വിജയം ബിജെപിയുടേതു തന്നെ; പക്ഷേ അധികാരക്കസേരയില്‍ ആരിരിക്കും?

വിജയം ബിജെപിയുടേതു തന്നെ; പക്ഷേ അധികാരക്കസേരയില്‍ ആരിരിക്കും?

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തെ അതേ ആവേശവും അപ്രവചനീയതയുമാണ് വോട്ടെണ്ണല്‍ ദിനവും കണ്ടത്. അധികാരത്തില്‍ നിന്ന് സിദ്ധരാമയ്യ സര്‍ക്കാരിനെ താഴെ ഇറക്കാനായെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ബിജെപിക്ക് സാധിച്ചില്ല. കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നിലനിര്‍ത്തിയ ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപിയെ അകറ്റി നിര്‍ത്താനുള്ള അന്തിമ ശ്രമത്തിലാണ് കോണ്‍ഗ്രസ്. രാഷ്ട്രീയ കളികള്‍ ഇവിടെ അവസാനിച്ചില്ലെന്ന് ഈ സാഹചര്യത്തില്‍ നിസംശയം പറയാം.

രാഷ്ട്രീയ വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കര്‍ണാടക തെരഞ്ഞെടുപ്പ് പാഠ്യവിഷയമാക്കേണ്ടതാണ്. കാരണം 80 കളുടെ അവസാനത്തിലും 90 കളുടെ ആദ്യത്തിലും രാമജന്മഭൂമി പ്രക്ഷോഭമാണ് രാജ്യത്തെ നിയമസഭ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ച അവസാന ദേശീയ വിഷയം. അതിനു ശേഷമിങ്ങോട്ട് ദേശീയ വിഷയങ്ങള്‍ അന്ധമായി ഒരു നിയമസഭ തെരഞ്ഞെടുപ്പിനെയും സ്വാധീനിച്ചിട്ടുണ്ടാകില്ല.

2013 ല്‍ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുമ്പോള്‍ അന്ന് ഡല്‍ഹിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനായിരുന്നു ഈ ലേഖകന്‍. തത്സമയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസിന്റെ ഇംഗ്ലീഷ് മുഖപത്രമായിരുന്ന ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്‍ ബാലശങ്കര്‍ എത്തിയിരുന്നു. അന്ന് അദ്ദേഹം വളരെ പരുഷമായ വാക്കുകളില്‍ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചു. അഴിമതിയാരോപണ വിധേയനായി അപമാനിക്കപ്പെട്ട് സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന യെദ്യൂരപ്പയുടെ വില ബിജെപി ഇനിയും മനസിലാക്കിയില്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ വാദം. ബാലിശമായ കേസാണ് യെദ്യൂരപ്പയ്ക്കെതിരെയുള്ളതെന്ന് അദ്ദേഹം വാദിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന ഘടകത്തിലെ ചില പ്രശ്നങ്ങളാണിതിനു പിന്നിലെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ദേശീയതലത്തില്‍ ബിജെപിയ്ക്ക് വാജ്പേയി എന്തായിരുന്നോ അതായിരുന്നു കര്‍ണാടകത്തില്‍ യെദ്യൂരപ്പ എന്നും അദ്ദേഹം സമര്‍ത്ഥിച്ചു.

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ബാലശങ്കറിന്റെ നിരീക്ഷണം ശരിയായിരുന്നുവെന്ന് അനുമാനിക്കാം. പ്രധാനമന്ത്രിയുടെ അവസാന പത്തു ദിവസങ്ങളിലെ പ്രചാരണം മറന്നു കൊണ്ടല്ല ഈ വാദം. മറിച്ച് യെദ്യൂരപ്പയ്ക്ക് കര്‍ണാടകത്തിലുള്ള സ്വാധീനം പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ നന്നായി മനസിലാക്കി എന്നുള്ളതു തന്നെയാണ്. അതു കൊണ്ടാണ് ലിംഗായത്ത് മതം എന്ന സിദ്ധരാമയ്യയുടെ ബ്രഹ്മാസ്ത്രം ശ്രീ കൃഷ്ണന്റെ വാക്കുകള്‍ കടമെടുത്താല്‍ പല്ലു പോയ പാമ്പിനെ പോലെയാവാന്‍ കാരണം.

മോദിപ്പേടിയല്ലാതെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് കളിക്കാന്‍ കാര്‍ഡില്ലായിരുന്നു എന്നതാണ് വാസ്തവം. അടിമുടി അഴിമതിയില്‍ കുളിച്ചാണ് സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിന്നത്. ക്യാബിനറ്റിലെ മുക്കാലും മന്ത്രിമാര്‍ക്കെതിരെ കടുത്ത അഴിമതിയാരോപണം നില നിന്നിരുന്നു. ഡിവൈഎസ്പി എംകെ ഗണപതിയുടെ ആത്മഹത്യയില്‍ മലയാളി കൂടിയായ കെജെ ജോര്‍ജ്ജിനെതിരായി സിബിഐ കേസ് നടക്കുകയാണ്. സാധാരണക്കാരെ സംബന്ധിച്ച് ഇതൊക്കെ വല്ലാത്ത സ്വാധീന ശക്തികളാണെന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസിനായില്ല.

പ്രധാനമായും ആറ് തന്ത്രപ്രധാനമായ വിഷയങ്ങളാണ് കോണ്‍ഗ്രസ് പ്രചാരണായുധങ്ങളാക്കിയത്. അതില്‍ ആദ്യത്തേത് കന്നഡ പതാകയെന്നതായിരുന്നു. പ്രാദേശിക വികാരത്തിന്റെ കാര്യത്തില്‍ ദക്ഷിണേന്ത്യയില്‍ മലയാളികള്‍ മാത്രമാണ് ഭേദം. എന്നാല്‍ കര്‍ണാടകത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ ഈ പ്രാദേശിക വികാരം ഇളക്കിവിടാനുള്ള ശ്രമത്തെ വോട്ടിലൂടെ എതിര്‍ത്തു തോല്‍പ്പിച്ചു. ദേശീയത എന്നത് അത്രയെളുപ്പം തുടച്ചു മാറ്റാനാവുന്ന ഒന്നല്ലെന്ന് മറ്റാരേക്കാളും കോണ്‍ഗ്രസ് മനസിലാക്കേണ്ടിയിരുന്നു. പക്ഷെ അവസാന തുരുത്തായ കര്‍ണാടകത്തിലെ കരുത്തനായ സിദ്ധരാമയ്യയുടെ കരുനീക്കങ്ങള്‍ക്ക് ദുര്‍ബലനായ ദേശീയ പ്രസിഡന്റിന് അഭിപ്രായമില്ലാതെ പോയി.

കിംഗും കിംഗ് മേക്കറുമായി ജനതാദള്‍ മാറിയതാണ് കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രം. ഒരു ഘട്ടത്തില്‍ 118 സീറ്റില്‍ വരെ മുന്നിട്ടു നിന്ന ബിജെപി അവസാന ഫലം വന്നപ്പോള്‍ കേവല ഭൂരിപക്ഷത്തിന് വിരലിലെണ്ണാവുന്ന സീറ്റുകള്‍ കുറവായി തങ്ങളുടെ പ്രയാണം അവസാനിപ്പിച്ചു. അവസരം മണത്ത കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ നല്‍കുന്നതായി പ്രഖ്യാപിക്കുകയും സഖ്യകക്ഷിയെന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു.

ഹിന്ദി-കന്നഡ വിവാദമായിരുന്നു രണ്ടാമത്തേത്. മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് സ്‌കൂളുകളില്‍ കന്നഡ ഭാഷ നിര്‍ബന്ധിത പാഠ്യവിഷയമാക്കിയെങ്കിലും പിന്നീട് നടന്ന നിയമ യുദ്ധങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇത് കൈകാര്യം ചെയ്തത്. സുപ്രീം കോടതിയിലുള്‍പ്പെടെ ഈ കേസില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടു. പിന്നീട് വിധി മറികടക്കാന്‍ ചില പൊടിക്കൈകള്‍ കൊണ്ടുവന്നെങ്കിലും ജനമനസ്സിനെ സ്വാധീനിക്കാനായില്ല. സാര്‍വദേശീയമായ സംസ്‌കാരമാണ് കര്‍ണാടകത്തില്‍ പൊതുവെയുള്ളത്. മറാഠിയും തെലുങ്കും തമിഴും നിര്‍ണായ സ്വാധീന ശക്തിയാണ് കര്‍ണാടകത്തില്‍. അതിനാല്‍ തന്നെ ഹിന്ദി വിവാദം അവിടെ ജനങ്ങള്‍ തള്ളിക്കളഞ്ഞു.

മൂന്നാമത്തേത് വടക്ക്-തെക്ക് വിഭജനമായിരുന്നു. 15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയിന്മേല്‍ രാജ്യത്തെ വിഭജിക്കണമെന്ന് പറയാതെ പറഞ്ഞു കൊണ്ടാണ് സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. കേരളത്തിന്റെ ധനകാര്യമന്ത്രിയെക്കൂടി ഈ വിഷയത്തില്‍ ഒപ്പം കിട്ടിയതോടെ അദ്ദേഹം കളം നിറഞ്ഞ് കളിച്ചു. മോദിയുടെ സ്വാധീന ശക്തിയിലുള്ള തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് കാര്യമായ പിന്തുണ ഈ ഉദ്യമത്തിന് കിട്ടിയില്ലെങ്കിലും ദക്ഷിണേന്ത്യയിലെ പ്രമുഖ നേതാവായി സ്വയം ഉയര്‍ത്തിക്കാട്ടാന്‍ സിദ്ധരാമയ്യയ്ക്കായി. പക്ഷെ നരേന്ദ്രമോദിക്കൊപ്പമെത്താന്‍ ഇതൊന്നും പര്യാപ്തമല്ലെന്ന് അദ്ദേഹം ഓര്‍ത്തില്ല.

നാലാമത്തെ വിഷയം അമ്പരപ്പിക്കുന്ന ന്യൂനപക്ഷ പ്രീണനമായിരുന്നു. ഇതിനു പുറമെയാണ് ടിപ്പു സുല്‍ത്താന്‍ ജയന്തിയെന്ന വിവാദം സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ ഉയര്‍ന്നു വന്നത്. എത്രകണ്ട് ടിപ്പുവിന്റെ അപദാനങ്ങള്‍ പാടിയാലും, ആ ക്രൂരത അനുഭവിച്ച ജനവിഭാഗങ്ങള്‍ക്ക് തലമുറകള്‍ കഴിഞ്ഞാലും ഉണങ്ങാത്ത മുറിവ് അന്നത്തെ ഭരണം സമ്മാനിച്ചിട്ടുണ്ട്. പ്രത്യേകിച്ചും തീരമേഖലകളിലെ നിര്‍ണായക ശക്തിയായ കൊങ്കിണി വിഭാഗങ്ങള്‍ക്ക്. അനാവശ്യമായി ബിജെപിയ്ക്ക് ഹിന്ദു വികാരം ഉണര്‍ത്താന്‍ അവസരം സിദ്ധരാമയ്യ തന്നെ മുന്നോട്ടു വെക്കുകയായിരുന്നു.

അഞ്ചും ആറും വിഷയങ്ങള്‍ ഒന്നിച്ച് വിശകലനം ചെയ്യുകയാണ് അഭികാമ്യം. ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കാനുള്ള ഞെട്ടിപ്പിക്കുന്ന തീരുമാനം കോണ്‍ഗ്രസ് എടുത്തു. ഏത് അളവുകോല്‍ വച്ച് നോക്കിയാലും ബിജെപിയ്ക്ക് ഗുണം കിട്ടുന്നതായിരുന്നു ആ തീരുമാനം. ഒന്ന്, തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇത്തരമൊരു തീരുമാനം എടുത്താല്‍ സ്വാഭാവികമായും ആ സമുദായം സംശയ ദൃഷ്ടിയോടെ മാത്രമേ ഇതിനെ കാണുകയുള്ളൂ. രണ്ട, മതപദവിയേക്കാള്‍ കൂടുതല്‍ അവര്‍ ആഗ്രഹിക്കുന്നത് സംവരണവും മറ്റ് സാമൂഹിക ആനുകൂല്യങ്ങളുമാകും. നിലവിലെ ഭരണഘടന അനുസരിച്ച് അതിന് സാധിക്കുകയില്ല. ജാട്ട്, ഗുജ്ജര്‍ സംവരണത്തില്‍ തന്നെ നാമതു കണ്ടു കഴിഞ്ഞതാണ്. പ്രത്യേക മതമാകുന്നതോടെ ലിംഗായത്തുകള്‍ ന്യൂനപക്ഷമാകും, അതോടെ പ്രധാന ന്യൂനപക്ഷമായ മുസ്ലീം സമുദായത്തിന്റെ സംവരണ പ്രാതിനിധ്യം കുറയും. സ്വാഭാവികമായും തങ്ങളുടെ ഇടത്തിലേക്ക് മറ്റൊരു മതത്തെ കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിക്കില്ല. അങ്ങിനെ ലിംഗായത്ത് സംവരണവും തിരിച്ചടിയായി. സ്വന്തം സമുദായ നേതാക്കളെ ഇക്കാര്യം വിശ്വസിപ്പിക്കാന്‍ യെദ്യൂരപ്പയ്ക്കായിടത്ത് ബിജെപി വിജയിക്കുകയും ചെയ്തു.

ദളിത് കാര്‍ഡിറക്കി മുന്നേറാനാണ് അവസാന നിമിഷം കോണ്‍ഗ്രസ് ശ്രമിച്ചത്. പക്ഷെ മുന്‍കാല അനുഭവങ്ങള്‍ അവര്‍ക്ക് തിരിച്ചടിയായി. ഇത്രകാലം കര്‍ണാടക ഭരിച്ചിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസിന് ഒരു ദളിത് മുഖ്യമന്ത്രി ഉണ്ടായില്ലെന്ന ചോദ്യം വളരെ നേരത്തെ തന്നെ നരേന്ദ്രമോദി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയോട് ചോദിച്ചിരുന്നു. കര്‍ണാടകത്തില്‍ നിന്നുള്ള ഏറ്റവും തലമുതിര്‍ന്ന നേതാവായ ഖാര്‍ഗേ എന്തു കൊണ്ടാണ് രണ്ട് യുപിഎ സര്‍ക്കാരിലും അപ്രധാന പദവികള്‍ വഹിച്ചുവെന്നതും 2013 ല്‍ എന്തു കൊണ്ട് തഴയപ്പെട്ടുവെന്നതും ബിജെപിക്കാരേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ക്കറിയാമെന്ന് മോദി നന്നായി മനസിലാക്കി. ജിഗ്‌നേഷ് മേവാനിയെപ്പോലുള്ളവര്‍ തികച്ചും വിഭജന സ്വരം ഉയര്‍ത്തി മുന്നോട്ടു വന്നതോടെ സാമാന്യ ജനത്തിനിടയില്‍ കോണ്‍ഗ്രസ് പരാജയം ഉറപ്പാക്കുകയായിരുന്നു.

ബിജെപിയ്ക്കും കര്‍ണാടകയില്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. നോട്ടു നിരോധനവും ജിഎസ്ടിയും കര്‍ണാടകത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പക്ഷെ നല്ല നാളെയ്ക്കുള്ള നടപടികളായി ഇവയെ കാണാനുള്ള പക്വത കര്‍ണാടകത്തിലെ ജനങ്ങള്‍ കാണിച്ചുവെന്നാണ് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. ഇതിനു പുറമെ മികച്ച സംഘാടനവും. സംഘപരിവാറിന്റെ ഏറ്റവും ശക്തമായ കോട്ടയില്‍ ബിജെപിയെ ആര്‍എസ്എസ് ശരിക്കും സഹായിച്ചു. ആര്‍എസ്എസില്‍ നിന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കടമെടുത്ത പന്നാ പ്രമുഖ് (ആര്‍എസ്എസില്‍ ഗഡനായക്) കര്‍ണാടകത്തിലും ഫലപ്രദമായി ഉപയോഗിക്കാന്‍ അവര്‍ക്കായി. ദേശീയ മാധ്യമങ്ങളുടെ മികച്ച പിന്തുണയോടെ രാഹുല്‍ ഗാന്ധിക്ക് കര്‍ണാടകത്തില്‍ ആദ്യ ദിവസങ്ങളില്‍ ചില സ്വാധീനമുണ്ടാക്കാന്‍ സാധിച്ചെന്നതില്‍ തര്‍ക്കമില്ല. പക്ഷെ സംഘാടനം എന്നത് കോണ്‍ഗ്രസിന് കുറേക്കാലമായി കിട്ടാക്കനിയാണ്. കെസി വേണുഗോപാലിനെയാണ് പ്രചരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഏല്‍പ്പിച്ചത്. സ്വന്തം മണ്ഡലത്തില്‍ ജയിച്ചിട്ടുണ്ടെന്നതില്‍ കവിഞ്ഞ് അശോക് ഗെഹ്‌ലോട്ട്, വീരപ്പ മൊയ്ലി, അജിത് ജോഗി, തുടങ്ങിയവരെപ്പോലെ തെരഞ്ഞെടുപ്പിന്റെ കളമറിയുന്ന ഒരാളെ നല്‍കാന്‍ ഹൈക്കമാന്‍ഡിനില്ലാതെ പോയി. കോണ്‍ഗ്രസിലെ തലമുറമാറ്റം എന്ന വിപ്ലവത്തിന് തുടക്കം കുറിച്ചെങ്കിലും അനുഭവസമ്പത്ത് എന്ന കാര്യം രാഹുല്‍ ഗാന്ധി വിസ്മരിക്കുന്നു.

പ്രധാനമായും ആറ് തന്ത്രപ്രധാനമായ വിഷയങ്ങളാണ് കോണ്‍ഗ്രസ് പ്രചാരണായുധങ്ങളാക്കിയത്. അതില്‍ ആദ്യത്തേത് കന്നഡ പതാകയെന്നതായിരുന്നു. എന്നാല്‍ കര്‍ണാടകത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ ഈ പ്രാദേശിക വികാരം ഇളക്കിവിടാനുള്ള ശ്രമത്തെ വോട്ടിലൂടെ എതിര്‍ത്തു തോല്‍പ്പിച്ചു. ദേശീയത എന്നത് അത്രയെളുപ്പം തുടച്ചു മാറ്റാനാവുന്ന ഒന്നല്ലെന്ന് മറ്റാരേക്കാളും കോണ്‍ഗ്രസ് മനസിലാക്കേണ്ടിയിരുന്നു.

അമിത് ഷാ, വിരാട് കോലിയെപ്പോലെയാണ്. ശരിക്കും ചേസ് മാസ്റ്റര്‍. കര്‍ണാടകത്തിലെ ഏത് മണ്ഡലം പ്രസിഡന്റിനും ദേശീയ പ്രസിഡന്റുമായി നേരിട്ട് ആശയവിനിമയം നടത്താമെന്ന സാഹചര്യമാണ് അദ്ദേഹം ഒരുക്കിയത്. പ്രചരണത്തിന്റെ പുരോഗതി അറിയാന്‍ മികച്ച ഡിജിറ്റല്‍ സംവിധാനം, എല്ലായിടത്തും പാര്‍ട്ടി നേതൃത്വത്തിന്റെ നിരീക്ഷകര്‍ എന്നിങ്ങനെ മികച്ച കോര്‍ത്തിണക്കത്തോടെ പാര്‍ട്ടി മുന്നോട്ടു പോയി. റെഡ്ഡി സഹോദരന്മാരുടെ കാര്യത്തില്‍ പാര്‍ട്ടി ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും ബുദ്ധിപരമായ ചില ഒഴിവാക്കലുകളിലൂടെ അത് മറികടന്നു. കുടുംബാധിപത്യമെന്ന് പഴി കേള്‍ക്കാതിരിക്കാന്‍ യെദ്യൂരപ്പയുടെ മകന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചുവെന്നു മാത്രമല്ല, അതില്‍ കടുത്ത രീതിയില്‍ അതൃപ്തനായിരുന്ന യെദ്യൂരപ്പയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും സാധിച്ചിടത്താണ് അമിത് ഷായുടെ വിജയം. സ്വന്തം നിലയ്ക്ക് നടത്തി വന്ന പ്രചരണം ഒരു പരിധിയില്‍ കവിഞ്ഞ് മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് അമിത് ഷായ്ക്കറിയാം. അതിനാല്‍ തന്നെ അവസാന 15 ദിവസം പ്രധാനമന്ത്രി മോദി നേരിട്ടെത്തി പ്രചരണത്തിന് നേതൃത്വം നല്‍കി.

മോദിയുടെ കടുത്ത വിമര്‍ശകരായ മാധ്യമപ്രവര്‍ത്തകര്‍ പോലും അന്തം വിടുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു റാലികള്‍. കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് കര്‍ണാടക വഴുതി മാറുന്നുവെന്നാണ് മോദിയുടെ റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ പ്രമുഖ മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തത്. വസ്തുതാ പിശകുകള്‍ ഏറെയുണ്ടായിരുന്ന പ്രസംഗമായിരുന്നു മോദി നടത്തിയത്. മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും അതിന്‍മേല്‍ അദ്ദേഹത്തെ കടുത്ത് വിമര്‍ശിച്ചു. പക്ഷെ ചരിത്ര പരീക്ഷയുടെ മാര്‍ക്കിടാനല്ലല്ലോ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍. സാധാരണക്കാരന് എന്ത് ചരിത്രം! രാജ്യത്തെ പ്രധാനമന്ത്രി വന്ന് സ്വന്തം ഭാഷയില്‍ (കന്നഡ) സംസാരിക്കുന്നതിനേക്കാള്‍ വലുതായി അവര്‍ക്കെന്തുണ്ടാകും. മാത്രമല്ല, എത്ര നിഷേധിച്ചാലും രാജ്യത്തെ ജനങ്ങളുടെ ഇടയില്‍ നരേന്ദ്രമോദിയെന്ന പേരിനുള്ള വിശ്വാസ്യതയെ ചെറുതായി കാണാനാവില്ലെന്ന പാഠമാണ് കര്‍ണാടക തെരഞ്ഞെടുപ്പ്.

കിംഗും കിംഗ് മേക്കറുമായി ജനതാദള്‍ മാറിയതാണ് കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രം. ഒരു ഘട്ടത്തില്‍ 118 സീറ്റില്‍ വരെ മുന്നിട്ടു നിന്ന ബിജെപി അവസാന ഫലം വന്നപ്പോള്‍ കേവല ഭൂരിപക്ഷത്തിന് വിരലിലെണ്ണാവുന്ന സീറ്റുകള്‍ കുറവായി തങ്ങളുടെ പ്രയാണം അവസാനിപ്പിച്ചു. അവസരം മണത്ത കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ നല്‍കുന്നതായി പ്രഖ്യാപിക്കുകയും സഖ്യകക്ഷിയെന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഗോവ, മേഘാലയ എന്നിവിടങ്ങളിലെ അനുഭവപാഠമുള്ള കോണ്‍ഗ്രസ് ഇത്തവണ തീരുമാനം എടുക്കാന്‍ സമയം പാഴാക്കിയില്ല. ബിജെപിക്ക് അവരുടെ നാണയത്തില്‍ തന്നെ നല്‍കിയ അടി. പക്ഷെ കലുഷിതമായ ദിനങ്ങളാണ് കര്‍ണാടകയിലെ ജനങ്ങളെ കാത്തിരിക്കുന്നത്. ആയാറാം ഗയാറാം രാഷ്ട്രീയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider