ഡെല്‍ഹിയിലെ ആദ്യ വനിതാ യൂബര്‍ ഡ്രൈവറെ പരിചയപ്പെടാം

ഡെല്‍ഹിയിലെ ആദ്യ വനിതാ യൂബര്‍ ഡ്രൈവറെ പരിചയപ്പെടാം

തലസ്ഥാന നഗരിയിലെ തിക്കിലും തിരക്കിനുമിടയില്‍ ഷാനൂ ബീഗമെന്ന നാല്‍പ്പത് വയസ്സുകാരി യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കും. ഡെല്‍ഹിയിലെ ആദ്യ വനിതാ യൂബര്‍ ഡ്രൈവറാണ് അവര്‍.

ഒരുപാട് യാതനകള്‍ സഹിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഷാനു ബീഗം ബുദ്ധിമുട്ടുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിന് ഇരയായി ആ വേദനകളില്‍ നിന്നെല്ലാം അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നവര്‍ യൂബര്‍ ഡ്രൈവറാണ്. ഏതൊരു സ്ത്രീയും ആദ്യമൊന്നു കടന്നു വരാന്‍ മടിക്കുന്ന മേഖല. എന്നാല്‍ ഷാനു പ്രതിസന്ധികളെയെല്ലാം മറികടന്ന് കരുത്തേറിയ മനസ്സുമായി തനിക്കു ലഭിച്ച ജോലി സന്തോഷത്തോടെ ഏറ്റെടുത്തു. സമുദായത്തിന്റെ കെട്ടുപാടുകളെല്ലാം വലിച്ചെറിഞ്ഞ് ഷാനൂ കാര്‍ ഡ്രൈവറായി.

ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് സഹികെട്ട ഷാനുവിന്റെ ജീവിതത്തിലേക്ക് വഴിത്തിരിവായത് ആസാദ് ഫൗണ്ടേഷനാണ്. ഭര്‍ത്താവിന്റെ മരണശേഷം തന്റെ മൂന്ന് മക്കളെ വളര്‍ത്താന്‍ ഒരുപാട് കഷ്ടതകള്‍ സഹിച്ചു. മക്കളാണ് ആസാദ് ഫൗണ്ടേഷനില്‍ ആറ് മാസത്തെ ഡ്രൈവിംഗിന് ചേരാന്‍ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ പത്താം ക്ലാസ് പോലും പാസാകാതിരുന്ന ഷാനുവിന് ചേരാനായില്ല. തുടര്‍ന്ന് വീട്ടുജോലികള്‍ ചെയ്യുന്നതിനോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയി. ഒടുവില്‍ രണ്ട് വര്‍ഷത്തിനു ശേഷം നാല്‍പ്പതാം വയസ്സില്‍ ഷാനു പത്താം ക്ലാസ് പാസായി.

പത്താം ക്ലാസ് പാസായതിനു ശേഷം ലൈസന്‍സിനായി അപേക്ഷിച്ചു. ഒപ്പം ഡ്രൈവിംഗും പഠിച്ചു. ലൈസന്‍സ് ലഭിച്ചതിനു ശേഷം ഡെല്‍ഹിയില്‍ യൂബര്‍ ഡ്രൈവറായി ജോലി ഏറ്റെടുത്തു. എല്ലാ സ്ത്രീകള്‍ക്കും മാതൃകയാണ് ഷാനു ബീഗം. വീട്ടില്‍ മാത്രം ഒതുങ്ങിയിരിക്കാതെ തങ്ങളുടെ സ്വപ്‌നങ്ങളെ കൈ എത്തിപ്പിടിക്കാനും ലക്ഷ്യങ്ങളിലെത്തിച്ചേരാനും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനും ഷാനു ഒരു മാതൃകയാണ്.

 

 

 

Comments

comments

Categories: Motivation, Women