 ന് ഡള്ളാസില്‍ സംഘടിപ്പിക്കാനിരിക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള തുക. അമേരിക്കന്‍ പ്രതിനിധികളുമായി സംസാരിക്കാനും, ട്രംപിനൊപ്പം നിന്ന് ഫോട്ടോയെടുക്കാനും ബാങ്ക് അവസരമൊരുക്കുന്നതായാണ് ക്ഷണക്കത്തില്‍ പറയുന്നത്.

എന്നാല്‍ ബാങ്ക് സംഘടിപ്പിക്കുന്ന അത്താഴവിരുന്നിനെ സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് വന്നിട്ടില്ലെന്നും ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നുമാണ് ട്രംപിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വിദേശ സംഘടനയില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ പണം സ്വീകരിക്കരുതെന്ന അമേരിക്കന്‍ പ്രചരണ നയത്തിനെതിരാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അന്ന് തന്നെ ഡള്ളാസില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ ഫണ്ട് റേസിംഗ് പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നുണ്ട്.

 

 

Comments

comments

Categories: FK News, World