റീട്ടെയ്ല്‍ മേഖലയ്ക്ക് ‘വ്യാവസായിക’ പദവി നല്‍കണം: വാള്‍മാര്‍ട്ട് സിഇഒ

റീട്ടെയ്ല്‍ മേഖലയ്ക്ക് ‘വ്യാവസായിക’ പദവി നല്‍കണം: വാള്‍മാര്‍ട്ട് സിഇഒ

ഇന്ത്യയില്‍ വന്‍കിട സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് പ്രധാന വെല്ലുവിളി റിയല്‍ എസ്റ്റേറ്റ് ആണ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റീട്ടെയ്ല്‍ മേഖലയ്ക്ക് വ്യാവസായിക പദവി നല്‍കണമെന്ന് വാള്‍മാര്‍ട്ട് ഇന്ത്യ സിഇഒ ക്രിഷ് അയ്യര്‍. സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ സൃഷ്ടിയിലും നിര്‍ണായക പങ്കുവഹിക്കുന്ന മേഖലയാണ് ഇന്ത്യന്‍ റീട്ടെയ്ല്‍ സെക്റ്റര്‍. ഒരു ‘ഇന്‍ഡസ്ട്രി’ എന്ന തലത്തിലേക്ക് റിട്ടെയ്ല്‍ മേഖലയെ ഉയര്‍ത്തുന്നതിനുള്ള സമയമാണിത്. ഇത് ബിസിനസിന് കൂടുതല്‍ സാധ്യതകളൊരുക്കും. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിഷ് അയ്യര്‍ അറിയിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിച്ച റീട്ടെയ്ല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങളെ ക്രിഷ് അയ്യര്‍ പ്രശംസിച്ചു. ഇന്ത്യയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷമൊരുക്കുന്നതിന് ഈ പരിഷ്‌കരണങ്ങള്‍ സഹായമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎസ്ടി, പാപ്പരത്ത നിയമം, അടിസ്ഥാനസൗകര്യ മേഖലയിലെ പൊതുചെലവിടല്‍ തുടങ്ങിയ ഘടനാപരമായ പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യയെ ആകര്‍ഷകമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും ക്രിഷ് അയ്യര്‍ ചൂണ്ടിക്കാട്ടി.

ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതോടെ അതിര്‍വരമ്പുകളില്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്നും വള്‍മാര്‍ട്ടിനെ പോലുള്ള വമ്പന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള വഴി എളുപ്പമാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചെറുകിട ബിസിനസുകളുമായും കര്‍ഷകരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വാള്‍മാര്‍ട്ട് താല്‍പ്പര്യപ്പെടുന്നതായും ക്രിഷ് അയ്യര്‍ അറിയിച്ചു.

രാജ്യത്തെ എല്ലാ യുവാക്കളും തൊഴില്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഓരോ മാസവും ഒരു മില്യണ്‍ തൊഴിലവസരങ്ങള്‍ ഇന്ത്യ സൃഷ്ടിക്കേണ്ടതുണ്ട്. ഈ രീതിയില്‍ തൊഴില്‍ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശേഷി റീട്ടെയ്ല്‍ മേഖലയ്ക്കുണ്ടെന്ന് അയ്യര്‍ അഭിപ്രായപ്പെട്ടു. അത്യാധൂനിക ഫുഡ് റീട്ടെയ്‌ലിംഗ് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് വാള്‍മാര്‍ട്ടിന്റെ പദ്ധതി. ഇന്ത്യയില്‍ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് മോഡേണ്‍ ഫൂഡ് റീട്ടെയ്ല്‍ ഉള്ളത്. രാജ്യത്തെ കാര്‍ഷികോല്‍പ്പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുന്നതിന് ഇത് സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ വന്‍കിട ഫോര്‍മാറ്റ് സ്‌റ്റോറുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി റിയല്‍ എസ്റ്റേറ്റ് ആണ്. രാജ്യത്ത് ഒരു വലിയ സ്റ്റോര്‍ തുറക്കുന്നതിന് മൂന്നോ നാലോ വര്‍ഷമെടുക്കും. ഈ കാലയളവിന്റെ മൂന്നിലൊന്നും ചെലവഴിക്കുന്നത് വ്യാവസായിക ഉപയോഗത്തിനുവേണ്ട രീതിയില്‍ ഭൂമിയെ മാറ്റി എടുക്കുന്നതിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories