സംയുക്ത സൈനികാഭ്യാസം: ട്രംപുമായി കൂടിക്കാഴ്ചയില്‍ നിന്നും ഉത്തരകൊറിയ പിന്മാറാന്‍ സാധ്യത

സംയുക്ത സൈനികാഭ്യാസം:   ട്രംപുമായി കൂടിക്കാഴ്ചയില്‍ നിന്നും ഉത്തരകൊറിയ പിന്മാറാന്‍ സാധ്യത

 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 12 ന് സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ നിന്നാണ്അഉത്തരകൊറിയ പിന്മാറുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്ക ദക്ഷിണകൊറിയയില്‍ നടത്തുന്ന സൈനികാഭ്യാസമാണ് കൂടിക്കാഴ്ചയില്‍ നിന്നും പിന്മാറാനുള്ള കാരണമെന്നാണ് സൂചന.

ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് അമേരിക്ക സംയുക്ത സൈനികാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണകൊറിയയുമായുള്ള ചര്‍ച്ചയില്‍ നിന്നും ഉത്തരകൊറിയ പിന്മാറുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അമേരിക്കയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ നിന്നും പിന്മാറിയേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ആരംഭിച്ച വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും ഒന്നിച്ചുള്ള സൈനികാഭ്യാസം തങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണെന്നാണ് ഉത്തര കൊറിയ കരുതുന്നത്. ഇതാദ്യമായാണ് ഉത്തരകൊറിയന്‍ ഭരണാധികാരി ഒരു അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നത്.

അതേസമയം, കൂടിക്കാഴ്ച റദ്ദാക്കി എന്ന അറിയിപ്പ് ഉത്തരകൊറിയയില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

 

Comments

comments