ആംപിയര്‍ വി48, റയോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി

ആംപിയര്‍ വി48, റയോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില യഥാക്രമം 38,000 രൂപ, 46,000 രൂപ. ലിഥിയം-അയണ്‍ ബാറ്ററി ചാര്‍ജറും വിപണിയിലെത്തിച്ചു

ന്യൂഡെല്‍ഹി : കോയമ്പത്തൂര്‍ ആസ്ഥാനമായ ആംപിയര്‍ വെഹിക്കിള്‍സ് എന്ന ഇവി സ്റ്റാര്‍ട്ടപ്പ് രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. വി48, റയോ എന്നീ ഇ-സ്‌കൂട്ടറുകളാണ് പുറത്തിറക്കിയത്. യഥാക്രമം 38,000 രൂപ, 46,000 രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ഇതോടൊപ്പം ലിഥിയം-അയണ്‍ ബാറ്ററി പാക്ക് ചാര്‍ജര്‍ ആംപിയര്‍ വെഹിക്കിള്‍സ് വിപണിയിലെത്തിച്ചു. പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ടോപ് സ്പീഡ് മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ലെഡ് ആസിഡ് ബാറ്ററി സ്‌കൂട്ടറുകള്‍ക്കായി ആംപിയര്‍ വെഹിക്കിള്‍സ് കഴിഞ്ഞ വര്‍ഷം കുറഞ്ഞ വിലയുള്ള ചാര്‍ജര്‍ അവതരിപ്പിച്ചിരുന്നു. ഇതിനുശേഷം തദ്ദേശീയമായി ഇലക്ട്രിക് മോട്ടോറുകളും ബാറ്ററി കണ്‍ട്രോളറുകളും ലിഥിയം-അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറുകള്‍ക്കായി ചാര്‍ജറുകളും വികസിപ്പിക്കുന്ന തിരക്കിലായിരുന്നു കമ്പനി.

48 വോള്‍ട്ട് ലിഥിയം-അയണ്‍ ബാറ്ററി പാക്ക് കരുത്തേകുന്ന 250 വാട്ട് ബ്രഷ്‌ലെസ് ഡിസി മോട്ടോറാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നല്‍കിയിരിക്കുന്നത്. വി48 സ്‌കൂട്ടറിന് പരമാവധി 100 കിലോഗ്രാം മാത്രമാണ് ലോഡ് വഹിക്കാന്‍ ശേഷിയെങ്കില്‍, റയോ സ്‌കൂട്ടറിന് 120 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയും. 65-70 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ റേഞ്ച്. ബാറ്ററി ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 4-5 മണിക്കൂര്‍ സമയമെടുക്കും.

പുതുതായി വികസിപ്പിച്ച ലി-അയണ്‍ ചാര്‍ജറും ആംപിയര്‍ വെഹിക്കിള്‍സ് അവതരിപ്പിച്ചു. സാങ്കേതികവിദ്യ വികസന ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ചാര്‍ജര്‍ അനാവരണം ചെയ്തത്. 3,000 രൂപയാണ് ലിഥിയം-അയണ്‍ ചാര്‍ജറിന്റെ വില. 2 സ്റ്റേജ് ചാര്‍ജിംഗ് പ്രൊഫൈലാണ് ചാര്‍ജറിന്റെ പ്രത്യേകത. ബാറ്ററി നിര്‍മ്മാതാക്കളുടെ സ്‌പെസിഫിക്കേഷനുകള്‍ അനുസരിച്ച് ചാര്‍ജിംഗ് വോള്‍ട്ടേജ്, കറന്റ് എന്നിവയില്‍ മാറ്റം വരുത്താന്‍ കഴിയും. 1.65 കിലോഗ്രാമാണ് ബാറ്ററിയുടെ ഭാരം.

2008 ല്‍ ആദ്യ മോഡല്‍ പുറത്തിറക്കിയശേഷം ഇതുവരെ ഏകദേശം 35,000 സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ ആംപിയര്‍ വെഹിക്കിള്‍സിന് കഴിഞ്ഞു

രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളിലെ 150 ഡീലര്‍ഷിപ്പുകളിലൂടെ ആംപിയര്‍ വെഹിക്കിള്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കും. 2008 ല്‍ ആദ്യ മോഡല്‍ പുറത്തിറക്കിയശേഷം ഇതുവരെ ഏകദേശം 35,000 സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ സ്റ്റാര്‍ട്ടപ്പിന് സാധിച്ചു. രാജ്യത്തെ ആദ്യ തദ്ദേശീയ ലിഥിയം-അയണ്‍ സ്‌കൂട്ടറുകളാണ് ആംപിയര്‍ വി48, റയോ എന്നിവ. ആംപിയര്‍ വെഹിക്കിള്‍സിന്റെ കോയമ്പത്തൂരിലെ ഗവേഷണ-വികസന കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് മോട്ടോര്‍, ബാറ്ററി കണ്‍ട്രോളര്‍, ചാര്‍ജര്‍ എന്നിവ തദ്ദേശീയമായി വികസിപ്പിച്ചത്. എന്നാല്‍ തായ്‌വാന്‍, ചൈന എന്നിവിടങ്ങളില്‍നിന്നാണ് ബാറ്ററി പാക്കുകള്‍ ഇറക്കുമതി ചെയ്യുന്നത്.

Comments

comments

Categories: Auto

Related Articles