ചിട്ടയായ ജീവിതത്തിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാം

ചിട്ടയായ ജീവിതത്തിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാം

ലോകമെമ്പാടും 1.13 മില്യണ്‍ ആളുകള്‍ ഇന്ന് ഈ രോഗത്തിന് അടിമകളാണ്. അതില്‍ 20 ശതമാനവും ഇന്ത്യയിലാണെന്നതാണ് പ്രധാന വസ്തുത

നിശബ്ദനായ കൊലയാളി എന്നാണ് രക്തസമ്മര്‍ദം പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇതിന്റെ കടന്നു വരവ്. രക്തക്കുഴലുകള്‍ വഴി രക്തം പ്രവഹിക്കുമ്പോള്‍ അവയിലുണ്ടാകുന്ന സമ്മര്‍ദമാണിത്. ലോകമെമ്പാടും 1.13 മില്യണ്‍ ആളുകള്‍ ഇന്ന് ഈ രോഗത്തിന് അടിമകളാണ്. അതില്‍ 20 ശതമാനവും ഇന്ത്യയിലാണെന്നതാണ് മറ്റൊരു പ്രധാന വസ്തുത.

രോഗം ഇന്ന് സര്‍വസാധാരണമായെങ്കിലും ആളുകള്‍ക്ക് ഇതിനെ കുറിച്ച് കൃത്യമായ അവബോധമില്ല. രോഗം തിരിച്ചറിയുമ്പോള്‍ തന്നെ ആവശ്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഹൃദയാഘാതം, പക്ഷാഘാതം, കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്ന രോഗം, തലച്ചോറിലെ രക്തസ്രാവം മൂലമുള്ള ഓര്‍മക്കുറവ്, നെഫ്രോപ്പതി എന്നിങ്ങനെ പല രോഗങ്ങളിലേക്കും ഇതു വഴിവെക്കും.

രക്തസമ്മര്‍ദം പ്രശ്‌നക്കാരന്‍ ആണെങ്കിലും ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നത് ഈ രക്തസമ്മര്‍ദമാണ്. ഇത് ഒരു പരിധിയില്‍ കൂടുമ്പോഴാണ് രോഗാവസ്ഥയാകുന്നത്. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുംതന്നെ മൂന്‍കൂട്ടി അറിയാന്‍ കഴിയില്ല. രക്തസമ്മര്‍ദം കൂടി ശരീരത്തിന്റെ ഏതെങ്കിലും അവയവത്തെ ബാധിച്ച് അപകട സ്ഥിതിയിലേക്ക് എത്തുമ്പോഴാണ് അത് വ്യക്തമാകുന്നത്. 120/ 80 ആണ് പൊതുവെ അംഗീകരിച്ചിട്ടുള്ള സുരക്ഷിതമായ രക്തസമ്മര്‍ദത്തിന്റെ തോത്. തലവേദന, മൂക്കില്‍ നിന്നുള്ള രക്തസ്രാവം എന്നിവ അമിത രക്തസമ്മര്‍ദത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ്.

പുത്തന്‍ ജീവിതശൈലിയിലൂടെ കടന്നുവന്ന ഈ നിശബ്ദ കൊലയാളിയെ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ ഇനി മുന്നോട്ടുള്ള വഴിയില്‍ രക്തസമ്മര്‍ദം ഒരു ഭീഷണി ആവാതെയിരിക്കൂ. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമാണ് ആദ്യം മാറ്റം വരുത്തേണ്ടത്.

പുകവലി, മദ്യപാനം, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകാറുള്ളത്.

 

Comments

comments

Categories: FK News, Health