ഡ്രോണ്‍ നയം ഉടന്‍ പുറത്തിറക്കുമെന്ന് ജയന്ത് സിന്‍ഹ

ഡ്രോണ്‍ നയം ഉടന്‍ പുറത്തിറക്കുമെന്ന് ജയന്ത് സിന്‍ഹ

250 ഗ്രാമില്‍ കുറവ് ഭാരമുള്ള നാനോ ഡ്രോണുകള്‍ക്ക് ചട്ടങ്ങളില്‍ ഇളവു ലഭിക്കും

മുംബൈ: ഡ്രോണ്‍ നയം രൂപീകരിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് വ്യോമയാന മന്ത്രലായമെന്നും ഉടന്‍ തന്നെ ഇത് പുറത്തിറക്കുമെന്നും കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. ആളില്ലാ ചെറു വിമാനങ്ങള്‍ക്കായുള്ള കരട് ചട്ടങ്ങള്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം പുറത്തിറക്കി പൊതുജനാഭിപ്രായം തേടിയിരുന്നു. ഡ്രോണുകളുടെ സുരക്ഷാ, ഗുണ നിലവാരം എന്നിവയെല്ലാമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ വിശദമായ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതില്‍ ചില പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കേണ്ടതുണ്ട്. കൂടിയാലോചനകള്‍ അന്തിമഘട്ടത്തിലാണെന്നും വ്യോമയാന സഹമന്ത്രി പറഞ്ഞു. കേന്ദ്ര വാണിജ്യ മന്ത്രാലയവും വ്യാവസായിക സംഘടനയായ സിഐഐയും ചേര്‍ന്ന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ എയര്‍ക്രാഫ്റ്റ് ചട്ടങ്ങളില്‍ ഡ്രോണുകളുടെ ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡ്രോണുകളും ആളില്ലാ വിമാനങ്ങളും ആളുകള്‍ ഉപയോഗിക്കുന്നതിന് 2014 ഒക്‌റ്റോബറില്‍ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള ഡ്രോണ്‍ ഉപയോഗത്തിന് പ്രത്യേക നമ്പറുകള്‍ നല്‍കുമെന്ന് ഡിജിസിഎ പുറത്തിറക്കിയ കരട് നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 250 ഗ്രാമില്‍ കുറവ് ഭാരമുള്ള നാനോ ഡ്രോണുകള്‍ക്കു ഇക്കാര്യത്തില്‍ ഇളവ് നല്‍കുമെന്നും കരട് നയത്തില്‍ പറയുന്നു.

അഞ്ച് വിഭാഗമായി ഡ്രോണുകളെ തരം തിരിച്ചിട്ടുണ്ട്. 250 ഗ്രാം വരെ ഭാരമുള്ളവ നാനോ, 250 ഗ്രാമില്‍ കൂടുതലും രണ്ട് കിലോഗ്രാം വരെയും ഭാരമുള്ളവ മൈക്രോ, 25 കിലോഗ്രാം വരെ ഭാരമുള്ളവ മിനി, 150 കിലോഗ്രാം വരെയുള്ളവ സ്‌മോള്‍, 150 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ളവ ലാര്‍ജ് എന്നിങ്ങനെയാണു വിഭജിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിനും റെഗുലേറ്ററി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ നൈപുണ്യ വികസനത്തിനുമെല്ലാം സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. എയ്‌റോസ്‌പേസ് നിര്‍മാണത്തില്‍ വലിയ അവസരങ്ങളാണ് നിലനില്‍ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories