കയറ്റുമതി 5.2 % ഉയര്‍ന്നു, സ്വര്‍ണ ഇറക്കുമതി 33% ഇടിഞ്ഞു

കയറ്റുമതി 5.2 % ഉയര്‍ന്നു, സ്വര്‍ണ ഇറക്കുമതി 33% ഇടിഞ്ഞു

വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്ന മേഖലകളുടെയെല്ലാം പ്രകടനം മികച്ചതായിരുന്നില്ല

ന്യൂഡെല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ മാസമായ ഏപ്രിലില്‍ രാജ്യത്തെ കയറ്റുമതിയില്‍ മിതമായ വേഗത കൈവരിച്ചുവെങ്കിലും സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞത് മുന്‍ മാസത്തേതിന് സമാനമായ രീതിയില്‍ വ്യാപാരക്കമ്മി നിലനിര്‍ത്താന്‍ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട്.

ഏപ്രിലില്‍ രാജ്യത്തെ കയറ്റുമതി 5.2 ശതമാനം ഉയര്‍ന്ന് 25.91 ബില്യണ്‍ ഡോളറായെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏപ്രില്‍ മാസത്തെ ഇറക്കുമതികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 4.6 ശതമാനം വളര്‍ന്ന് 39.63 ബില്യണ്‍ ഡോളറായി. 13.72 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മിയാണ് ഏപ്രിലില്‍ ഉണ്ടായത്. ഇത് ഏകദേശം മാര്‍ച്ചിലേതിന് സമാനമായ രീതിയിലാണ്.

ഇന്ത്യയുടെ കയറ്റുമതിയിലെ വര്‍ധന മിതമായതാണെങ്കിലും ചൈനീസ് കയറ്റുമതിയിലെ വീണ്ടെടുപ്പ് കൂടി കണക്കിലെടുക്കുമ്പോള്‍ ആഗോള കയറ്റുമതിക്ക് ശുഭ സൂചനയാണെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്റ്റര്‍ ജനറല്‍ അജയ് സഹായ് പറയുന്നത്. ചൈനയുടെ കയറ്റുമതി ഏപ്രിലില്‍ 12.9 ശതമാനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ആഗോള ആവശ്യകത ആരോഗ്യകരമായിരുന്നെങ്കിലും ഇന്ത്യയുടെ തുകല്‍, രത്‌നങ്ങള്‍, ജുവല്ലറികള്‍, ടെക്‌സ്റ്റൈല്‍സ്, കാര്‍പെറ്റുകള്‍ എന്നിവയിലെ കയറ്റുമതി ഇടിഞ്ഞത് മേഖലയിലെ തൊഴില്‍ രംഗത്ത് ആശങ്ക ഉയര്‍ത്തി. വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്ന മേഖലകളുടെയെല്ലാം പ്രകടനം മികച്ചതായിരുന്നില്ല. ബാങ്കുകള്‍ കൂടുതല്‍ കര്‍ക്കശ സമീപനം സ്വീകരിക്കുകയും വായ്പ ലഭ്യത കുറയുകയും ചെയ്തത് ബിസിനസിനെ ബാധിച്ചുവെന്ന് സഹായ് ചൂണ്ടിക്കാട്ടുന്നു. 30 മേഖലകളില്‍ 16 എണ്ണത്തിലെയും കയറ്റുമതി വളര്‍ച്ച പ്രകടമാക്കിയിട്ടുള്ള്. എന്‍ജിനിയറിംഗ് ചരക്കുകള്‍ -17.63 ശതമാനം, ജൈവികവും അല്ലാത്തതുമായ കെമിക്കലുകള്‍ -38.48 ശതമാനം, ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് -13.56 ശതമാനം, പരുത്തി നൂല്‍/ കൈത്തറി ഉല്‍പ്പന്നങ്ങള്‍- 15.66 ശതമാനം, പ്ലാസ്റ്റിക്കുകള്‍ -30.03 ശതമാനം എന്നിങ്ങനെയാണ് കയറ്റുമതിയില്‍ അനുഭവപ്പെട്ട വാര്‍ഷിക വളര്‍ച്ച.

സ്വര്‍ണ ഇറക്കുമതിയുടെ മൂല്യം ഏപ്രിലില്‍ 33 ശതമാനം താഴ്ന്ന് 2.6 ബില്യണ്‍ ഡോളറായി. എണ്ണ ഇറക്കുമതി 10.41 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളുമായി താരതമ്യം ചെയ്യുമ്പോള്‍ 41.5 ശതമാനം ഉയര്‍ച്ചയാണ് എണ്ണ ഇറക്കുമതിയിലുണ്ടായത്. എന്നാല്‍ എണ്ണ ഇതര ഇറക്കുമതികള്‍ 4.3 ശതമാനം ഇടിഞ്ഞ് 29.21 ബില്യണ്‍ ഡോളറായി. ‘ ഏപ്രില്‍ മാസത്തില്‍ 57 ടണ്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയാണ് ഇന്ത്യ നടത്തിയത്. മേയില്‍ ഇത് 40 ടണ്‍ കടക്കാന്‍ സാധ്യതയില്ല’, റിദ്ധിസിദ്ധി ബുള്ളിയണ്‍ ഡയറക്റ്റര്‍ മുകേഷ് കോത്താരി പറഞ്ഞു.

ഉപഭോക്തൃ രീതിയിലുണ്ടായ മാറ്റവും അടുത്തിടെ രാജ്യത്തെ സ്വര്‍ണവിലയിലുണ്ടായ ഉയര്‍ച്ചയുമാണ് സ്വര്‍ണ ആവശ്യകത ഇടിയാന്‍ കാരണമായത്. സ്വര്‍ണത്തിന്റെ ആഭ്യന്തര ഉപഭോഗം 2018ന്റെ ആദ്യപാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം താഴ്ന്ന് 115.6 ടണ്ണായി. അതേസമയം തന്നെ ആഭരണ ഡിമാന്റ് 12 ശതമാനം താഴ്ന്ന് 87.7 ടണ്ണുമായെന്ന് വോള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Business & Economy