2017-2018ല്‍ വോഡഫോണ്‍ ഇന്ത്യയുടെ വരുമാനം 19% കുറഞ്ഞു

2017-2018ല്‍ വോഡഫോണ്‍ ഇന്ത്യയുടെ വരുമാനം 19% കുറഞ്ഞു

മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് 62,100 കോടി രൂപയുടെ ബാധ്യതയാണ് വോഡഫോണിനുള്ളത്

ന്യൂഡെല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം സേവന വരുമാനം 19 ശതമാനം ഇടിഞ്ഞതായി വോഡഫോണ്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ഇന്ത്യന്‍ ടെലികോം വിപണിയില്‍ ഉടലെടുത്ത ടെലികോം യുദ്ധവും കോള്‍ ടെര്‍മിനേഷന്‍ നിരക്ക് വെട്ടിക്കുറച്ചുകൊണ്ടുള്ള ട്രായ് നടപടിയുമാണ് വരുമാനം കുറയാന്‍ കാരണമായതെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

മുന്‍ സാമ്പത്തിക വര്‍ഷം (2016-2017) 42,956 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടെലികോം സേവനങ്ങളില്‍ നിന്നുള്ള വരുമാനം 34,855 കോടി രൂപയിലേക്ക് ചുരുങ്ങി. അത്യധികം വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു 2017-2018നെന്ന് വോഡഫോണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുനില്‍ സൂഡ് പറഞ്ഞു. ഐയുസി (ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജ്) വെട്ടിക്കുറച്ചത് ടെലികോം കമ്പനികളുടെ വരുമാനത്തില്‍ സമ്മര്‍ദം ചെലുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പലിശയും നികുതിയും അടക്കമുള്ള ചെലവുകള്‍ക്ക് മുന്‍പുള്ള ലാഭത്തില്‍ 34 ശതമാനം ഇടിവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി രേഖപ്പെടുത്തിയത്. 2016-2017ല്‍ 11,784 കോടി രൂപയായിരുന്ന വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,766 കോടി രൂപയായി കുറഞ്ഞു. പ്രതി ഉപഭോക്താവില്‍ നിന്നുള്ള കമ്പനിയുടെ ശരാശരി വരുമാനം മാര്‍ച്ച് പാദത്തില്‍ 119 രൂപയായിരുന്നു. ഡിസംബര്‍ പാദത്തില്‍ ഇ്ത് 146 രൂപയായിരുന്നു.

മാര്‍ച്ച് പാദത്തില്‍ 137 രൂപയായിരുന്നു ജിയോയുടെ ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം. എയര്‍ടെല്‍ 116 രൂപയാണ് ഈ ഇനത്തില്‍ നേടിയത്. മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് 62,100 കോടി രൂപയുടെ ബാധ്യതയാണ് വോഡഫോണിനുള്ളത്.

Comments

comments

Categories: Business & Economy