പണപ്പെരുപ്പം ശരാശരി 5.1 ശതമാനത്തിലെത്തും: എച്ച്എസ്ബിസി

പണപ്പെരുപ്പം ശരാശരി 5.1 ശതമാനത്തിലെത്തും: എച്ച്എസ്ബിസി

കൂടുതല്‍ കറന്‍സി വിനിമയത്തിലെത്തുന്നതും വെല്ലുവിളി സൃഷ്ടിക്കും

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സംരംഭമായ എച്ച്എസ്ബിസിയുടെ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം ശരാശരി 5.1 ശതമാനത്തിലേക്ക് ഉയരുമെന്നാണ് എച്ച്എസ്ബിസിയുടെ നിഗമനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.6 ശതമാനമായിരുന്നു ഇന്ത്യയുടെ പണപ്പെരുപ്പം.

എണ്ണ വില വര്‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും ഉയര്‍ന്ന എംഎസ്പി (കുറഞ്ഞ താങ്ങു വില)യും കൂടുതല്‍ കറന്‍സി വിനിമയത്തിലെത്തുന്നതുമാണ് രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുന്നതിന്റെ കാരണങ്ങളായി എച്ച്എസ്ബിസി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് എച്ച്എസ്ബിസി ചൂണ്ടിക്കാട്ടി.

പണപ്പെരുപ്പം നാല് ശതമാനത്തിനുള്ളില്‍ പിടിച്ചുനിര്‍ത്താണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ലക്ഷ്യമിടുന്നത്. പണപ്പെരുപ്പ സമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏറ്റെടുത്ത് നടുപ്പാക്കുകയാണെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടുകൂടി ആര്‍ബിഐ ലക്ഷ്യമിടുന്നതിനേക്കാള്‍ കുറഞ്ഞ തലത്തിലേക്ക് പണപ്പെരുപ്പം ചുരുക്കാന്‍ സാധിക്കുമെന്നാണ് എച്ച്എസ്ബിസിയുടെ നിഗമനം. തുടര്‍ച്ചയായി മൂന്ന് മാസത്തെ ഇടിവിന് ശേഷം ഏപ്രിലിലില്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്ന് 4.58 ശതമാനത്തിലെത്തിയിട്ടുണ്ട്. മൊത്തവില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും ഏപ്രിലില്‍ 3.18 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

പണപ്പെരുപ്പം ഉയരുന്നത് അടുത്ത മാസം നടക്കുന്ന ധനനയ അവലോകന യോഗത്തില്‍ കടുത്ത നിലപാടെടുക്കുന്നതിന് കേന്ദ്ര ബാങ്കിനുമേല്‍ സമ്മര്‍ദം ചെലുത്തിയേക്കും. അടിസ്ഥാന പലിശ നിരക്ക് 50 ബേസിസ് പോയ്ന്റ് വരെ ഉയര്‍ത്തുന്നതിന് കേന്ദ്ര ബാങ്കിന് മതിയായ കാരണങ്ങളുണ്ടെന്ന് എച്ച്എസ്ബിസി പറഞ്ഞു. ഓഗസ്റ്റിലും ഒക്‌റ്റോബറിലും നടക്കുന്ന ധനനയ അവലോകന യോഗങ്ങളില്‍ യഥാക്രമം 25 ബേസിസ് പോയ്ന്റ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് എച്ച്എസ്ബിസി പ്രതീക്ഷിക്കുന്നത്.

2019ല്‍ പിന്നീടുണ്ടാകുന്ന നിരക്ക് വര്‍ധന പൊതുതെരഞ്ഞടുപ്പ് ഫലത്തെയും ഇന്ത്യയുടെ ബാങ്കിംഗ് മേഖലയുടെ സാമ്പത്തികാരോഗ്യത്തെയും ആഗോള സാമ്പത്തിക വളര്‍ച്ച, എണ്ണ വില, ഡോളറിന്റെ മൂല്യം തുടങ്ങിയ ഘടകങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും എച്ച്എസ്ബിസി റിപ്പോര്‍ട്ട് വ്യക്തമാക്കി. നടപ്പു വര്‍ഷം നടന്ന ആദ്യ ദ്വൈമാസ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ തന്നെ കേന്ദ്രബാങ്ക് നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ തുടര്‍ച്ചയായി നാലാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് അതേപടി നിലനിര്‍ത്തുന്നത്.

Comments

comments

Categories: Top Stories