അതിവേഗതിരിച്ചുവരവ് നടത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

അതിവേഗതിരിച്ചുവരവ് നടത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

ജനുവരി-മാര്‍ച്ച് പാദത്തില്‍ 7.7 ശതമാനമെന്ന റെക്കോഡ് വളര്‍ച്ചായണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അതിവേഗത്തിലുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവാണ് പുതിയ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്. അതേസമയം വ്യാവസായിക ഉല്‍പ്പാദനത്തിലെ ഇടിവ് കാര്യമായെടുക്കേണ്ടതില്ല

ജപ്പാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഭീമനായ നോമുറ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് നല്‍കിയത് സന്തോഷിക്കാനുള്ള വലിയ വാര്‍ത്തയാണ്. 7.7 ശതമാനത്തിലേക്ക് ജനുവരി-മാര്‍ച്ച് പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയെത്തുമെന്നാണ് നോമുറയുടെ വിലയിരുത്തല്‍. ഇത് ശരിയായാല്‍ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും മികച്ച വളര്‍ച്ചാനിരക്കിലേക്ക് രാജ്യമെത്തും.

ജനുവരി-മാര്‍ച്ച് പാദത്തിലെ വ്യാവസായിക ഉല്‍പ്പാദനം 6.2 ശതമാനമായാണ് നോമുറ രേഖപ്പെടുത്തുന്നത്. ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തിലെ 5.9 ശതമാനത്തില്‍ നിന്നും നേരിയ വര്‍ധന വ്യാവസായിക ഉല്‍പ്പാദനത്തിലുണ്ടാകുമെന്ന് നോമുറയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാര്‍ച്ചിലെ കണക്കിലെടുക്കേണ്ടെന്ന സൂചന നല്‍കുന്നതാണ് നോമുറയുടെ റിപ്പോര്‍ട്ട്. ജിഡിപിയില്‍ വന്‍കുതിപ്പുണ്ടാകുമെന്നാണ് നോമുറയുടെ കണക്കുകള്‍ നല്‍കുന്ന സൂചന. ജനുവരി-മാര്‍ച്ച് പാദത്തില്‍ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതായുള്ള വാദങ്ങള്‍ക്ക് തന്നെയാണ് പ്രസക്തി. നോമുറയുടെ 7.7 ശതമാനമെന്ന വളര്‍ച്ചാ നിരക്കിലെ വിലയിരുത്തലിന് പിന്നിലും വ്യാവസായിക മേഖലയില്‍ സംഭവിക്കുന്ന പോസിറ്റീവ് മാറ്റങ്ങള്‍ തന്നെയാണ്.

അതേസമയം മാര്‍ച്ചിലെ വ്യാവസായിക ഉല്‍പ്പാദന സൂചികയിലെ വളര്‍ച്ച 4.4 ശതമാനമാണെന്നത് അത്ര നല്ല കണക്കല്ല താനും. സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവെന്ന വാദങ്ങള്‍ക്ക് നടുവില്‍ 4.4 ശതമാനമെന്ന കണക്കെത്തിയത് പലരിലും ആശങ്ക ജനിപ്പിക്കുകയും ചെയ്തു.

സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് മാര്‍ച്ചില്‍ ഉല്‍പ്പാദനരംഗം രേഖപ്പെടുത്തിയത് 4.4 ശതമാനം വളര്‍ച്ചയാണ്, മൈനിംഗ് ആന്‍ഡ് ഇലക്ട്രിസിറ്റി മേഖല 2.8 ശതമാനവും 5.9 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. 2017-18 സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുത്താല്‍ 4.3 ശതമാനമാണ് വ്യാവസായിക ഉല്‍പ്പാദന സൂചിക. മുന്‍ വര്‍ഷം ഇത് 4.6 ശതമാനമായിരുന്നു. മൂലധന ചരക്കുകളുടെ മോശം പ്രകടനം വിനയായി. നീരവ് മോദി വിവാദങ്ങളെ തുടര്‍ന്ന് ജൂവല്‍റി രംഗവും കിതപ്പ് രേഖപ്പെടുത്തിയത് വ്യാവസായിക രംഗത്തെ ബാധിച്ചു. എന്നാല്‍ മാര്‍ച്ച് മാസത്തിലെ മാത്രം കണക്കുകള്‍ മുഴുവനായും മുഖവിലയ്‌ക്കെടുക്കേണ്ടതില്ല.

വരുന്ന പാദങ്ങളില്‍ നിക്ഷേപത്തിലും ഉപഭോഗത്തിലും വ്യക്തമായ വര്‍ധനവുണ്ടാകാനാണ് സാധ്യത. എണ്ണ വിലയിലെ വര്‍ധന വെല്ലുവിളി സൃഷ്ടിക്കുമെങ്കിലും ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായുളള പ്രശ്‌നങ്ങള്‍ അവസാനിച്ച സ്ഥിതിക്ക് വളര്‍ച്ചയില്‍ നോമുറ പ്രതീക്ഷിക്കുന്നത് പോലെ കുതിപ്പ് തന്നെയുണ്ടാകുമെന്നാണ് കരുതേണ്ടത്. ഐഎംഎഫ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളും അടുത്തിടെ ഇന്ത്യന്‍ ജിഡിപി വളര്‍ച്ചയുടെ ശുഭപ്രതീക്ഷകളാണ് പങ്കുവെച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനത്തിലെത്തുമെന്നായിരുന്നു ഐഎംഎഫ് വ്യക്തമാക്കിയത്. അതേസമയം ലോകബാങ്ക് മുന്നോട്ട് വെച്ച പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.3 ശതമാനമാണ്. എന്തായാലും ഏഴ് ശതമാനത്തിലധികം വളര്‍ച്ചാനിരക്കിലേക്ക് സുഗമമായി എത്താന്‍ രാജ്യത്തിന് സാധ്യമാകുമെന്നാണ് വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Comments

comments

Categories: Editorial, Slider