എയര്‍ടെല്‍ ചട്ടങ്ങള്‍ ലംഘിക്കുന്നതായി ജിയോ

എയര്‍ടെല്‍ ചട്ടങ്ങള്‍ ലംഘിക്കുന്നതായി ജിയോ

ആപ്പിള്‍ വാച്ച് സീരീസ് 3 വില്‍ക്കുന്നതിനായി എയര്‍ടെല്‍ ഇ-സിമ്മുകളുടെ ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും റിലയന്‍സ് ജിയോ. ഐപിഎല്‍ ഓണ്‍ലൈന്‍ ലൈവ് പ്രക്ഷേപണവുമായി ബന്ധപ്പെട്ട എയര്‍ടെല്‍ പരസ്യത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോവുന്നതിനിടയിലാണ് ജിയോയുടെ പുതിയ ആരോപണം.

എയര്‍ടെല്‍ ഇന്ത്യയ്ക്കകത്ത് ഇ-സിം പ്രൊവിഷനിങ് നോഡ് സ്ഥാപിച്ചിട്ടില്ല. ആപ്പിള്‍ വാച്ച് സീരീസ് സേവനം നല്‍കുന്നതിനായി എയര്‍ടെല്‍ ഉപയോഗപ്പെടുത്തുന്ന നോഡ് നിലവില്‍ ഇന്ത്യയ്ക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നത് ഇത് ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ടെലികോം മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ ജിയോ ആരോപിക്കുന്നു. ഇത്തരം ഉപകരണങ്ങള്‍ ഇന്ത്യയ്ക്കകത്ത് എവിടെയെങ്കിലും സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നിബന്ധനയുണ്ട്. ഉപഭോക്തൃവിവരങ്ങളും അവരുടെ അക്കൗണ്ടിങ് വിവരങ്ങളും മറ്റൊരു വ്യക്തിക്കോ ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്കോ കൈമാറ്റം ചെയ്യരുതെന്നും ലൈസന്‍സ് വ്യവസ്ഥകള്‍ നിബന്ധന ചെയ്യുന്നുണ്ട്.

എന്നാല്‍ എയര്‍ടെല്‍ മനഃപൂര്‍വം ഇന്ത്യയ്ക്ക് പുറത്ത് നെറ്റ്‌വര്‍ക്ക് നോഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് ജിയോ ആരോപിക്കുന്നു. വ്യവസ്ഥകള്‍ ലംഘിച്ചതിന് എയര്‍ടെലിന് പിഴ ചുമത്തുകയോ സേവനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് റിലയന്‍സ് ജിയോ ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുത്തകാവകാശം ഉറപ്പിക്കുന്നതിനാണ് ജിയോ ഇത്തരം ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് എയര്‍ടെലിന്റെ പ്രതികരണം. ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങളും നോഡുകളും പൂര്‍ണ സുരക്ഷിതമായാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് എയര്‍ടെല്‍ അറിയിച്ചു.

Comments

comments

Categories: Tech