നിതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗം അടുത്തമാസം ചേരും

നിതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗം അടുത്തമാസം ചേരും

മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുക്കും

ന്യൂഡെല്‍ഹി: നിതി ആയോഗ് ഭരണ നിര്‍വഹണ സമിതിയുടെ നാലാമത് യോഗം അടുത്ത മാസം ചേരും. ‘2022ലെ പുതിയ ഇന്ത്യ’ക്കു വേണ്ടിയുള്ള വികസന അജണ്ടകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുന്നതിനുള്ള നടപടികളെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്യുക.

നിതി ആയോഗ് ചെയര്‍മാനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും യോഗത്തില്‍ അധ്യക്ഷത വഹിക്കുക. പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിക്കുന്ന ഏറ്റവും വലിയ അവസാന യോഗമായിരിക്കുമിത്.

‘പുതിയ ഇന്ത്യ 2022’ ലക്ഷ്യത്തിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മ പദ്ധതി, ഏഴ് വര്‍ഷത്തെ ഇടക്കാല സ്ട്രാറ്റജി പേപ്പര്‍, 15 വര്‍ഷത്തേക്കുള്‌ല വിഷന്‍ ഡോക്യുമെന്റ് എന്നിങ്ങനെ മൂന്ന് രൂപരേഖകള്‍ തയാറാക്കാനായിരുന്നു നിതി ആയോഗ് നേരത്തേ തീരുമാനിച്ചിരുന്നത്. ദാരിദ്ര്യം, ശുചിത്വമില്ലായ്മ, അഴിമതി, തീവ്രവാദം, ജാതീയത, വര്‍ഗീയത തുടങ്ങിയ ആറ് പ്രശ്‌നങ്ങളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിന് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അടിത്തറയൊരുക്കുമെന്നും കഴിഞ്ഞ വര്‍ഷം നിതി ആയോഗ് പറഞ്ഞിരുന്നു.

ഇന്ത്യയുടെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ യാതൊരു എതിര്‍പ്പുകളുമില്ലാതെ സംസ്ഥാനങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വേഗത്തിലുള്ള വളര്‍ച്ച സാധ്യമാക്കുന്നതിനുള്ള പദ്ധതി രേഖ സംബന്ധിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍ യോഗത്തില്‍ വിശദമായ അവതരണം നടത്തും. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ഫഌഗ്ഷിപ്പ് പദ്ധതികളെ കുറിച്ചും അവ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) എട്ട് ശതമാനം വളര്‍ച്ച നേടുന്നതിനും സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനും ഇന്ത്യക്ക് ശക്തമായ ഘടനപരമായ പരിഷ്‌കരണം ആവശ്യമാണെന്ന് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോക ബാങ്ക് നിര്‍ദേശിച്ചിരുന്നു. ജിഡിപി വളര്‍ച്ച 7.5 ശതമാനത്തിന് മുകളിലേക്കെത്തിക്കുന്നതിന് എല്ലാ ആഭ്യന്തര മേഖലകളില്‍ നിന്നും ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നിന്നും പിന്തുണ ആവശ്യമാണെന്നും ലോക ബാങ്ക് പറഞ്ഞിരുന്നു.

Comments

comments

Categories: More