പുതിയ ഹോണ്ട അമേസ് വിപണിയില്‍

പുതിയ ഹോണ്ട അമേസ് വിപണിയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 5.59 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുതു തലമുറ ഹോണ്ട അമേസ് അവതരിപ്പിച്ചു. 5.59 ലക്ഷം മുതല്‍ 8.99 ലക്ഷം രൂപ വരെയാണ് 2018 മോഡല്‍ ഹോണ്ട അമേസിന്റെ ഇന്ത്യ എക്‌സ് ഷോറൂം വില. ഈ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ അനാവരണം ചെയ്തിരുന്നു. ഹോണ്ടയുടെ പുതിയ പ്ലാറ്റ്‌ഫോമിലാണ് രണ്ടാം തലമുറ അമേസ് നിര്‍മ്മിച്ചിരിക്കുന്നത്. ഓള്‍-ന്യൂ ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നിവ 2018 ഹോണ്ട അമേസിനെ മനോഹരമായ കാറാക്കി മാറ്റിയിരിക്കുന്നു. ഇ, എസ്, വി, വിഎക്‌സ് എന്നീ നാല് വേരിയന്റുകളിലാണ് പുതിയ ഹോണ്ട അമേസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും കണക്കിലെടുക്കുമ്പോള്‍ 12 വേരിയന്റുകളില്‍ പുതിയ ഹോണ്ട അമേസ് ലഭിക്കും. മാരുതി സുസുകി ഡിസയര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ, ഫോഡ് ആസ്പയര്‍, ഹ്യുണ്ടായ് എക്‌സെന്റ് എന്നിവയാണ് എതിരാളികള്‍.

പുതിയ ഹോണ്ട അമേസിന്റെ പെട്രോള്‍ വേരിയന്റുകളുടെ വില 5.59 ലക്ഷം മുതല്‍ 7.99 ലക്ഷം രൂപ വരെയാണ്. ഡീസല്‍ വേരിയന്റുകളുടെ വില 6.69 ലക്ഷം മുതല്‍ 8.99 ലക്ഷം രൂപ വരെയും. എല്ലാം ഇന്ത്യ എക്‌സ് ഷോറൂം വില. ന്യൂ-ജെന്‍ ഹോണ്ട അമേസിന്റെ ആദ്യ ഇരുപതിനായിരം ഉപയോക്താക്കള്‍ക്കായിരിക്കും ഈ വില. ശേഷം ഹോണ്ട കാര്‍സ് ഇന്ത്യ വില വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. കാറിന്റെ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. മെയ് ആദ്യം ഉല്‍പ്പാദനം തുടങ്ങി.

2018 ഹോണ്ട അമേസ് വില (എക്‌സ് ഷോറൂം)

വേരിയന്റ്                                 പെട്രോള്‍                       ഡീസല്‍

ഇ                                                      5.59 ലക്ഷം                    6.69 ലക്ഷം

എസ് (എംടി)                              6.49 ലക്ഷം                     7.59 ലക്ഷം

എസ് (സിവിടി)                         7.39 ലക്ഷം                     8.39 ലക്ഷം

വി (എംടി)                                  7.09 ലക്ഷം                      8.19 ലക്ഷം

വി (സിവിടി)                            7.99 ലക്ഷം                        8.99 ലക്ഷം

വിഎക്‌സ് (എംടി)                 7.57 ലക്ഷം                        8.67 ലക്ഷം

എക്‌സ്റ്റീരിയര്‍ ഡിസൈന്‍ സംബന്ധിച്ചാണെങ്കില്‍, ആദ്യ തലമുറ ഹോണ്ട അമേസിനേക്കാള്‍ തികച്ചും വ്യത്യസ്തമാണ് 2018 ഹോണ്ട അമേസ്. ടോപ് വേരിയന്റില്‍ ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ലഭിച്ചെങ്കിലും എല്‍ഇഡി ഹെഡ്‌ലാംപുകള്‍ (പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ പോലും) അമേസിന് ഇപ്പോഴും അന്യമാണ്. ഹോണ്ട സിറ്റിയിലേതുപോലെ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ ആകര്‍ഷകമാകുമായിരുന്നു.

2018 ഹോണ്ട അമേസ് അളവുകള്‍

നീളം                                           3,995 എംഎം

വീതി                                          1,695 എംഎം

ഉയരം                                        1,501 എംഎം

വീല്‍ബേസ്                             2,470 എംഎം

ഗ്രൗണ്ട് ക്ലിയറന്‍സ്              170 എംഎം

ബൂട്ട് സ്‌പേസ്                        420 ലിറ്റര്‍

മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ഹോണ്ട അമേസിന്റെ ഇന്റീരിയര്‍ വിഭവസമൃദ്ധമാണ്. ഡിജിപാഡ്-2 എന്ന് വിളിക്കുന്ന 7 ഇഞ്ച് വലുപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം) കാബിനില്‍ കാണാം. സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സിവിടി വേരിയന്റുകളില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യം കാബിനില്‍ ലഭിക്കും. നീളമേറിയ വീല്‍ബേസാണ് പ്രധാനമായും ഇതിന് കാരണം. പിന്‍ സീറ്റ് യാത്രികര്‍ക്കായി ഫോള്‍ഡ്-ഡൗണ്‍ സെന്‍ട്രല്‍ ആംറെസ്റ്റ്, റിയര്‍ എസി വെന്റുകള്‍ എന്നിവയും പുതിയ ഹോണ്ട അമേസില്‍ നല്‍കി.

ഹോണ്ട അമേസിലെ 1.2 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി പരമാവധി കരുത്തും 110 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, 7 സ്റ്റെപ്പ് സിവിടി എന്നിവയാണ് ഓപ്ഷനുകള്‍. സെഗ്‌മെന്റില്‍ ഇതാദ്യമായി സിവിടി വേരിയന്റുകളില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കിയിരിക്കുന്നു. പെട്രോള്‍ മാന്വല്‍ വേരിയന്റുകള്‍ക്ക് 19.5 കിലോമീറ്ററും പെട്രോള്‍ സിവിടി വേരിയന്റുകള്‍ക്ക് 19 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

ഹോണ്ടയുടെ എര്‍ത്ത് ഡ്രീംസ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 99 ബിഎച്ച്പി പരമാവധി കരുത്തും 200 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. 27.4 കിലോമീറ്ററാണ് ഡീസല്‍ മാന്വലിന്റെ ഇന്ധനക്ഷമത. ഓട്ടോമാറ്റിക് ഓപ്ഷനിലും ഡീസല്‍ അമേസ് ലഭിക്കും. ഫോക്‌സ്‌വാഗണ്‍ അമിയോ (ഡിഎസ്ജി), മാരുതി സുസുകി ഡിസയര്‍ (എഎംടി) എന്നിവയില്‍നിന്ന് വ്യത്യസ്തമായി ഡീസല്‍ അമേസിലും സിവിടി ഗിയര്‍ബോക്‌സ് ലഭിക്കും. എന്നാല്‍ സിവിടി നല്‍കിയപ്പോള്‍ എന്‍ജിന്റെ പവറും ടോര്‍ക്കും കുറയ്‌ക്കേണ്ടിവന്നു. സിവിടി ഗിയര്‍ബോക്‌സ് ഘടിപ്പിച്ചപ്പോള്‍ 1.5 ലിറ്റര്‍ എന്‍ജിന്‍ 79 ബിഎച്ച്പി പരമാവധി കരുത്തും 160 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഹോണ്ട അമേസ് ഡീസല്‍ ഓട്ടോമാറ്റിക്കിന്റെ ഇന്ധനക്ഷമത 23.8 കിലോമീറ്ററാണ്. 2018 ഹോണ്ട അമേസിനായി ആകര്‍ഷകമായ വാറന്റി സ്‌കീമുകള്‍ ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്.

2018 ഹോണ്ട അമേസ് സ്‌പെസിഫിക്കേഷന്‍സ്

ട്രാന്‍സ്മിഷന്‍             എന്‍ജിന്‍                പവര്‍                ടോര്‍ക്ക്                  ഇന്ധനക്ഷമത

5 സ്പീഡ് എംടി        1.2 ലിറ്റര്‍ ഐ-വിടെക് (പെട്രോള്‍),  89 ബിഎച്ച്പി@6000 ആര്‍പിഎം, 110 എന്‍എം@4800 ആര്‍പിഎം,      19.5 കിമീ

സിവിടി          1.2 ലിറ്റര്‍ ഐ-വിടെക്(പെട്രോള്‍), 89 ബിഎച്ച്പി@6000 ആര്‍പിഎം, 110 എന്‍എം@4800 ആര്‍പിഎം,        19 കിമീ

5 സ്പീഡ് എംടി          1.5 ലിറ്റര്‍ ഐ-ഡിടെക് (ഡീസല്‍), 99ബിഎച്ച്പി@ 3600 ആര്‍പിഎം, 200 എന്‍എം@1750 ആര്‍പിഎം,         27.4 കിലോമീറ്റര്‍

സിവിടി       1.5 ലിറ്റര്‍ ഐ-ഡിടെക് (ഡീസല്‍), 78 ബിഎച്ച്പി@ 3600 ആര്‍പിഎം, 160 എന്‍എം@1750 ആര്‍പിഎം,          23.8 കിമീ

Comments

comments

Categories: Auto