റിഫൈനറി നിര്‍മാണം: ഭൂമി ഏറ്റെടുക്കല്‍ സൗദി ആരാംകോയ്ക്ക് വെല്ലുവിളിയാകുന്നു

റിഫൈനറി നിര്‍മാണം: ഭൂമി ഏറ്റെടുക്കല്‍  സൗദി ആരാംകോയ്ക്ക് വെല്ലുവിളിയാകുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്ന ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ പ്രധാന വെല്ലുവിളിയാകുന്നു. ഇന്ത്യയുമായി എണ്ണ നിക്ഷേപം സംബന്ധിച്ച കരാറില്‍ കഴിഞ്ഞ ഏപ്രിലില്‍ ഡെല്‍ഹിയില്‍ വെച്ച് നടന്ന എനര്‍ജി ഫോറത്തില്‍ ധാരണയായിരുന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ റിഫൈനറിയും പെട്രോകെമിക്കല്‍ പദ്ധതിയും നിര്‍മിക്കാനായിരുന്നു കരാര്‍. ഏകദേശം 44 ബില്യണ്‍ ഡോളറിന്റെ പദ്ധതിയായിരുന്നു ഇത്. എന്നാല്‍ റിഫൈനറി നിര്‍മാണത്തിനായി ഇതുവരെ ഭൂമി ലഭിക്കാത്തത് കമ്പനിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

എണ്ണ ഉത്പാദനത്തിലും വിതരണത്തിലും ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന പദ്ധതി ഇരുരാജ്യങ്ങളിലെയും സമ്പദ്ഘടനയ്ക്കു തന്നെ മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.

രത്‌നഗിരി ജില്ലയിലെ കര്‍ഷകര്‍ പദ്ധതിക്കെതിരെ നില്‍ക്കുന്നതാണ് സൗദി അരാംകോയുടെ പദ്ധതി നീണ്ടുപോകാനുള്ള കാരണം. റിഫൈനറി നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കാന്‍ കര്‍ഷകര്‍ ഒരുക്കമല്ല. അല്‍ഫോണ്‍സാ മാമ്പഴങ്ങള്‍ വിളയുന്ന ഭൂമിയും, കശുവണ്ടി തോട്ടങ്ങളുമുള്ള സ്ഥലത്ത് റിഫൈനറി നിര്‍മിച്ചാല്‍ തങ്ങളുടെ ജീവിതം തന്നെ വഴിമുട്ടിപ്പോകുമെന്ന ഭയത്താലാണ് കര്‍ഷകര്‍ ഭൂമി നല്‍കാന്‍ തയ്യാറാകാത്തത്.

15,000 ഏക്കര്‍ ഭൂമിയാണ് റിഫൈനറി നിര്‍മിക്കാന്‍ ആവശ്യമുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 2019 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദി സര്‍ക്കാര്‍ കര്‍ഷകരുടെ മുന്നേറ്റങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Comments

comments

Categories: FK News, Slider