വാണിജ്യ രംഗത്ത് ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യയുമായി ഇന്‍ഫോസിസ്

വാണിജ്യ രംഗത്ത് ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യയുമായി ഇന്‍ഫോസിസ്

ബംഗലൂരു: വ്യാപാര, സാമ്പത്തിക രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യയുമായി ഇന്‍ഫോസിസ് രംഗത്ത്. ബ്ലോക് ചെയിന്‍ അടിസ്ഥാനമാക്കി ഡോക്യുമെന്റ് ട്രാക്കിംഗ് സിസ്റ്റം തയ്യാറാക്കാനാണ് ഇന്‍ഫോസിസിന്റെ പദ്ധതി. ഇതിനായി ഏഴ് ബാങ്കുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആര്‍ബിഎല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവരുമായി ബ്ലോക്‌ചെയ്ന്‍ സൊല്യൂഷന്‍ പദ്ധതി നടപ്പിലാക്കിവരികയാണെന്ന് ഇന്‍ഫോസിസ് ചീഫ് ബിസിനസ് ഓഫീസര്‍ സനറ്റ് റാവു പറഞ്ഞു.

ഇന്ത്യ ട്രേഡ് കണക്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതി വാണിജ്യപരമായ രേഖകള്‍ ബാങ്കുകള്‍ക്ക് ഡിജിറ്റല്‍ രൂപത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.

വിശ്വാസ്യതയുള്ള രേഖകള്‍ ഏതാണെന്ന് കണ്ടെത്താനായി ബാങ്കുകള്‍ക്ക് ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യയിലൂടെ കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വ്യവസായ പ്രമുഖന്‍ നിരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് ഒരു ബില്യണ്‍ ഡോളര്‍ വായ്പാ തട്ടിപ്പ് നടത്തിയ സാഹചര്യത്തിലാണ് ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വാണിജ്യ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള തീരുമാനം.

ഉപഭോക്താവിനെയും വ്യാപാരിയെയും ബാങ്കുകളെയും ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്ന രീതിയാണ് ബ്ലോക്‌ചെയ്ന്‍. രണ്ട് ബാങ്കുകള്‍ ഇതിനോടകം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. ബാക്കിയുള്ളവ പരീക്ഷണ ഘട്ടത്തിലാണെന്ന് സനറ്റ് റാവു പറഞ്ഞു.

മറ്റ് പണമിടപാട് സ്ഥാപനങ്ങളുമായി ഇന്‍ഫോസിസ് ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഹോംഗ്‌കോംഗ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളിലും ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനായി സംസാരിച്ചുവരികയാണെന്ന് കമ്പനി എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

 

Comments

comments

Related Articles