130 ടണ്‍ വരുന്ന ബോയിംഗ് 787 കെട്ടിവലിച്ച് ടെസ്‌ല മോഡല്‍ എക്‌സ്

130 ടണ്‍ വരുന്ന ബോയിംഗ് 787 കെട്ടിവലിച്ച് ടെസ്‌ല മോഡല്‍ എക്‌സ്

ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിക്കുന്നതിനായിരുന്നു സാഹസിക പ്രകടനം

മെല്‍ബണ്‍ : 130 ടണ്‍ ഭാരം വരുന്ന ബോയിംഗ് 787 വിമാനം കെട്ടിവലിച്ച് ടെസ്‌ല മോഡല്‍ എക്‌സ് ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ് ഒരു പാസഞ്ചര്‍ വിമാനത്തെ ഒരു ഇലക്ട്രിക് പാസഞ്ചര്‍ വാഹനം വിജയകരമായി കെട്ടിവലിക്കുന്നത്. മെല്‍ബണ്‍ വിമാനത്താവളത്തിലെ ടാക്‌സിവേയിലായിരുന്നു സാഹസിക പ്രകടനം. ടെസ്‌ല മോഡല്‍ എക്‌സിന്റെ വേരിയന്റുകളിലൊന്നായ പി100ഡി യാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ എയര്‍ലൈനായ ക്വാണ്ടാസ് എയര്‍വേസിന്റെ വിമാനങ്ങളിലൊന്ന് (ബോയിംഗ് 787-9 ഡ്രീംലൈനര്‍) വലിച്ചുനീക്കിയത്.

ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിക്കുന്നതിനാണ് ലോകത്ത് ഇതാദ്യമായി ഒരു ഓള്‍-ഇലക്ട്രിക് എസ്‌യുവി ഒരു ഡ്രീംലൈനര്‍ വിമാനത്തെ വിജയകരമായി കെട്ടിവലിച്ചത്. ഏറ്റവുമധികം ഭാരം വലിച്ചുനീക്കിയ ഇലക്ട്രിക് പ്രൊഡക്ഷന്‍ പാസഞ്ചര്‍ വാഹനം എന്ന ലോക റെക്കോര്‍ഡാണ് ലക്ഷ്യം. മോഡല്‍ എക്‌സ് പി100ഡി യിലെ ഇലക്ട്രിക് മോട്ടോര്‍ 773 ബിഎച്ച്പി കരുത്തും 967 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അഭ്യാസ പ്രകടനം നടത്തുന്നതിന് മോഡല്‍ എക്‌സിന് സര്‍വ്വശക്തിയും പുറത്തെടുക്കേണ്ടിവന്നു.

ഇതാദ്യമായാണ് ഒരു പാസഞ്ചര്‍ വിമാനത്തെ ഇലക്ട്രിക് പാസഞ്ചര്‍ വാഹനം വിജയകരമായി കെട്ടിവലിക്കുന്നത്‌

ഓണ്‍ റോഡില്‍ 2.5 ടണ്‍ ഭാരം മാത്രം വലിക്കാന്‍ ശേഷിയുള്ള ടെസ്‌ല കാറാണ് മെല്‍ബണ്‍ വിമാനത്താവളത്തിലെ ടാക്‌സിവേയില്‍ 130 ടണ്‍ ഭാരം വരുന്ന 787 വലിച്ചുനീക്കിയത്. വിമാനം 300 മീറ്ററോളം കെട്ടിവലിക്കുന്നതിന് മോഡല്‍ എക്‌സ് പി100ഡി യിലെ ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ 967 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കാണ് ഉല്‍പ്പാദിപ്പിച്ചത്. വായു മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ക്വാണ്ടാസ് വിമാനങ്ങള്‍ വലിച്ചുനീക്കുന്നതിന് സിഡ്‌നി, കാന്‍ബറ വിമാനത്താവളങ്ങളില്‍ ഇലക്ട്രിക് എയര്‍ക്രാഫ്റ്റ് ടഗ്ഗുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ ഇതിനായി ഉപയോഗിക്കുന്നത്.

Comments

comments

Categories: Auto