ഇന്ധന വിലക്കയറ്റത്തിനിടയിലും രാജ്യത്തെ ഇന്ധന ആവശ്യം വര്‍ധിക്കുന്നു

ഇന്ധന വിലക്കയറ്റത്തിനിടയിലും രാജ്യത്തെ ഇന്ധന ആവശ്യം വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇന്ധന ആവശ്യം തുടര്‍ച്ചയായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാഹന ഇന്ധനങ്ങള്‍ക്കും പാചകവാതകത്തിനും ആവശ്യക്കാരേറിയതോടെ രാജ്യത്തെ ഇന്ധന ആവശ്യത്തില്‍ കഴിഞ്ഞ ഒരു മാസം 4.4% വര്‍ധന രേഖപ്പെടുത്തി. 2017 ഏപ്രിലില്‍ രാജ്യം 1.691 കോടി ടണ്‍ ഇന്ധനം ഉപയോഗിച്ചപ്പോള്‍ ഈ വര്‍ഷം ഏപ്രിലില്‍ 1.767 കോടി ടണ്‍ ആയി ഉയര്‍ന്നു. കേന്ദ്ര എണ്ണ മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ചാണിത്.

ഏപ്രിലിലെ പെട്രോള്‍ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.80 ലക്ഷം ടണ്ണായി മാറി. പെട്രോളിയം ഉല്‍പന്ന ഉപയോഗത്തില്‍ 40 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഡീസലിന്റെ ഉപയോഗമാവട്ടെ 2.6% വര്‍ധിച്ച് 71.50 ലക്ഷം ടണ്ണിലെത്തി. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന എടിഎഫിന്റെ ഉപയോഗത്തില്‍ ഏപ്രിലില്‍ 13.4% വര്‍ധനയാണു രേഖപ്പെടുത്തിയത്. പാചക ആവശ്യങ്ങള്‍ക്കായി ദരിദ്ര കുടുംബങ്ങള്‍ക്കും ശുദ്ധമായ ഇന്ധനം ലഭ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ ഫലമായി രാജ്യത്തെ എല്‍പിജി ഉപയോഗം കുത്തനെ ഉയര്‍ന്നു. സൗജന്യ കണക്ഷനുകളും മറ്റും പെരുകിയതോടെ ഏപ്രിലില്‍ മുന്‍ വര്‍ഷം ഇതേമാസത്തെ അപേക്ഷിച്ച് 13% വര്‍ധനയോടെ 18.70 ലക്ഷം ടണ്‍ എല്‍ പി ജിയാണ് ഉപയോഗിച്ചത്. എന്നാല്‍ ഏപ്രില്‍ മാസത്തെ മണ്ണെണ്ണ വില്‍പ്പനയില്‍ 7.2% ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. 3.07 ലക്ഷം ടണ്‍ മണ്ണെണ്ണയാണ് ഏപ്രിലില്‍ ഇന്ത്യ ഉപയോഗിച്ചത്.

Comments

comments

Categories: More