2020 ഓടെ ആറ് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

2020 ഓടെ ആറ് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

പുതിയ സിആര്‍-വി, സിവിക് എന്നിവ ഈ സാമ്പത്തിക വര്‍ഷം പുറത്തിറക്കും

ന്യൂഡെല്‍ഹി : 2020 ഓടെ ഹോണ്ട ഇന്ത്യയില്‍ ആറ് മോഡലുകള്‍ അവതരിപ്പിക്കും. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന സെഗ്‌മെന്റില്‍ എല്ലാ അടവുകളും പയറ്റാനാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ തീരുമാനം. ഇന്ത്യന്‍ വിപണിക്കായി പ്രത്യേക ഇലക്ട്രിക് വാഹന സ്ട്രാറ്റജി രൂപപ്പെടുത്തുകയാണെന്ന് ഹോണ്ട അറിയിച്ചു. കോംപാക്റ്റ് സെഡാനായ അമേസിന്റെ പുതിയ പതിപ്പ് ഹോണ്ട കഴിഞ്ഞ ദിവസം വിപണിയിലെത്തിച്ചിരുന്നു.

ഓള്‍-ന്യൂ അമേസ് ഉള്‍പ്പെടെ ഈ സാമ്പത്തിക വര്‍ഷം മൂന്ന് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ ഗാക്കു നകനിഷി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് മോഡലുകള്‍ കൂടി ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ സിആര്‍-വി, സിവിക് സെഡാന്‍ എന്നിവയാണ് നടപ്പ് സാമ്പത്തിക വര്‍ഷം പുറത്തിറക്കുന്ന മറ്റ് മോഡലുകള്‍. ജനപ്രീതിയാര്‍ജ്ജിച്ച കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലും വാഹനം അവതരിപ്പിക്കും.

ഏഷ്യ പസിഫിക് മേഖലയില്‍ ഹോണ്ടയുടെ ആകെ വില്‍പ്പനയുടെ 23 ശതമാനം സംഭാവന ചെയ്യുന്നത് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡാണ്

ഇന്ത്യയില്‍ സ്വന്തം അടിത്തറ വികസിപ്പിക്കാനാണ് ഹോണ്ട ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017-18 ല്‍ ഇന്ത്യയില്‍ 1,70,026 കാറുകളാണ് ഹോണ്ട വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 8 ശതമാനം വര്‍ധന. എന്നാല്‍ ഇന്ത്യയിലെ ടോപ് 3 പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കൡ ഒരുവനാകാന്‍ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന് കഴിഞ്ഞില്ല. ഏഷ്യ പസിഫിക് മേഖലയില്‍ ഹോണ്ടയുടെ ആകെ വില്‍പ്പനയുടെ 23 ശതമാനം സംഭാവന ചെയ്യുന്നത് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡാണ്. ഇന്ത്യയില്‍ കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗാക്കു നകനിഷി പറഞ്ഞു.

Comments

comments

Categories: Auto